Hivision Channel

നീറ്റ് അപേക്ഷ നല്‍കാന്‍ മറന്നു, പകരം വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി; ആള്‍മാറാട്ടത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി.

അപേക്ഷിക്കാന്‍ താന്‍ മറന്നുപോയതിനെ തുടര്‍ന്ന് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഇന്ന് രാവിലെയാണ് പത്തനംതിട്ട് പൊലീസ് തിരുവനന്തപുരത്തെത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാള്‍ടിക്കറ്റ് ഗ്രീഷ്മ നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.

സംഭവത്തില്‍ 20കാരനായ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥി ഒരു മണിക്കൂറോളം പരീക്ഷ എഴുതിയ ശേഷമാണ് ഇതേ നമ്പറില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ മാതാവ് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററിലെത്തുകയും പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ജീവനക്കാരിയെ ചുമതലപ്പെടുത്തുകയും പണം നല്‍കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. പിന്നീട് അക്ഷയ സെന്റര്‍ ജീവനക്കാരി കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഹാള്‍ ടിക്കറ്റ് അയച്ചുകൊടുത്തതെന്നാണ് മൊഴി.

Leave a Comment

Your email address will not be published. Required fields are marked *