കണ്ണൂരില്‍ പശുക്കളിലെ പേവിഷബാധയില്‍ കര്‍ശന ജാഗ്രതയെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിറിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ പരിഗണയിലുണ്ട്. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ധനസഹായം നല്‍കും. പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണ്.
ഉളിക്കല്‍:നുച്ചിയാടിലെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. നുച്ചിയാട് സ്വദേശിയും ടൗണിലെ ഓട്ടോ ഡ്രൈവറുമായ മാവില വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (47) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ട് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരണപ്പെട്ടത്. ദീര്‍ഘകാലം സ്വകാര്യബസ്സ് കണ്ടക്ടറായും ഇരിട്ടി മേഖലയില്‍ ജോലി ചെയ്തിരുന്നു. പരേതനായ തിയ്യഞ്ചേരി ബാലന്‍ നമ്പ്യാരുടെയും മാവിലഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: ഷൈമ. മക്കള്‍: ഗോപിക, വൈഭവ്.സഹോദരങ്ങള്‍: ലത, ലേഖ, ഗിരീഷ് കുമാര്‍ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
നൈപുണ്യ വികസനത്തിന് വലിയ സാധ്യതകളേകുന്ന അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും.നൂതന തൊഴില്‍ മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനം ഉള്ളവരുമായ യുവജനതയെ വാര്‍ത്തെടുക്കാനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷണല്‍ സ്‌കില്‍ അസോസിയേഷന്‍ പ്രോഗ്രാം അഥവാ അസാപ്. അസാപിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കില്‍ പാര്‍ക്കാണിത്. 33780 ചതുരശ്ര അടിയില്‍ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് കെട്ടിട നിര്‍മ്മാണം. പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ച് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിടം എന്ന പ്രത്യേകതയും ഇതിനുണ്ട്.
മൂന്ന് നിലകളില്‍ അത്യാധുനിക ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍, ലോക്കര്‍ സൗകര്യമുള്ള വസ്ത്രങ്ങള്‍ മാറാനുള്ള മുറികള്‍, മീറ്റിംഗ് റൂമുകള്‍, സെര്‍വര്‍ റൂം, നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാന്‍ ഫില്‍റ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍. ടി. ടി.എഫ്) ആണ് സ്‌കില്‍ പാര്‍ക്കിന്റെ ഓപ്പറേറ്റിംഗ് പാര്‍ട്ണര്‍. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 പാര്‍ക്കുകളില്‍ ഒന്നാണ് ധര്‍മ്മടം മണ്ഡലത്തിലെ പാലയാട് നിര്‍മ്മിച്ചിട്ടുള്ളത്. തൊഴില്‍ സാധ്യത ഏറെയുള്ള ടൂള്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ചറിംഗ്, ടൂള്‍ ഡിസൈനിംഗ് പ്രിസിഷന്‍ ആന്‍ഡ് സി.എന്‍.സി മെഷിനിംഗ് കണ്‍വെന്‍ഷനണല്‍ ആന്‍ഡ് സി.എന്‍.സി വെര്‍ട്ടിക്കല്‍ മില്ലിങ്ങ്, കോണ്‍വെന്‍ഷനണല്‍ ആന്‍ഡ് സി എന്‍ സി ടേണിങ് കോഴ്‌സുകള്‍ എന്‍ ടി ടി എഫിന്റെ നേതൃത്വത്തില്‍ നടത്തും. കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളിലും ഇവിടെ പരിശീലനം നല്‍കും. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കായി ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്‌സുകള്‍ക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകള്‍ ഉള്‍ക്കൊളളുന്ന കണ്‍വെന്‍ഷണല്‍ മെഷീന്‍, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉള്‍ക്കൊളളുന്ന കമ്പ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കണ്‍ട്രോള്‍ മെഷീന്‍, ത്രീഡി പ്രിന്റര്‍ മെഷിന്‍, ഇലക്ട്രിക്ക് ഡിസ്ചാര്‍ജ് മെഷീന്‍ എന്നിവയാണവ. പ്രതിവര്‍ഷം 400 ഓളം ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിച്ചു തൊഴില്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് സഹായം നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി മെയിന്റനന്‍സ് തുടങ്ങി വരും കാലത്തെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അതിനനുസൃതമായ കോഴ്‌സുകളും ഉടന്‍ ആരംഭിക്കും. പൊതു സമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു യൂനിറ്റും സെന്ററില്‍ പ്രവര്‍ത്തിക്കും.
