Hivision Channel

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പിന്റെ പ്രവര്‍ത്തനം മെയ് 5 ന് അവസാനിക്കും

വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ സ്‌കൈപ്പ് മെയ് 5 ന് സേവനങ്ങള്‍ അവസാനിപ്പിക്കും. വീഡിയോ കോളിംഗ് സേവന രംഗത്ത് ഒരുകാലത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിച്ചിരുന്ന ഈ ആപ്പ് ഇപ്പോള്‍ കാലഹരണപ്പെട്ട നിലയിലാണ് , ഇതാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നതിനെ സംബന്ധിച്ച വിവരം മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ടിരുന്നു. മൈക്രോസോഫ്റ്റിന്റെ പുതിയ ആപ്പ് ആയ ടീംസിന്റെ വരവ് സ്‌കൈപ്പിന് വെല്ലുവിളിയായെന്നും ഇത് ആപ്പിന് പൂട്ട് വീഴാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൈപ്പ് പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് ടീംസിലേക്ക് മാറാന്‍ ഉപയോക്താക്കള്‍ക്ക് നാളെ വരെയാണ് കമ്പനി സമയം അനുവദിച്ചിരിക്കുന്നത്.

സ്‌കൈപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ സേവനം നിലനിര്‍ത്താനായി ഇനി ടീംസ് ആപ്പ് ഉപയോഗിക്കാവുന്നതാണ്. എല്ലാ ചാറ്റുകളും കോണ്‍ടാക്റ്റുകളും നിലനിര്‍ത്താന്‍ പഴയ അക്കൗണ്ട് ഉപയോഗിച്ച് മൈക്രോസോഫ്റ്റ് ടീംസിലേക്ക് സൈന്‍ ഇന്‍ ചെയ്യാമെന്നും കമ്പനി പറയുന്നു.

സ്‌കൈപ്പിന് തുടക്കം മുതല്‍ തന്നെ ഉപയോക്താക്കളില്‍ വളരെയധികം സ്വാധീനം ഉണ്ടാകാന്‍ സാധിച്ചിരുന്നു. കമ്പ്യൂട്ടറില്‍ നിന്ന് കമ്പ്യൂട്ടറിലേക്ക് സൗജന്യമായി വിളിക്കാന്‍ സാധിച്ചിരുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു സ്‌കൈപ്പ് .2003-ല്‍ സ്വീഡനില്‍ നിന്നുള്ള നിക്ലാസ് സെന്‍സ്‌ട്രോം, ഡെന്മാര്‍ക്കുകാരനായ ജാനസ് ഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സ്‌കൈപ്പ് കൊണ്ടുവരുന്നത്. പിന്നീട് 2011 ല്‍ അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഇത് ഏറ്റെടുക്കുകയായിരുന്നു.

മൈക്രോസോഫ്റ്റ് ടീംസിന് കൂടുതല്‍ പ്രചരണം ലഭിക്കുന്നതിനായാണ് സ്‌കൈപ്പിന്റെ സേവനം അവസാനിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്‌

Leave a Comment

Your email address will not be published. Required fields are marked *