നൈപുണ്യ വികസനത്തിന് വലിയ സാധ്യതകളേകുന്ന അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും.നൂതന തൊഴില്‍ മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ പരിജ്ഞാനം ഉള്ളവരുമായ യുവജനതയെ വാര്‍ത്തെടുക്കാനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷണല്‍ സ്‌കില്‍ അസോസിയേഷന്‍ പ്രോഗ്രാം അഥവാ അസാപ്. അസാപിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കില്‍ പാര്‍ക്കാണിത്. 33780 ചതുരശ്ര അടിയില്‍ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് കെട്ടിട നിര്‍മ്മാണം. പ്രീ ഫാബ് ടെക്നോളജി ഉപയോഗിച്ച് പൂര്‍ത്തീകരിച്ച കണ്ണൂര്‍ ജില്ലയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിടം എന്ന പ്രത്യേകതയും ഇതിനുണ്ട്.
മൂന്ന് നിലകളില്‍ അത്യാധുനിക ക്ലാസ് മുറികള്‍, ലാബ് സൗകര്യങ്ങള്‍, ലോക്കര്‍ സൗകര്യമുള്ള വസ്ത്രങ്ങള്‍ മാറാനുള്ള മുറികള്‍, മീറ്റിംഗ് റൂമുകള്‍, സെര്‍വര്‍ റൂം, നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാന്‍ ഫില്‍റ്റര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ (എന്‍. ടി. ടി.എഫ്) ആണ് സ്‌കില്‍ പാര്‍ക്കിന്റെ ഓപ്പറേറ്റിംഗ് പാര്‍ട്ണര്‍. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെ വിഭാവനം ചെയ്ത 16 പാര്‍ക്കുകളില്‍ ഒന്നാണ് ധര്‍മ്മടം മണ്ഡലത്തിലെ പാലയാട് നിര്‍മ്മിച്ചിട്ടുള്ളത്.
തൊഴില്‍ സാധ്യത ഏറെയുള്ള ടൂള്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഡിജിറ്റല്‍ മാനുഫാക്ചറിംഗ്, ടൂള്‍ ഡിസൈനിംഗ് പ്രിസിഷന്‍ ആന്‍ഡ് സി.എന്‍.സി മെഷിനിംഗ് കണ്‍വെന്‍ഷനണല്‍ ആന്‍ഡ് സി.എന്‍.സി വെര്‍ട്ടിക്കല്‍ മില്ലിങ്ങ്, കോണ്‍വെന്‍ഷനണല്‍ ആന്‍ഡ് സി എന്‍ സി ടേണിങ് കോഴ്‌സുകള്‍ എന്‍ ടി ടി എഫിന്റെ നേതൃത്വത്തില്‍ നടത്തും. കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ദേശീയ അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളിലും ഇവിടെ പരിശീലനം നല്‍കും. പ്ലസ് ടു കഴിഞ്ഞവര്‍ക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്കായി ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്‌സുകള്‍ക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകള്‍ ഉള്‍ക്കൊളളുന്ന കണ്‍വെന്‍ഷണല്‍ മെഷീന്‍, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉള്‍ക്കൊളളുന്ന കമ്പ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കണ്‍ട്രോള്‍ മെഷീന്‍, ത്രീഡി പ്രിന്റര്‍ മെഷിന്‍, ഇലക്ട്രിക്ക് ഡിസ്ചാര്‍ജ് മെഷീന്‍ എന്നിവയാണവ.
പ്രതിവര്‍ഷം 400 ഓളം ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിച്ചു തൊഴില്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. വിജയകരമായി കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ ക്യാമ്പസ് പ്ലെയ്‌സ്‌മെന്റ് സഹായം നല്‍കും. ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററി മെയിന്റനന്‍സ് തുടങ്ങി വരും കാലത്തെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അതിനനുസൃതമായ കോഴ്‌സുകളും ഉടന്‍ ആരംഭിക്കും. പൊതു സമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ ഒരു യൂനിറ്റും സെന്ററില്‍ പ്രവര്‍ത്തിക്കും.