Hivision Channel

‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026 ‘ ലോഗോ പ്രകാശനം ചെയ്തു.കേരളത്തെ ഒന്നാമതാക്കാനുള്ള സ്വപ്നയാത്രയുടെ തുടക്കമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികം കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടന്ന ‘ഫെസ്റ്റിവല്‍ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത എണ്ണമറ്റ നല്ല മനുഷ്യരെ അനുസ്മരിച്ച മുഖ്യമന്ത്രി, ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് നമ്മള്‍ വളരേണ്ടതുണ്ടെന്ന് ഓര്‍മിപ്പിച്ചു. ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയാണ് മുന്നോട്ട് പോകുന്നതെന്നും വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ അത് യാഥാര്‍ഥ്യമാക്കാനാകൂ എന്നും കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകള്‍ അടയാളപ്പെടുത്തുന്ന വാര്‍ഷിക ആഘോഷങ്ങളുടെ ആദ്യഘട്ടമായി ചെന്നൈ, ബെംഗളൂരു, മുംബൈ, ന്യൂഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളില്‍ ‘ഫെസ്റ്റിവല്‍ കേരള’ സംഘടിപ്പിക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും സാംസ്‌കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും നവംബര്‍ ഒന്നിന് ആരംഭിക്കുന്ന ഫെസ്റ്റിവല്‍ കേരളയിലൂടെ അവസരമൊരുങ്ങും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസര സൃഷ്ടി, ഭദ്രമായ ധനസ്ഥിതി, ശക്തമായ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുന്‍നിരയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തനതായ കല, സാഹിത്യം, എഴുത്ത്, വായന എന്നിവ സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ തന്നെ, കേരളം ഇതുവരെ മുന്‍പന്തിയില്‍ നിന്ന മേഖലകളില്‍ ആ ആധിപത്യം തുടരുകയും പിന്നിലായ മേഖലകളില്‍ മുന്നിലേക്ക് കൈപിടിച്ചു കൊണ്ടുപോകുകയും ചെയ്യും. കേരളത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള ഈ കൂട്ടായ യത്‌നത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *