Hivision Channel

latest news

പുഴയില്‍ വീണയാളുടെ മൃതദേഹം കണ്ടെത്തി

മാലൂര്‍: കാഞ്ഞിലേരി മള്ളന്നൂരില്‍ പുഴയില്‍ വീണ് കാണാതായ ആളുടെ മൃതദേഹം അഗ്‌നിരക്ഷാ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. മള്ളന്നൂരിലെ പുതിയപുരയില്‍ ഈരായി രാജനാണ് (59) ശനിയാഴ്ച ജോലിക്ക് പോകുന്നതിനിടയില്‍ പുഴയില്‍ വീണത്. പെരുമ്പൊയിലന്‍ കൃഷ്ണന്റെയും പാഞ്ചുവിന്റെയും മകനാണ്. ഷീനയാണ് ഭാര്യ. സവിനേഷ്, സവ്യ എന്നിവരാണ് മക്കള്‍.

സ്വാതന്ത്ര്യ സ്മൃതി സംഗമവും ഉന്നത വിജയം നേടിയ ബാലസഭ കുട്ടികള്‍ക്കുള്ള അനുമോദനവും

പേരാവൂര്‍: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികളുടെ സ്വാതന്ത്ര്യ സ്മൃതി സംഗമവും ഉന്നത വിജയം നേടിയ ബാല സഭ കുട്ടികള്‍ക്കുള്ള അനുമോദനവും തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ശരത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രഞ്ചുഷ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, ബാലസഭ ഉപസമിതി കണ്‍വീനര്‍ ടി ഗീത, തൊഴിലുറപ്പ് ഉപസമിതി കണ്‍വീനര്‍ ഷീബ ബാബു എന്നിവര്‍ സംസാരിച്ചു. സ്മൃതി സംഗമ പ്രതിജ്ഞയും, വൃക്ഷ തൈ നടീലും, വിവിധ കലാപരിപാടികളും നടന്നു.

കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ്

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരള പൊലീസിന് 12 മെഡലുകള്‍ ലഭിച്ചു. വിശിഷ്ട സേവനത്തിന് രണ്ടുപേര്‍ക്കാണ് മെഡല്‍ ലഭിച്ചത്. എ.ഡി.ജി ബി മനോജ് എബ്രഹാമിനും, എ.സി.പി ബിജി ജോര്‍ജ് താന്നികോട്ടിനുമാണ് വിശിഷ്ട സേവാ മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ 10 പേര്‍ക്കാണ്. ഡി.സി.പി കുര്യാക്കോസ് വി.യു, എസ്.പി മുഹമ്മദ് ആരിഫ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. സുബ്രമണ്യന്‍ ടി.കെ, സജീവന്‍ പി.സി, സജീവ് കെ.കെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി.പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ.വി, ഹരിപ്രസാദ് എം.കെ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാനം. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. രാജ്യം 75 -ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളിലേക്ക് ഇതിനോടകം തന്നെ കടന്നുകഴിഞ്ഞു. ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓഫീസുകളിലും, മന്ത്രിമാരുടെ ഔദ്യോഗിക വാസതികളിലും ദേശീയപതാക ഉയര്‍ത്തി. നാളെ രാവിലെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിനെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്യും. പോലീസ് കമാന്‍ഡോ സംഘം മുതല്‍ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാനതല ആഘോഷങ്ങള്‍ക്ക് പുറമെ ജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ പതാക ഉയര്‍ത്തും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി സംസ്ഥാന വ്യാപകമായി തന്നെ ഇക്കുറി ആഘോഷങ്ങളുണ്ടാകും.വന്‍ സുരക്ഷയാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നഗര കേന്ദ്രങ്ങളില്‍ പ്രത്യേക ഗതാഗത നിയന്ത്രണമുണ്ടാകും. രാത്രികാല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതല ആഘോഷങ്ങങ്ങളടക്കം പോലീസിന്റെ പ്രത്യേക നിരീക്ഷണ വലയത്തിലാകും നടക്കുക.

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പഴശി മ്യൂസിയം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു

മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിര്‍മ്മിച്ച പഴശി മ്യൂസിയം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ്, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഗോഗുലം ഗോപാലന്‍, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉള്‍പ്പെടെയുള്ളവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു

