Hivision Channel

hivision

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം ഡോ. സോണിയ ചെറിയാന്

പേരാവൂര്‍:പത്തനംതിട്ട പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ 2024 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം എഴുത്തുകാരിയായ ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്റെ സ്‌നോ ലോട്ടസ് എന്ന നോവലിന് ലഭിച്ചു.

10001 രൂപയും, മഹാകവിയുടെ പേരുള്ള ശില്പവും, പ്രശസ്തി പത്രവും മെയ് ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മാനിക്കും.

വിനോദയാത്രക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പാലക്കാട് ആളിയാര്‍ ഡാമില്‍ മുങ്ങി മരിച്ചു

പാലക്കാട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. പാലക്കാട് ആളിയാര്‍ ഡാമിലാണ് 3 വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം ഉണ്ടായത്. മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

ചെന്നൈയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികളായ ധരുണ്‍, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മറ്റ് വിദ്യാര്‍ത്ഥികളും ഡാമില്‍ കുളിക്കാന്‍ ഇറങ്ങിരിയിരുന്നു.

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ഹോമില്‍ കഴിയുന്ന ആറ് പ്രതികളാണ് ഹൈക്കോടതിയെ ജാമ്യാപേക്ഷയുമായി സമീപിച്ചത്. ജാമ്യം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും താമരശ്ശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായ സംഘര്‍മാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് കശ്മീരികളുടെ വീടുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കശ്മിരി സ്വദേശികളായ രണ്ടു ഭീകരരുടെ വീടുകള്‍ തകര്‍ത്തു. ആസിഫ് ഷെയ്ക് ,ആദില്‍ തോക്കര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ത്രാല്‍ ,ബീജ് ബെഹാര എന്നിവിടങ്ങളിലെ വീടുകളാണ് തകര്‍ത്തത്. സുരക്ഷാസേനയും ,പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് സ്‌ഫോടനത്തിലൂടെ ആണ് വീടുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ഒളിയിടം പിര്‍ പഞ്ജാലെന്ന് സൂചന ലഭിച്ചു. ആസൂത്രകരിലൊരാളായ സുലൈമാന്‍ എന്ന ഹാഷിം മൂസ പാകിസ്താന്‍ പൗരനെന്നും വിവരം ലഭിച്ചു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ പാകിസ്താനില്‍ നിന്നുള്ള
ഭീകരര്‍ എന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീര്‍ പൊലീസ്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍
രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പൊലീസ് കണ്ടെത്തി. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന്‍ തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ഹാഷിം മുസ മുമ്പും ഭീകരാക്രമണം നടത്തിയിട്ടുള്ളതായി കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ വിവിധ രാജ്യങ്ങളോട് വിശദീകരിച്ചിരുന്നു. വിവിധ നയതന്ത്ര പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം വിശദീകരിച്ചത്. യു എസ്, യു കെ, റഷ്യ എന്നിവയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരാണ് ഇന്ത്യ ക്ഷണിച്ചത് പ്രകാരം വിദേശകാര്യമന്ത്രാലയത്തില്‍ എത്തിയത്.

വയനാട് എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.കാട്ടാനയുടെ സാന്നിധ്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി. ഇവിടെ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ അറുമുഖൻ മരിച്ചു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥരും പൊലീസും. സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരണം വർധിച്ചുവരികയാണ്. നേരത്തേയും എരുമക്കൊല്ലിയിലും മറ്റു ഭാ​ഗങ്ങളിലും കാട്ടാനയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു.

ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍

ഇരിട്ടി:കൂട്ടുപുഴയില്‍ എക്‌സൈസിന്റെ നേതൃത്വത്തില്‍ ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന യുവാവിനെ അറസ്റ്റു ചെയ്തു.ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ എന്‍.വി മന്‍സിലില്‍ ജംഷീര്‍.എന്‍.വിയാണ് 686 മി.ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.

കരിക്കോട്ടക്കരിയില്‍ പുളിക്കാംപുറത്ത് ഹാര്‍ഡ് വെയേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിട്ടി:പുളിക്കാംപുറത്ത് ഹാര്‍ഡ് വെയേഴ്‌സ് കരിക്കോട്ടക്കരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചന്‍ പൈമ്പളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.

തിരുവാതുക്കല്‍ ഇരട്ട കൊലപാതകം; പ്രതി അമിത് ഒറാങ് തൃശൂരില്‍ പിടിയില്‍

കോട്ടയം തിരുവാതുക്കല്‍ ഇരട്ട കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. തൃശ്ശൂര്‍ മാള മേലടൂരില്‍ നിന്നാണ് അസം സ്വദേശിയായ അമിത് ഒറാങിനെ പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്.

വിജയകുമാറിന്റെ ഫോണ്‍ അടക്കം പ്രതിയുടെ കൈവശം ഉണ്ടായിരുന്നു. രാത്രി ഇയാളുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതി പിടിയില്‍ ആയത്. പ്രതിയുമായി കോട്ടയത്ത് നിന്നുള്ള സംഘം പുറപ്പെട്ടു.

ഇന്നലെ വൈകുന്നേരമാണ് പ്രതി മാളയില്‍ എത്തിയതെന്നാണ് വിവരം. ഒറ്റയ്ക്കാണ് മാളയില്‍ എത്തിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാളയില്‍ കണ്ടെത്തിയ പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അസം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ മാള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നു. കൊലപാതക വിവരം അറിഞ്ഞുകൊണ്ടാണോ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത് എന്നതുള്‍പ്പടെയുള്ള വിവരങ്ങളാണ് ആരായുന്നന്നത്. കൊലപാതക വിവരം അസം സ്വദേശികള്‍ക്ക് അറിയാമെങ്കില്‍ പ്രതിചേര്‍ക്കും.

പ്രതിയില്‍ നിന്ന് വിജയകുമാറിന്റെ രേഖകള്‍ കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. 15,000 രൂപയും പ്രതിയെ പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്നു

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

പഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹവുമായി രാവിലെ 11.30ന് വിമാനം ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 7.30 നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. 8 മണിയോടെ പുറത്തിറക്കും. ജില്ല കലക്ടര്‍ മൃതദേഹം ഏറ്റുവാങ്ങും.

അതേസമയം, രാമചന്ദ്രനെ കണ്‍മുന്നില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയതിന്റെ നടുക്കത്തില്‍ കുടുംബാംഗങ്ങള്‍. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനികവേഷത്തിലെത്തിയ ഭീകരര്‍ വെടിയുതിര്‍ത്തത്.

എറണാകുളം സ്വദേശികളായ 28 പേര്‍ കാശ്മീരില്‍ കുടുങ്ങിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഭീകരാക്രമണം ഉണ്ടായ ശേഷം ശ്രീനഗറില്‍ കുടുങ്ങിയതായാണ് വിവരം. എറണാകുളം സ്വദേശികളാണ്. ഇവരെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണം: പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; ആക്രമിച്ചത് ഏഴംഗ സംഘമെന്നും വിവരം

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.

അതേസമയം, എന്‍ഐഎ സംഘം ശ്രീനഗറില്‍ എത്തി. ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്നാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം. ആശുപത്രി കനത്ത സുരക്ഷാ വലയത്തില്‍ലാണ്.

അതിനിടെ, പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു.