ഭാരതീയ പ്രകൃതി കൃഷി-സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ ജീവാണു വളം നിര്‍മിച്ച് മാതൃകയാവുകയാണ് ചപ്പാരപ്പടവിലെ ഒരു കൂട്ടം കര്‍ഷകര്‍. കൃഷിഭവന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ കര്‍ഷകര്‍ക്കാവശ്യമായ ജൈവവളം പഞ്ചായത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുകയാണ് ഇവര്‍.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി 1,81,600 രൂപ മാറ്റിവെച്ചിരുന്നു. പെരുമ്പടവ്, എരുവാട്ടി പ്രദേശങ്ങളിലെ രണ്ട് ജൈവകര്‍ഷക കൂട്ടായ്മകളാണ് പ്രകൃതിക്ക് അനുയോജ്യമായ ജൈവവളം ഉല്‍പാദിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിനും 87,500 രൂപയാണ് കൃഷി ഭവന്‍ മുഖേന സഹായം നല്‍കിയത്. ഇതിനു പുറമെ ഹരിത കഷായം, ഫിഷ് അമിനോ ആസിഡ് എന്നിവയും നിര്‍മിക്കുന്നു. ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ വളം നിര്‍മാണത്തിലേക്ക് തിരിയുന്നുണ്ട്. ജനകീയാസൂത്രണ പദ്ധയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
മൂന്ന് മാസം കൊണ്ടാണ് ജീവാണു വളം തയ്യാറാക്കുന്നത്. ആറ് തട്ടുകളുള്ള ഒരു കൂനയില്‍ നാലര ടണ്ണോളം വളമുണ്ടാകും. നാല് തൊഴിലാളികള്‍ ചേര്‍ന്നാണ് വളമൊരുക്കുക. ജീവാണുക്കള്‍, ചകിരിച്ചോറ്, കോഴിക്കാഷ്ഠം, സ്ലെറി, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഫോസ്ഫേറ്റ് എന്നിവ ഉപയോഗിച്ചാണ് ഈ വളം ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം എട്ട് ടണ്‍ വളം പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. എല്ലാതരം വിളകള്‍ക്കും ഉപയോഗിക്കാവുന്നതിനാല്‍ വളത്തിന് ആവശ്യക്കാര്‍ ഏറെയാണ്. പത്ത് സെന്റ് ഭൂമിക്ക് അഞ്ച് കിലോഗ്രാം ജീവാണു വളമാണ് ഉപയോഗിക്കുക. പഞ്ചായത്ത് പരിധിയിലെ മിക്ക കര്‍ഷകരും ഗുണമേന്മയുള്ള ഈ വളം തന്നെയാണ് ഉപയോഗിക്കുന്നത്.