ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പയില്‍ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമുള്ളത്.
ആധാര്‍ കാര്‍ഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാല്‍ ഫോട്ടോ ഉള്‍പ്പടെ എടുത്ത് വെര്‍ച്ച്വല്‍ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്മേട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും.
നിലവില്‍ ദിനം പ്രതി 70,000 പേര്‍ക്കാണ് വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നല്‍കുന്നത്. കൂടാതെ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവില്‍ ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തര്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കില്‍ ഫോണില്‍ അതിന്റെ പിഡിഎഫ് എന്നിവ കരുതണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.