ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ വന്‍ മുന്നേറ്റം നടത്തിയ കേരളത്തിന്റെ പുരപ്പുറ സോളാര്‍ പദ്ധതിക്ക് ഉത്തര്‍പ്രദേശിന്റെ ആദരം. ഉത്തര്‍പ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രി അജിത് സിംഗ് പാലില്‍ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടര്‍ ആര്‍.സുകു ഏറ്റുവാങ്ങി. രാജ്യത്തിനാകെ മാതൃകയാണ് പുരപ്പുറ സോളാര്‍ പദ്ധയിതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം.
കെ.എസ്.ഇ.ബിയുടെ പുരപ്പുറ സോളാര്‍ പദ്ധതി ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നു എന്നതിന് പുറമെ ഉപയോഗിക്കാത്ത സമയം വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കാനും കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തില്‍ ഉയര്‍ന്നുവരുന്ന വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ വന്‍മുന്നേറ്റം വിലയിരുത്തിയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആദരം. ലക്‌നൗവില്‍ നടന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് ഐ.റ്റി ആന്റ് ഇലക്ട്രോണിക്‌സ് മന്ത്രി അജിത് സിംഗ് പാലില്‍ നിന്നും പുരസ്‌കാരം കെ.എസ്.ഇ.ബി ഡയറക്ടറും സൗരയുടെ ഡയറക്ടറുമായ ആര്‍.സുകു ഏറ്റുവാങ്ങി. സൗര വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. നൗഷാദും പങ്കെടുത്തു.