Hivision Channel

വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാന്‍ ബസ് സ്റ്റാന്റുകളില്‍ പൊലീസിനെ നിയോഗിക്കും

കണ്ണൂര്‍:ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാനായി ബസ് സ്റ്റാന്റുകളില്‍ രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആദ്യം എത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളില്‍ കയറ്റി വിടുന്ന വിധം ക്രമീകരിക്കും. കുട്ടികളെ ബസ് സ്റ്റാന്റുകളില്‍ വരി നിര്‍ത്തുന്ന രീതിയുണ്ടാവില്ല. ഒരേ ബസില്‍ എല്ലാവരും കയറുന്ന സ്ഥിതി ഒഴിവാക്കും. നിലവിലെ സൗഹാര്‍ദ അന്തരീക്ഷം തുടരണമെന്ന് യോഗം നിര്‍ദേശം നല്‍കി. മിന്നല്‍ പണിമുടക്ക് ഉണ്ടാവില്ല. ബസുടമ-തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്കുകളെ നിയമപരമായി നേരിടും. ബസ് തൊഴിലാളികളുടെ ലൈസന്‍സ്, പെരുമാറ്റം എന്നിവ സംബന്ധിച്ച് ബസുടമകള്‍ പരിശോധന നടത്തണം. യോഗ്യരായവരെ മാത്രമെ ജോലിക്ക് നിയോഗിക്കാവൂ. ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥി ബസ് തൊഴിലാളി സംഘടനാ നേതാക്കള്‍ തമ്മില്‍ ആശയ വിനിമയമുണ്ടാക്കും. ബസ് പാസ് ദുരുപയോഗം അനുവദിക്കില്ല. സ്‌കൂള്‍ അസംബ്ലിയില്‍ ബസ് യാത്ര ബോധവത്കരണം നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. പെര്‍മിറ്റെടുത്തിട്ടും ഓടാതിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളെ പറ്റി ആര്‍ ടി ഒ തലത്തില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. വിവിധ ബസുടമ-ബസ് തൊഴിലാളി-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും എ ഡി എം കെ കെ ദിവാകരന്‍, എ സി പി ടി കെ രത്‌നകുമാര്‍, റൂറല്‍ എ എസ് പി എ ജെ ബാലന്‍, ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *