മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. ബാലാവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു പൂട്ടണമെന്നുമായിരുന്നു ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ. മദ്രസകളില്‍ ഭരണഘടന ലംഘനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചിരുന്നു. മദ്രസകള്‍ക്ക് സഹായം നല്കുന്നില്ലെന്ന് കേരളം കള്ളം പറഞ്ഞെന്നും ബാലാവകാശ കമ്മീഷന്‍ ആരോപിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.