Hivision Channel

hivision

തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി ബലാത്സംഗം ചെയ്തതായി പരാതി

തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പ കേസ് പ്രതി സുബിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ആറംഗ സംഘമാണ് സ്പായില്‍ അതിക്രമിച്ച് കയറിയത്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. സ്പായിലേക്ക് അതിക്രമിച്ച് കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം രൂപ വരെ പിരിവാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ പരാതി നല്‍കാന്‍ യുവതികള്‍ തയ്യാറായിരുന്നില്ല. പിന്നീട് പൊലീസ് ധൈര്യം നല്‍കിയതിന് പിന്നാലെ ഒരു യുവതി കാര്യങ്ങള്‍ തുറന്നുപറയുകായിയുരന്നു. തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ല; സുപ്രിംകോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ ഉത്തരവ്. യഥാര്‍ഥ ബലാത്സംഗക്കേസുകള്‍ വിചാരണക്കോടതികള്‍ തിരിച്ചറിയുക തന്നെ വേണം. ബലാത്സംഗം തടയാനുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു.

ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നല്‍കിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. വിവാഹിതയായ സ്ത്രീ തന്നെ ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനില്‍ക്കില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.

വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന എല്ലാ സംഭവങ്ങളേയും വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങളായി കണക്കാക്കാനാകില്ലെന്ന് സുപ്രിംകോടതി വിശദീകരിക്കുന്നു. പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നല്‍കുകയും തുടക്കം മുതല്‍ വാഗ്ദാനം നിറവേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐപിസി സെക്ഷന്‍ 375 പ്രകാരമുള്ള കേസ് നിലനില്‍ക്കുകയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാല്‍ തന്നെ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കി.

തദ്ദേശസ്ഥാപന പരിധിയില്‍ ഫെബ്രുവരി 14,15 തീയതികളില്‍ ക്ലീനിംഗ് ഡ്രൈവ്

കണ്ണൂര്‍:തദ്ദേശ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയം ഭരണസ്ഥാപന പരിധികളിലും ഫെബ്രുവരി 14, 15 തീയതികളില്‍ ക്ലീനിങ് ഡ്രൈവ് നടത്തും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. വാര്‍ഡ് അടിസ്ഥാനത്തില്‍ ഉത്സവ സ്ഥലങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, പ്രധാനപ്പെട്ട ടൗണുകള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണം നടത്തണം. ശുചിത്വ മിഷന്റെയും ഹരിത കേരള മിഷന്റെയും ആഭിമുഖ്യത്തില്‍ ഡ്രൈവിന് നേതൃത്വം നല്‍കണം.

പൊതുഇടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും നടന്നുവരുന്നുണ്ടെങ്കിലും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണതയ്ക്ക് ഗണ്യമായ മാറ്റമില്ലാത്ത സാഹചര്യമുണ്ട്. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നയും തുടരുന്നുണ്ട്. ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണം. ബോട്ടില്‍ ബൂത്തുകളും എംസിഎഫ് സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണം. മാലിന്യങ്ങള്‍ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയും ഫലപ്രദമായി നടത്തണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മനുഷ്യ വന്യജീവി സംഘര്‍ഷം, എബിസി സെന്റര്‍, പാലിയേറ്റീവ് കെയര്‍ എന്നീ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ ബിനോയ് കുര്യന്‍ നിര്‍ദ്ദേശിച്ചു.
സോളാര്‍ ഹാങ്ങിങ് ഫെന്‍സിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച പഞ്ചായത്തുകളില്‍ അറ്റകുറ്റപ്പണിക്ക് ജനകീയ ഇടപെടലിലൂടെ കൃത്യമായ സംവിധാനം ഒരുക്കണം. തെരുവുനായ ശല്യം പരിഹരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ എബിസി സെന്ററുകള്‍ തുടങ്ങണം. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടില്ല എങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. തെരുവു നായ്ക്കളെ പിടികൂടാന്‍ നിയോഗിച്ചവരുടെ സേവനം പഞ്ചായത്തുകള്‍ പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കാടു പിടിച്ചു കിടക്കുന്ന സ്വകാര്യ സ്ഥലങ്ങള്‍ വെട്ടിത്തെളിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന പരിധിയില്‍ തോക്ക് ലൈസന്‍സ് ഉള്ള വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കി ഫോറസ്റ്റ് വകുപ്പിന് നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ വളണ്ടിയര്‍മാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

