Hivision Channel

hivision

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു കേന്ദ്ര കാലാസ്ഥ വകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധന വിലക്ക് തുടരും. കേരള – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൊങ്കണ്‍ തീരം, ഗോവ തീരം, മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന കേരളാ തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേര്‍ന്ന ലക്ഷദീപ് പ്രദേശം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ടെലഗ്രാം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി

ടെലഗ്രാം ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങി. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങള്‍ തുടരും. ജൂണ്‍ 22 വരെയാണ് ഇന്ത്യയില്‍ ടെലഗ്രാമിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി.

പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എന്‍ടിഎ വ്യക്തമാക്കി.നിരോധനത്തിന് പുറമെ, ജൂണ്‍ 30 വരെ ഇന്ത്യയില്‍ മെസ്സേജുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ നിര്‍ജ്ജീവനമാക്കാന്‍ ടെലഗ്രാമിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പഴയ സന്ദേശങ്ങള്‍ എഡിറ്റ് ചെയ്ത് പുതിയ ഫയലുകള്‍ അറ്റാച്ച് ചെയ്യുകയും തുടര്‍ന്ന് യഥാര്‍ത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ തെളിവുകള്‍ നിര്‍മ്മിക്കാന്‍ ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്തതായും എന്‍ടിഎ ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്‍

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍ നിന്നാണ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024 ജൂണ്‍ 9നാണ് അദ്ദേഹം ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണവകുപ്പിന്റെ സഹമന്ത്രിയായി ചുമതലയേറ്റത്. ഇനി സജീവ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം മടങ്ങുമെന്നും കേരളത്തില്‍ പ്രവര്‍ത്തിക്കാനുള്ള താത്പര്യം ബിജെപി നേതൃത്വത്തിനെ അറിയിച്ചെന്നുമാണ് പുറത്തുവരുന്ന സൂചന.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ മനിര്‍വാഹക സമിതി അംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും മുന്‍ റെയില്‍വേ സഹമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും ജോര്‍ജ് കുര്യന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടം: ജീവന്‍ നഷ്ടമായത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുള്‍പ്പടെ മൂന്ന് പേര്‍ക്ക്

കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അജയ്യന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

വളവില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. ടിപ്പര്‍ ലോറി അമിത വേഗതയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ട്യൂഷന് പോകാന്‍ വേണ്ടി കാത്തിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ അപകടം നടന്ന സ്ഥലത്ത് മണ്ണിനടിയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് നിഗമനം.

യോഗ ദിനാചരണം

നെല്ലിക്കുറ്റി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ നെല്ലിക്കുറ്റിയില്‍ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. യോഗ ട്രെയിനര്‍ രാജു വെട്ടുകല്ലേല്‍ മാസ്റ്റര്‍ ക്ലാസ് നയിച്ചു. യോഗയുടെ പ്രാധാന്യം, ആരോഗ്യപരമായ ഗുണങ്ങള്‍, വിവിധ യോഗാസനങ്ങളുടെ പരിശീലനം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

ചടങ്ങില്‍ സ്‌കൂള്‍ മുഖ്യാധ്യാപിക ഷാന്റി തോമസ് ,സ്റ്റാഫ് സെക്രട്ടറി പ്രസാദ് തോമസ് എന്നിവര്‍ സംസാരിച്ചു

സിജോ സ്‌കറിയ തിരോധാനം; അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം

കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനത്തില്‍ അന്വേഷണം നടത്താന്‍ കണ്ണൂര്‍ , കോഴിക്കോട് റൂറല്‍ എസ്പിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സിജോയുടെ തിരോധാനത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ,ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു.

കണ്ണൂര്‍ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ മാതാവ് അടക്കം ദൂരഹത നിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്.

