Hivision Channel

സര്‍ക്കാര്‍ ഫണ്ട് വിനിയോഗം അറിയാന്‍ പൗരന്മാര്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍

സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗം എങ്ങനെയെന്ന് അറിയാനുള്ള പൂര്‍ണ അവകാശം പൗരന്മാര്‍ക്കുണ്ടെന്നും അവകാശം വിനിയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വി. ഹരിനായര്‍. ദേശീയ വിവരാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ വയനാട് പൂതാടി അങ്ങാടിശ്ശേരി ഉന്നതിയിലെ എം.പി.സി.യില്‍ നടന്ന വിവരാവകാശ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളെക്കുറിച്ചും അവ ഫലപ്രദമായി വിനിയോഗിക്കേണ്ട രീതികളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 30 ദിവസത്തിനകം മറുപടി നല്‍കണം. മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിയമ പ്രകാരം പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിഎസ്ബി ഫണ്ടുകള്‍ ശരിയായ രീതിയിലാണോ വിനിയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിവരാവകാശ കമ്മിഷണര്‍ ഡോ. എം. ശ്രീകുമാര്‍ പറഞ്ഞു. വിവരാവകാശ അപേക്ഷകള്‍ നിയമം അനുശാസിക്കുന്ന രീതിയില്‍ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കമ്മിഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് വിശദീകരിച്ചു. അപേക്ഷകള്‍ക്ക് നിശ്ചിത സമയത്തിനകം മറുപടി നല്‍കാതിരുന്നാല്‍ നിയമപ്രകാരം പ്രതിദിനം 250 രൂപ നിരക്കില്‍ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടെന്ന് കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്‍ പറഞ്ഞു. പ്രമോട്ടര്‍മാരുടെ നിയമനം, തൊഴില്‍, തൊഴിലുറപ്പ് വേതനം, വീടുകളുടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ പിന്മാറുന്നത് ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഉന്നതികളിലെ നിവാസികള്‍ സംശയങ്ങള്‍ ഉന്നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *