Hivision Channel

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി; സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ടആത്മഹത്യ?

എറണാകുളം പിറവം മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തെ പുഴയില്‍ കാണാതായ സംഭവത്തില്‍ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് കുടുംബത്തിലെ മൂത്ത കുട്ടിയായ ആറ് വയസുകാരിയുടെ മൃതദേഹം അഗ്നിരക്ഷാസേന കണ്ടെടുത്തത്. നേരത്തെ മരിച്ച നിലയില്‍ കണ്ടെടുത്ത മാതാപിതാക്കളുടെയും രണ്ടു വയസ്സുകാരന്റെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള കൂട്ടആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കോതമംഗലത്ത് നിന്നാണ് കുടുംബം പിറവത്തേക്ക് എത്തിയത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹങ്ങള്‍ കരയ്ക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കൊപ്പം ഒരു ആറ് വയസുകാരി കൂടി ഉണ്ടായിരുന്നുവെന്ന് വിവരം ലഭിക്കുന്നത്. ഈ കുടുംബം പുഴയിലേക്ക് വീണു എന്ന് കരുതുന്ന എക്‌സൈസ് കടവില്‍ നിന്ന് ഏകദേശം മീറ്ററുകള്‍ മാത്രം മാറി ഐഎന്‍ടിയുസി കടവില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *