
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കുഷ്ഠരോഗ നിര്‍ണയത്തിനുള്ള അശ്വമേധം 6.0 ഭവന സന്ദര്‍ശന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഡിപിസി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന് നല്‍കി പ്രസിഡന്റ് പ്രകാശനം ചെയ്തു. അഡ്വ ബിനോയ് കുര്യന്‍ കുഷ്ഠരോഗ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിന്‍.
ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ വീടുകളിലെത്തും. കുഷ്ഠ രോഗ ബോധവത്കരണം, പ്രാഥമിക പരിശോധന, രോഗ ബാധിതര്‍ക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവയാണ് ക്യാമ്പയിന്‍ ലക്ഷ്യം. 14 ദിവസത്തിനുള്ളില്‍ 29,03787 പേരുടെ പരിശോധന പൂര്‍ത്തിയാക്കും. 6,83,909 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഫ്ളാഷ് കാര്‍ഡുകളുടെ സഹായത്തോടെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തും. രണ്ടു വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരിലും ത്വക് പരിശോധന നടത്തും. ജില്ലയിലെ മുഴുവന്‍ വീടുകളും അതിഥി തൊഴിലാളികളുടെ സ്ഥലങ്ങളും സന്ദര്‍ശിക്കും.
തൊലിപ്പുറത്തു കാണുന്ന സ്പര്‍ശന ശേഷി കുറഞ്ഞതോ ഇല്ലാത്തതോ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവ ഉള്ളവര്‍ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുഷ്ഠ രോഗ ചികിത്സ സൗജന്യമാണ്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായും ഭേദമാക്കാനും വൈകല്യങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിക്കും. കുട്ടികളില്‍ രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങളില്‍ ഇനിയും കണ്ടെത്താത്ത കുഷ്ഠരോഗം ഉണ്ട് എന്നതിന് തെളിവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്യാമ്പയിന്‍ കാലയളവില്‍ ഇത്തരത്തിലുള്ള എല്ലാ രോഗസാധ്യതകളും കണ്ടെത്തി ചികിത്സ ഉറപ്പാകുന്നതിനു വേണ്ട നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചു വരുന്നത്.
അശ്വമേധം സെല്‍ഫി പോയിന്റില്‍ നിന്ന് വിവിധ ജനപ്രതിനിധികള്‍ ഫോട്ടോ എടുത്ത് പ്രചാരണത്തിന്റെ ഭാഗമായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. ഗീത, കെ. താഹിറ, ഇ. വിജയന്‍ മാസ്റ്റര്‍, ലിസി ജോസഫ്, എന്‍.പി ശ്രീധരന്‍, കെ.വി ഗോവിന്ദന്‍, ശ്രീന പ്രമോദ്, മുന്‍ മേയര്‍ ടി.ഒ മോഹനന്‍, വിവിധ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത്, ആരോഗ്യവകുപ്പ് ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ വി എ ഷബീര്‍, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ എസ് എസ് ആര്‍ദ്ര, ടി സുധീഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ അബ്ദുല്‍ ജമാല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ചാര്‍ജ് എം ബി മുരളി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.