കണ്ണൂർ:വർധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡൻറ് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പേവിഷ ബാധ നിർമാർജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും, മൃഗസ്‌നേഹികളുടെയും സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ ബുധനാഴ്ച പയ്യാമ്പലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പടിയൂരിൽ ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്റർ സെപ്റ്റംബർ അവസാന വാരത്തോടെ പ്രവർത്തനം ആരംഭിക്കും. എബിസി സെന്ററിലേക്ക് ആവശ്യമുള്ള പട്ടി പിടിത്തക്കാരേയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ അനധികൃതമായ പ്രവർത്തിക്കുന്ന പ്രജനന കേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലാതെ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്കും പിഴ ഈടാക്കും. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പൊതു ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കും. വന്ധ്യംകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കും. വാക്‌സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പ് നടത്തും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധമാക്കും. ജില്ലയിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് നടത്തി കൃത്യമായ കണക്കുകൾ ശേഖരിക്കും. സ്‌കൂൾ പരിസരത്ത് തെരുവുപട്ടികൾക്ക് മൃഗസ്‌നേഹികൾ ഭക്ഷണം നൽകുന്നത് നിർത്തലാക്കും. തെരുവ് പട്ടികൾക്ക് ഭക്ഷണം നൽക്കുന്നതിന് തദ്ദേശ സ്ഥാപനവും മൃഗസ്‌നേഹികളുമായി ചേർന്ന് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. മൃഗസ്‌നേഹികൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാൽ അവരെ വിലക്കാനോ അക്രമിക്കാനോ പാടില്ലെന്ന് പ്രസിഡൻറ് പറഞ്ഞു. തെരുവ് നായശല്യം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും ജനകീയ സമിതികൾ രൂപീകരിക്കും. ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു.തെരുവുനായ ശല്യം ചർച്ച ചെയ്യാനായി പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ചേർന്നു. മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി ഒ സരള, വി കെ സുരേഷ് ബാബു, എഡിഎം കെ കെ ദിവാകരൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ അരുൺ ടി ജെ, ജില്ലാ മൃസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
കേളകം:ഗ്രാമപഞ്ചായത്ത് കാര്‍ഷിക വികസന സമിതി യോഗം പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സി ടി അനീഷിന്റെ അധ്യക്ഷതയില്‍ നടന്നു.കര്‍ഷക ദിനത്തിന്റെ അവലോകനം കൃഷി ഓഫീസര്‍ സുനില്‍ കെ ജി നടത്തി.ചിങ്ങം 1കര്‍ഷക ദിനം മികച്ച രീതിയില്‍ ജനപങ്കാളിതത്തോടെ നടത്തിയ കൃഷി ഓഫീസര്‍ക്ക് പഞ്ചായത്ത് ഉപഹാരം നല്‍കി അനുമോദിച്ചു .
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ചെയര്‍മാന്‍ തോമസ് പുളിക്കക്കണ്ടം, ബ്ലോക്ക് മെമ്പര്‍ മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, വാര്‍ഡ് കര്‍ഷക സഭ കണ്‍വീനര്‍ മാര്‍,കര്‍ഷകര്‍ കൃഷി അസിസ്റ്റന്റ് രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
തില്ലങ്കേരി: പെണ്‍പെരുമ കുടുംബശ്രീ 13-ാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകളുടെ മിഠായിപെറുക്കല്‍, ബലൂണ്‍പൊട്ടിക്കല്‍, കുപ്പിയില്‍ വെള്ളം നിറക്കല്‍ തുടങ്ങി വിവിധ മത്സരങ്ങളും നടന്നു.
കരിക്കോട്ടക്കരി: സെന്റ് തോമസ് യു.പി സ്‌കൂളില്‍ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.എം ദേവസ്യ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സോജന്‍ വര്‍ഗീസ് അധ്യക്ഷനായി. മദര്‍ പി.ടി.എ പ്രസിഡണ്ട് ലിജിസാം, അല്‍ഫോന്‍സ ജോസഫ്,ദിയ സുനില്‍,സി. ഡീന തോമസ് എന്നിവര്‍ സംസാരിച്ചു.
വിളക്കോട്: ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ജന്മദിനം വിദ്യാലയവുമൊത്ത് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്ദു, കെ.വി റഷീദ്, ബി മിനി, ശഫീന മുഹമ്മദ്, ബി.പി.സി തുളസീധരന്‍, പി.ടി.എ പ്രസിഡണ്ട്് പി ബിനു, ഹെഡ്മാസ്റ്റര്‍ മുരളീധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് അനുപമ, കെ നാസര്‍ എന്നിവര്‍ സംസാരിച്ചു.
തില്ലങ്കേരി: ഒന്നിച്ചൊന്നായ് തില്ലങ്കേരി എന്ന പേരില്‍ തില്ലങ്കേരി പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീ സൗഹൃദ പഞ്ചായത്ത് കരട് നയരേഖ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമന് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ രതീഷ് കൈമാറി. കില കോര്‍ഡിനേറ്റര്‍ ഡോ.കെ.പി എന്‍ അമൃത, കില ട്രെയിനിങ്ങ് അസോസിയേറ്റ് റിസ്മിയ ആര്‍.ഐ എന്നിവര്‍ സംബന്ധിച്ചു.
നിടുംപൊയില്‍: 29-ാം മൈല്‍ വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മാലിന്യം തള്ളി. തലശ്ശേരി- ബാവലി റോഡില്‍ ഇരുപത്തി ഒന്‍പതാം മൈല്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരവും, ശിക്ഷാര്‍ഹവുമാണെന്ന് കാണിച്ച് കണിച്ചാര്‍ പഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡിന് സമീപത്തും വെള്ളച്ചാട്ടത്തിലുമാണ് ഭക്ഷണാവശിഷ്ടങ്ങള്‍, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്സ്, ടിഷ്യൂ പേപ്പര്‍ തുടങ്ങിയവ തള്ളിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ജിമ്മി അബ്രാഹം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിഷ പറമ്പത്ത് കല്ലി, സെക്ഷന്‍ ക്ലര്‍ക്കുമാരായ യഥുനാഥ്, മധു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.