ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടാന്‍ ആകുമോ എന്ന് ഹൈക്കോടതി.ഒരു മണിക്കൂര്‍ കൂട്ടുന്നത് പരിഗണിക്കാന്‍ ദേവസ്വം ബോര്‍ഡിന് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ തന്ത്രിയുമായ ആലോചിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവില്‍ 18 മണിക്കൂറാണ് ദര്‍ശന സമയം. മരക്കൂട്ടത്ത് ഇന്നലെ തിക്കിലും തിരക്കിലും പെട്ട് പോലീസുകാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടന്നത്.
അപകടത്തേക്കുറിച്ച് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറോട് കോടതി റിപ്പോര്‍ട്ട് തേടി. നിലവില്‍ ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്നിധാനത്ത് എത്തുന്നുണ്ടെന്നും തിരക്ക് നിയന്ത്രിക്കാന്‍ പരമാവധി ഇടപെടല്‍ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതല്‍ ക്യൂ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഒരു തീര്‍ത്ഥാടകനും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
ഒരു മണിക്കൂറില്‍ പരമാവധി 4800 തീര്‍ത്ഥാടകര്‍ക്ക് പതിനെട്ടാം പടി കയറാന്‍ കഴിയുമെന്ന് ബോര്‍ഡ് വ്യക്തമാക്കി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി എടുക്കാന്‍ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. നിലയ്ക്കല്‍ മുതല്‍ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം. നിലയ്ക്കലിലെ പാര്‍ക്കിങ് പരിധി കഴിഞ്ഞാല്‍ ട്രാഫിക് കര്‍ശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തില്‍ കോണ്‍ട്രാകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.