
കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ തിരോധാനത്തില്‍ അന്വേഷണം നടത്താന്‍ കണ്ണൂര്‍ , കോഴിക്കോട് റൂറല്‍ എസ്പിമാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സിജോയുടെ തിരോധാനത്തില്‍ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ,ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു.
കണ്ണൂര്‍ വാണിയപ്പാറയിലെ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സിജോയുടെ മാതാവ് അടക്കം ദൂരഹത നിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയത്.
2014ല്‍ പിതാവുമായി വാക്ക് തര്‍ക്കമുണ്ടായി സിജോ സ്‌കറിയ ഭാര്യയും മകനുമൊത്ത് ഭാര്യവീടായ കണ്ണൂര്‍ കരിക്കോട്ടക്കരി വാണിയ പാറയിലേക്ക് പോവുകയായിരുന്നു. പിന്നീട് 2020 ല്‍ വിലങ്ങാടുള്ള ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മൂന്ന് വര്‍ഷം മുമ്പ് ഭാര്യ വീട്ടില്‍ നിന്ന് വാക്കേറ്റമുണ്ടായി കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയതായാണ് പിന്നീട് വിവരം ഇല്ലന്നാണ് ഭാര്യവീട്ടുകാര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഉണ്ണിഈശോ പളളി ഇടവകയിലെ സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടതായി വാര്‍ത്ത വന്നപ്പോള്‍ സിജോ താമസിക്കുന്ന പ്രദേശം വാണിയപ്പാറ ആയതുകൊണ്ട് , ബോഡി അടക്കം ചെയ്ത കാലഘട്ടം ഒത്തുവരുന്നതായും കണ്ടപ്പോള്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് എത്തിയത്.