കലക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, തദ്ദേശസ്വയം ഭരണസ്ഥാപന അധ്യക്ഷന്‍മാര്‍, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ട്രേറ്റില്‍ ഇ.വി.എം ഡെമോ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവര്‍ത്തിക്കുന്നതും വോട്ടര്‍മാര്‍ക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. കളക്ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇ.വി.എം ഡെമോ സെന്ററിലാണ് ഇതിനുള്ള അവസരമുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെ സജ്ജമാക്കിയ സെന്റര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി സബ് കളക്ടര്‍ ഓഫീസ്, തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസ് എന്നിവിടങ്ങളിലും ഇ.വി.എം ഡെമോ സെന്റര്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് വോട്ടര്‍മാര്‍ക്ക് വോട്ടിങ് പ്രക്രിയ പരിചയപ്പെടുന്നതിന് സെന്ററിലെത്തി വോട്ട് ഡെമോ വോട്ട് ചെയ്യാവുന്നതാണ്. തിരഞ്ഞെടുപ്പ് വരെയും ഈ സംവിധാനം പ്രവര്‍ത്തിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇന്‍ ചാര്‍ജ് കെ. സിബി, ജില്ലാ ലോ ഓഫീസര്‍ ഒ.ടി. പ്രേംല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി. വിനീഷ്, ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ജയശ്രീ, തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് സുനില്‍കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഇത്തവണത്തെ പരീക്ഷ കടുപ്പമാകുമെന്ന് പ്രചാരണത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന സമഗ്ര പരിഷ്‌കരണങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളുടെ സമയക്രമം ഇതിനോടകം നിശ്ചയിച്ചു കഴിഞ്ഞു. പൊതുപരീക്ഷ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. പുതിയ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പരീക്ഷ എന്നതിനാല്‍ ചില കോണുകളില്‍ നിന്ന് ബോധപൂര്‍വ്വമായ ആശങ്കകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്.

ചോദ്യമാതൃകകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ എസ്‌സിഇആര്‍ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഓണപ്പരീക്ഷയിലും ക്രിസ്മസ് പരീക്ഷയിലും ഈ പുതിയ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി പുതിയ ചോദ്യപേപ്പറുകളെ പരിചയപ്പെടുത്തുന്ന പ്രത്യേക പരിപാടികള്‍ ആരംഭിച്ചു. സിലബസ് ലഘൂകരണം സംബന്ധിച്ച് സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ 10-ാം ക്ലാസിലെ സിലബസ് ഒറ്റയടിക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രചരണം ശരിയല്ല. ഫീല്‍ഡില്‍ നിന്നുള്ള ഫീഡ്ബാക്കുകള്‍ പരിശോധിച്ച ശേഷം കുട്ടികളുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രമേ ഇതില്‍ അന്തിമ തീരുമാനമെടുക്കൂ.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതപഠനത്തിന് യോഗ്യത നേടുന്ന എല്ലാ കുട്ടികള്‍ക്കും 11-ാം ക്ലാസില്‍ പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ കുട്ടികളോ രക്ഷിതാക്കളോ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കുട്ടികളുടെ ആത്മവിശ്വാസം കെടുത്തുന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളില്‍ നിന്ന് തല്‍പരകക്ഷികള്‍ പിന്മാറണം. പരീക്ഷാ നടത്തിപ്പും അതിന്റെ മുന്നൊരുക്കങ്ങളും ചോദ്യപ്പേപ്പര്‍ ഉണ്ടാക്കുന്നത് അടക്കമുള്ള മറ്റ് ഉത്തരവാദിത്വങ്ങള്‍ എല്ലാം പരമ രഹസ്യമായാണ് നടക്കുന്നത്. ചോദ്യപ്പേപ്പര്‍ നിര്‍മാണത്തിന് തന്നെ നടപടിക്രമം ഉണ്ട്.

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെയാണ് കേസ്. സെക്യൂരിറ്റിയുടെ നടപടി അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആര്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

സ്വര്‍ണം പവന് 3,680 രൂപ കുറഞ്ഞ് 1,13, 240 രൂപയായി

സ്വര്‍ണ വില കുറഞ്ഞു.ഇന്ന് ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13, 240 രൂപയായി. രാവിലെയും വൈകിട്ടുമായി പ്രവചിക്കാന്‍ കഴിയാത്ത വില വ്യത്യാസമാണ് സ്വര്‍ണ്ണത്തില്‍ ഉണ്ടാകുന്നത്.

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ദീപക്കിന്റെ ആത്മഹത്യ, പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും

മാവേലിക്കര മുന്‍ എംഎല്‍എ എം.മുരളി അന്തരിച്ചു

മാവേലിക്കര മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോര്‍ഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കള്‍: ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍.