Hivision Channel

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സര്‍ക്കാര്‍ ജോലി

മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു. സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനുനേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ചശേഷം പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചു.

നരഭോജിയെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കടുവയെ ഇന്ന് തന്നെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവാണ് ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. മനുഷ്യനെ കൊന്നുതിന്നുന്ന കടുവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാധയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. അതിനാലാണ് വെടിവെച്ചുകൊല്ലാന്‍ ഉത്തരവിറക്കിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. നരഭോജി കടുവയാണ് ആക്രമിച്ചത്.നാളെ മുതല്‍ ആളുകള്‍ക്ക് ജോലിക്ക് പോകേണ്ടതാണ്.അതിനാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്.

അതിനായി ആര്‍ആര്‍ടി ടീമിനെ നിയോഗിക്കും.ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം നല്‍കുന്നത്. അതിനായി കാവല്‍ ഏര്‍പ്പെടുത്തും. ഇതിന് പുറമെ കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് കൂടുകളും ഇന്ന് തന്നെ സ്ഥാപിക്കും. വനാതിര്‍ത്തിയില്‍ പ്രതിരോധം ഒരുക്കുന്നതിനായി ഫെന്‍സിങ് നിര്‍മാണം വൈകുന്നത് വേഗത്തിലാക്കും. ടെണ്ടര്‍ നടപടി വൈകുന്നതിനാലാണ് കാലതാമസം. ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. രാധയുടെ മകന് ജോലി നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യതില്‍ താന്‍ തന്നെ മുന്‍കൈയെടുത്ത് സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം വാങ്ങിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാധയുടെ ഭര്‍ത്താവ് വനം വാച്ചറാണ്. കുടുംബത്തിന് ധനസഹായമായി നിലവിലുള്ള മാനദണ്ഡപ്രകാരം 10 ലക്ഷവും അതിന് പുറമെ ഒരു ലക്ഷവും ചേര്‍ത്ത് 11 ലക്ഷം നഷ്ടപരിഹാരം നല്‍കും. ഇതില്‍ അഞ്ചു ലക്ഷം ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.കാപ്പിത്തോട്ടത്തില്‍ വെച്ച് കടുവ രാധയെ ആക്രമിച്ചശേഷം ആറു മീറ്റാണ് വലിച്ചിഴച്ച് കൊണ്ടുപോയത്.
എസ് ഡി പി ഐ നാളെ മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ജനകീയ ഹര്‍ത്താല്‍ നടത്തും.

Leave a Comment

Your email address will not be published. Required fields are marked *