ഇരിട്ടി:ഉളിക്കൽ കരുമാങ്കയത്തെ പി.പി. റസിയ(32)യാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തെ തുടർന്ന്
ഇന്നു പുലർച്ചെ മരണപ്പെട്ടത്.ഗർഭിണിയായ റസിയയെ പ്രസവത്തിനായി കഴിഞ്ഞ ദിവസം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്തസ്രാവത്തെ തുടർന്ന് ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രാത്രി ഏഴു മണിയോടെ ആൺകുഞ്ഞിന് ജൻമം നൽകിയെങ്കിലും പ്രസവത്തെ തുടർന്ന് കുട്ടി മരണപ്പെടുകയും പിന്നാലെ ഇന്നു പുലർച്ചെ മാതാവ് റസിയയും മരണപ്പെടുകയായിരുന്നു.കരുമാങ്കയത്തെ പള്ളിപ്പാത്ത് എറമുവിൻ്റെയും കേളോത്ത് ഹലീമയുടെയും മകളാണ്.
ഉളിക്കൽ ടൗണിലെ ചുമട്ടു തൊഴിലാളി ( എസ്.ടി.യു)
വേലിക്കോത്ത് അബ്ദുൾ സത്താറിൻ്റെ ഭാര്യയാണ്.
മക്കൾ: റാസി, റസൽ സഹോദരങ്ങൾ: പി.പി.
മുനീർ,ഷംസുദ്ധീൻ,ശിഹാബ് ജമീല.കബറടക്കം: ഇന്ന് 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

57 കുപ്പി മദ്യവുമായി കാരപേരൂർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

മട്ടന്നൂർ :കീഴല്ലൂർ മുതൽ മട്ടന്നൂർ വരെ ഇരുചക്ര വാഹനത്തിൽ മദ്യ വില്പന നടത്തിയിരുന്ന കാരപേരൂർ സ്വദേശി സൗപർണികയിൽ നിഖിലാണ് (32) എക്സൈസ് വലയിലായത്.ഓണം സ്പെഷ്യൽ ഡ്രൈവിനോട നുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യ വില്പന നടത്തവേ മട്ടന്നൂർ വായാന്തോടുവച്ച് ഇയാളെ അതി സാഹസികമായി  പിടികൂടിയത്.

നിരവധി അബ്കാരി  കേസുകളിൽ വാഹനം അടക്കം പ്രതിയായ ഇയാൾ മദ്യ വിൽപ്പന തുടരുകയായിരുന്നു.ഇയാളുടെ വാഹനത്തിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 57 കുപ്പി 28.5 ലിറ്റർ മദ്യവും പിടികൂടി.

/

ഒരു മാസക്കാലത്തോളം ഉള്ള നിരന്തര നിരീക്ഷണത്തിനൊടുവിലാണ് നിഖിൽ വലയിലാവുന്നത്.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട് ,സിവിൽ എക്സൈസ് ഓഫീസർമാരായ എം രമേശൻ ബെൻഹർ കോട്ടത്തുവളപ്പിൽ എ കെ റിജു,പി ജി അഖിൽ , ഡ്രൈവർ സീ യു അമീർ എന്നിവരും ഉണ്ടായിരുന്നു പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കര്‍ഷക സംഘം ഇരിട്ടി ഏരിയ സമ്മേളനം

ഇരിട്ടി: കര്‍ഷക സംഘം ഇരിട്ടി ഏരിയ സമ്മേളനം വിളമനയില്‍ വച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. വി സാവിത്രി അധ്യക്ഷയായി. ഉത്തമന്‍ കല്ലായി, കെ.എ ദാസന്‍, പി പ്രകാശന്‍, സി.വി മാലിനി, കമല ശ്രീധരന്‍, കെ ശ്രീധരന്‍, എന്‍ അശോകന്‍, എം.എസ് അമര്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

ദേശീയ പതാക ഉയര്‍ത്തി

ഇരിട്ടി: മൂലോത്തുംകുന്ന് കൈരാത കിരാത ക്ഷേത്രാങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തി.

ക്ഷേത്ര പ്രസിഡണ്ട് പി കരുണാകരന്‍, പത്മനാഭന്‍, എന്‍.വി പ്രജിത്ത്, കുഞ്ഞിമാധവന്‍, ബാലകൃഷ്ണന്‍ നടുവനാട്, സുരേഷ് ചാത്തോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ പതാക ഉയര്‍ത്തിയത്.

ദേശീയ പതാക നിര്‍മ്മാണ ശില്പശാല

കരിക്കോട്ടക്കരി: സെന്റ് തോമസ് യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ പതാക നിര്‍മ്മാണ ശില്പശാല നടത്തി. അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ അസി. മാനേജര്‍ റവ.ഫാ. റൂബിള്‍ മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോജന്‍ വര്‍ഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ തോമസ്, ലിന്‍സ് തോമസ്, തുടങ്ങിയവര്‍ സംസാരിച്ചു. ഭാരതവും ദേശീയ പതാകയും എന്ന വിഷയത്തെക്കുറിച്ച് സിസ്റ്റര്‍ ലിവി ജോസഫ് കുട്ടികള്‍ക്കായി പഠന ക്ലാസ് എടുത്തു. ചടങ്ങില്‍ വിവിധ മത്സര വിജയികള്‍ക്ക് അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന റോജസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര നായകന്മാരുടെ ചിത്രങ്ങളും ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഉള്‍പ്പെടുത്തി പ്രദര്‍ശനവും സ്‌കൂളില്‍ ഒരുക്കി