2014ല്‍ പിതാവുമായി വാക്ക് തര്‍ക്കമുണ്ടായി സിജോ സ്‌കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂര്‍ കരിക്കോട്ടക്കരി വാണിയ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ല്‍ വിലങ്ങാടുള്ള ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് ഭാര്യ വീട്ടില്‍ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഉണ്ണിഈശോ പളളി ഇടവകയിലെ സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടതായി വാര്‍ത്ത വന്നപ്പോള്‍ സിജോ താമസിക്കുന്ന പ്രദേശം വാണിയപ്പാറ ആയതുകൊണ്ട് , ബോഡി അടക്കം ചെയ്ത കാലഘട്ടം ഒത്തുവരുന്നതായും കണ്ടപ്പോള്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് എത്തിയത്.

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു.

ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ രൂപീകരണം നടത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത. ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരുന്നതില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ മാസത്തെ പെന്‍ഷന്‍ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോസ് ഏഞ്ചല്‍സിലുള്ളയാള്‍ ഈ മാസം പെന്‍ഷന്‍ വന്നില്ലെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മകന്‍ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെന്‍ഷന്‍ അയോഗ്യത പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി ചോദിച്ചു. അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുന്നതില്‍ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നല്‍കിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും.

മുടങ്ങാതെ പെന്‍ഷന്‍ നല്‍കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അര്‍ഹരായ ആളുകള്‍ പുറത്ത് നില്‍ക്കുന്നു. അനര്‍ഹരായവര്‍ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചര്‍ച്ച ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്നുണ്ടെന്നും 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം. ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരിയാണ് മരിച്ചത്. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്ത്ക്കുളമ്പ് സ്വദേശിനി ഗീത(45) ആണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുറച്ച് ദിവസങ്ങളായി ഇവര്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് ജില്ലയില്‍ ആറ് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നത്. അതില്‍ മൂന്ന് പേരും സ്ത്രീകളാണ്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. എലിപ്പനി, ഡെങ്കിപ്പനി അടക്കം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.

പയ്യാമ്പലത്ത് തിരയില്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കര്‍ണാടകയില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ പയ്യാമ്പലം ബീച്ചില്‍
കുളിക്കാനിറങ്ങിയതില്‍ തിരയില്‍പ്പെട്ട രണ്ടു പേരെ
രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറല്‍ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്. ഇയാളുടെ കൂടെ തിരയില്‍പ്പെട്ട മനോജിനെ
ലൈഫ്ഗാര്‍ഡും തീരദേശ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ് ചികിത്സയിലാണ്.

കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്.

രാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലില്‍ ഇറങ്ങിയ മൈസൂര്‍ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നില്‍കണ്ടു. തിരയില്‍പ്പെട്ട 24-കാരനായ ചിരന്ത്ശര്‍മയെ രക്ഷപ്പെടുത്തി.

ജില്ലയില്‍ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
സ്ഥലത്ത് കൂടുതല്‍ ലൈഫ്ഗാര്‍ഡുകളെ നിയമിക്കുമെന്നും കൂടുതല്‍ അപായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അഡ്വ. പി ഇന്ദിര, ടി. ഒ മോഹനന്‍ എം.എല്‍.എ എന്നിവരും കൂടെയുണ്ടായിരുന്നു.

കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു വരികയായിരുന്ന സംഘങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

ലൈഫ്ഗാര്‍ഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോണ്‍സണ്‍,
തീരദേശ പോലീസ് വാര്‍ഡന്‍ അരുണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അഴീക്കല്‍ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍, ലൈഫ്ഗാര്‍ഡുകള്‍ എന്നിവര്‍ മൂന്ന് ബോട്ടുകളിലായി തിരച്ചില്‍ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്.

ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക സംഘത്തിലപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു വരുന്നു. വിനോദസഞ്ചാര, ഫിഷറീസ് വകുപ്പുകള്‍, ഡിടിപിസി ഉദ്യോഗസ്ഥരും അഗ്‌നിശമന സേനയും സ്ഥലത്തുണ്ട്.