Hivision Channel

hivision

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍.

വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോണ്‍. വാഹനമോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സി പി ജോണ്‍ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളര്‍ കോഡും, ഫിറ്റിംഗ്‌സും പ്രശ്‌നമല്ല. വാഹന മോഡിഫിക്കേഷനില്‍, കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയില്‍ മന്ത്രി പറഞ്ഞു.

കേരളത്തില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച കര്‍ശന നിയമങ്ങള്‍ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്. എന്നാല്‍, അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്.

വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്‌ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

നഴ്‌സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂര്‍ അമല, ജൂബിലി ആശുപത്രികളില്‍ സമരം ചെയ്യുന്ന നഴ്‌സസ് സമരത്തില്‍ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും അവരെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി.

പിഎസ്‌സി മൂല്യനിര്‍ണയ വിവാദം; ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും, റാങ്ക് പട്ടിക റദ്ദാക്കും

മൂല്യ നിര്‍ണയ പിഴവില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം തീരുമാനിച്ച് പിഎസ്‌സി. ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാര്‍ക്കിടാതെ വിട്ട 10 ഉത്തരങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനും തീരുമാനിച്ചു. പിഎസ്‌സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുഴുവന്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.കേരള,കര്‍ണാടക,ലക്ഷദീപ് തീരങ്ങളില്‍ ജൂലൈ രണ്ടുവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ മധ്യ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം രൂക്ഷമായതോടെ കാലാവര്‍ഷക്കെടുതികളും വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീഷെല്‍സിന്റെ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സീഷെല്‍സിന്റെ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും നേതൃത്വം നല്‍കിയതിനുള്ള സീഷെല്‍സിന്റെ പരമോന്നത ബഹുമതിയാണ് പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. സീഷെല്‍സ് പ്രസിഡന്റ് ഡോ. പാട്രിക് ഹെര്‍മെയ്‌നി പുരസ്‌കാരം സമ്മാനിച്ചു. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഹരിത വികസന പദ്ധതികള്‍ക്കും ആഗോള സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ക്കും വിവരിച്ചുകൊണ്ടാണ് സീഷെല്‍സ് പരമോന്നത പുരസ്‌കാരം സമ്മാനിച്ചത്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ എത്തിയ മോദി, സീഷെല്‍സ് ദേശീയ അസംബ്ലിയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് നാലിനാണ് മോദിയുടെ അഭിസംബോധന. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനിയുമായി മോദി കൂടിക്കാഴ്ച നടത്തി. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാനുള്ള കരാറുകള്‍ ചര്‍ച്ചയായി.

അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സമാനമായ നിരവധി പുരസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് മോദിക്ക് ഇന്ന് ലഭിച്ചത്. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തിയതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിച്ചതിനും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന 2026 മേയില്‍ മോദിക്ക് ‘അഗ്രിക്കോള മെഡല്‍’ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും ആഗോള സഹകരണവും മുന്‍നിര്‍ത്തി 2018 ല്‍ സിയോള്‍ സമാധാന പുരസ്‌കാരവും, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ അഭിമാനകരമായ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം.മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് ബാച്ചുകള്‍ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ധാരണയായി. സീറ്റുകള്‍ കുറവുള്ള മലപ്പുറം പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അതേസമയം, ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികള്‍ അറിയാതെയെന്ന ആരോപണവും ഉണ്ട്. ബാച്ചുകള്‍ ആവശ്യമുണ്ടോയെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടത് RDD അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോര്‍ട്ട് സംസ്ഥാനതല സമിതി പരിശോധിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കും. ഈ സമിതികള്‍ ചേരാതെയാണ് നിലവിലെ തീരുമാനം. ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിമര്‍ശനമാണ് ഉയരുന്നത്. കോഴിക്കോട് 12,062 ,മലപ്പുറത്ത് 35,178 പാലക്കാട് 15,394 സീറ്റുകളുടെ കുറവുണ്ട്. തൃശൂരില്‍ 4,289, വയനാട്ടില്‍ 2,076, കണ്ണൂരില്‍ 7,377, കാസര്‍കോട് 4,496 സീറ്റുകളുടെയും കുറവും ഉണ്ട്. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ 80,869 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ഇല്ലാത്തത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയതില്‍ പ്രോട്ടോക്കോള്‍ വീഴ്ച ഉണ്ടായെന്ന് കേരളാ ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയതില്‍ പ്രോട്ടോക്കോള്‍ വീഴ്ച ഉണ്ടായെന്ന് കേരളാ ഹൗസ് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. വിഷയത്തില്‍ ഇന്‍ഡിഗോ കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തിയെന്നും ARC അശ്വതി ശ്രീനിവാസ് പ്രതികരിച്ചു.

പ്രോട്ടോകോള്‍ ഓഫീസറും ഇന്‍ഡിഗോ കമ്പനിയുമായി ആശയവിനിമയത്തില്‍ വീഴ്ച ഉണ്ടായെന്ന് ARC അശ്വതി ശ്രീനിവാസ് പറഞ്ഞു. യാത്ര സംബന്ധിച്ച് ഇന്‍ഡിഗോ കമ്പനിയെ അറിയിച്ചിരുന്നു. എന്നാല്‍ കമ്പനിയില്‍ നിന്നും മറുപടി കിട്ടിയിരുന്നില്ല. ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായി നടപടിയെടുക്കും. വിഷയം ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് തലത്തിലേക്ക് ആശയവിനിമയം നടത്തിയെന്ന് അശ്വതി ശ്രീനിവാസ് വ്യക്തമാക്കി.

പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയില്‍ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്നലെ മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ സമയത്ത് എത്തിയിട്ടും പിണറായി വിജയന്റെ യാത്ര മണിക്കൂറുകള്‍ വൈകിയിരുന്നു. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തില്‍ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനായില്ല. വി ഐ പി ലോഞ്ചില്‍ ഇരുന്ന പിണറായിയെ സ്വീകരിക്കാന്‍ വിമാനക്കമ്പനി അധികൃതര്‍ എത്താതെയിരുന്നതിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തില്‍ കയറാന്‍ കഴിയാതെ പോയതിന്റെ കാരണം എന്നാണ് വിവരം.

ആറളത്ത് ആനമതിൽ നിർമ്മാണം വേഗത്തിലാക്കാനും കാട് വെട്ടിത്തെളിക്കാനും നിർദ്ദേശിച്ചു മന്ത്രി അഡ്വ. സണ്ണി ജോസഫ്

ആറളത്ത് പകൽ സമയങ്ങളിൽ പോലും ജനവാസമേഖലകളിൽ ആന ഇറങ്ങുന്ന പ്രശ്നത്തിന് പരിഹാരമായി ആനമതിൽ നിർമ്മാണം വേഗത്തിലാക്കാൻ പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറളത്ത് ദ്രുതകർമ്മസേനയുടെ വണ്ടി തന്നെ ആന മറിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ആന റോഡിൽ ഇറങ്ങുന്നു. ആനമതിലിന്റെ നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ വനം മന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകൾ ചേർന്ന് ഏതാനും പഠനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആനയെ ആകർഷിക്കാത്ത കൃഷി രീതി അവലംബിക്കാൻ കഴിയുമോ എന്ന കാര്യവും സർക്കാർ പരിശോധിക്കുമെന്ന്
മന്ത്രി കൂട്ടിച്ചേർത്തു. കാട്ടുപന്നികളെ വെടിവെക്കാൻ തോക്ക് ലൈസൻസിനുള്ള അപേക്ഷയിന്മേൽ പെട്ടെന്ന് തീരുമാനമെടുക്കണം.

കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി ഉടമകൾ വെട്ടിതെളിക്കാത്ത വിഷയത്തിൽ
അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയ്യാറാക്കാൻ ജില്ലാ കലക്ടർ പി വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി.

വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും
മനുഷ്യ-കാട്ടാന സംഘർഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ട്.

ജില്ലയിൽ സർപ്പ വളണ്ടിയർമാരുടെ കുറവുണ്ട്. മലയോരത്ത് തന്നെ കൊട്ടിയൂർ, കണിച്ചാർ ഒഴികെ മറ്റിടങ്ങളിൽ വേണ്ടത്ര സർപ്പ വളണ്ടിയേഴ്സ് ഇല്ല. വളണ്ടിയേഴ്സ് ആവാൻ താൽപ്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നൽകിയാൽ പരിശീലനം നൽകാൻ വനം വകുപ്പ് തയ്യാറാണ്.
ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ
മന്ത്രി നിർദേശിച്ചു.

അയ്യൻകുന്ന്, കൊട്ടിയൂർ, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളിൽ സോളാർ തൂക്കുവേലി നിർമ്മാണം പുരോഗമിക്കുകയാണ്.

യോഗത്തിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ്, സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ കെ സുബൈർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ സി സച്ചിൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് വരെ കനത്ത മഴ തുടര്‍ന്നേക്കും

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ യെല്ലാ മുന്നറിയിപ്പ് നിലനില്‍ക്കുന്നു. അടുത്തമാസം മാസം ഒന്നു വരെ ഇതേ ശക്തിയില്‍ മഴ തുടരും. കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരളതീരത്ത് മീന്‍പിടുത്തം തുടരാം. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരമേഖലയില്‍ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ വകുപ്പ് നല്‍കുന്ന താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്.

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ടആത്മഹത്യ?

എറണാകുളം പിറവം മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തെ പുഴയില്‍ കാണാതായ സംഭവത്തില്‍ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കുടുംബത്തിലെ മൂത്ത കുട്ടിയായ ആറ് വയസുകാരിയുടെ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തത്. നേരത്തെ മരിച്ച നിലയില്‍ കണ്ടെടുത്ത മാതാപിതാക്കളുടെയും രണ്ടു വയസ്സുകാരന്റെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ടആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കോതമംഗലത്ത് നിന്നാണ് കുടുംബം പിറവത്തേക്ക് എത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹങ്ങള്‍ കരയ്ക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കൊപ്പം ഒരു ആറ് വയസുകാരി കൂടി ഉണ്ടായിരുന്നുവെന്ന് വിവരം ലഭിക്കുന്നത്. ഈ കുടുംബം പുഴയിലേക്ക് വീണു എന്ന് കരുതുന്ന എക്‌സൈസ് കടവില്‍ നിന്ന് ഏകദേശം മീറ്ററുകള്‍ മാത്രം മാറി ഐഎന്‍ടിയുസി കടവില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.