തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേര്‍ത്ത് ജനുവരി ഒന്നിന് തലശ്ശേരി ഹെറിറ്റേജ് റണ്‍ സീസണ്‍ ടു സംഘടിപ്പിക്കുന്നു. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ്കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ http://www.ilovethalassery.com
എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.രാവിലെ ആറിന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് സ്റ്റേഡിയത്തില്‍ തന്നെ അവസാനിക്കും. ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട, ഓവര്‍ബറീസ് ഫോളി, ജവഹര്‍ഘട്ട് , പിയര്‍ റോഡ്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, താഴെയങ്ങാടി തുടങ്ങിയവയെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഹെറിറ്റേജ് റണ്‍. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും ആയിരത്തോളം പേരെയാണ് പരിപാടിയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ പറഞ്ഞു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും.
മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മടം ദ്വീപ്, ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, തലശ്ശേരി ഓവര്‍ബറീസ് ഫോളി, ഓടത്തില്‍ പള്ളി, കടല്‍പ്പാലം, ജവഹര്‍ഘട്ട്, സെന്റ് ആംഗ്ലിക്കന്‍ ചര്‍ച്ച്, ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ജഗന്നാഥ ക്ഷേത്രമുള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ എന്നിവ ചേര്‍ത്ത് തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയര്‍ത്തുകയും പൊതുജനങ്ങളില്‍ ടൂറിസം അവബോധം സൃഷ്ടിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. ഹെറിറ്റേജ് റണ്‍ പൂര്‍ത്തിയാക്കുന്ന മുഴുവന്‍ അത്ലറ്റുകള്‍ക്കും സമ്മാനം നല്‍കും. 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.