Hivision Channel

റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

റേഷന്‍ വ്യാപാരികള്‍ തുടങ്ങിയ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്‌കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തില്‍ മന്ത്രി ഉറപ്പ് നല്‍കി. തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷന്‍ വ്യാപാരികള്‍. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയര്‍ത്തണമെന്നായിരുന്നു ഇവര്‍ പ്രധാനമായി ഉന്നയിച്ച ആവശ്യം. നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷന്‍ വ്യാപാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനം ആകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷന്‍ വ്യാപാരികള്‍ നീങ്ങിയത്. തുടര്‍ന്ന് ഇന്ന് വീണ്ടും മന്ത്രി റേഷന്‍ വ്യാപാരികളെ ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ചേംബറിലും ഓണ്‍ലൈനായുമാണ് ചര്‍ച്ചകള്‍ നടന്നത്. ഈ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. നേരത്തെ വാതില്‍പ്പടി വിതരണക്കാര്‍ നടത്തിവന്ന സമരം സര്‍ക്കാരും ഭക്ഷ്യ വകുപ്പും ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക് കടന്നത്. ഈ സമരവും ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *