Hivision Channel

അക്രമകാരികളായ തെരുവുനായ്ക്കളുടെ ദയാവധം: സുപ്രീംകോടതി ഹരജിയിൽകണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരും

കണ്ണൂർ:വർധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡൻറ് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പേവിഷ ബാധ നിർമാർജനത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെയും, മൃഗസ്‌നേഹികളുടെയും സഹകരണത്തോടെ തെരുവ് നായ്ക്കളുടെ വാക്‌സിനേഷൻ ബുധനാഴ്ച പയ്യാമ്പലത്ത് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പടിയൂരിൽ ആധുനിക സജ്ജീകരണങ്ങളോടെ പണികഴിപ്പിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്റർ സെപ്റ്റംബർ അവസാന വാരത്തോടെ പ്രവർത്തനം ആരംഭിക്കും. എബിസി സെന്ററിലേക്ക് ആവശ്യമുള്ള പട്ടി പിടിത്തക്കാരേയും ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തദ്ദേശ സ്ഥാപനമേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ അനധികൃതമായ പ്രവർത്തിക്കുന്ന പ്രജനന കേന്ദ്രങ്ങളുണ്ട്. ഇത്തരം പ്രജനന കേന്ദ്രങ്ങൾക്കും ലൈസൻസ് ഇല്ലാതെ വളർത്തുമൃഗങ്ങളെ വളർത്തുന്നവർക്കും പിഴ ഈടാക്കും. മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ പൊതു ഇടങ്ങളിൽ സിസിടിവി സ്ഥാപിക്കും. വന്ധ്യംകരിച്ച പട്ടികൾക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കും. വാക്‌സിനേഷനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്യാമ്പ് നടത്തും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധമാക്കും. ജില്ലയിൽ വളർത്തുമൃഗങ്ങളുടെ സെൻസസ് നടത്തി കൃത്യമായ കണക്കുകൾ ശേഖരിക്കും. സ്‌കൂൾ പരിസരത്ത് തെരുവുപട്ടികൾക്ക് മൃഗസ്‌നേഹികൾ ഭക്ഷണം നൽകുന്നത് നിർത്തലാക്കും. തെരുവ് പട്ടികൾക്ക് ഭക്ഷണം നൽക്കുന്നതിന് തദ്ദേശ സ്ഥാപനവും മൃഗസ്‌നേഹികളുമായി ചേർന്ന് പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. മൃഗസ്‌നേഹികൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടാൽ അവരെ വിലക്കാനോ അക്രമിക്കാനോ പാടില്ലെന്ന് പ്രസിഡൻറ് പറഞ്ഞു.  തെരുവ് നായശല്യം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും ജനകീയ സമിതികൾ രൂപീകരിക്കും. ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രവർത്തനങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും അഭ്യർഥിച്ചു.തെരുവുനായ ശല്യം ചർച്ച ചെയ്യാനായി പ്രസിഡൻറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ചേർന്നു. മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, അഡ്വ. ടി ഒ സരള, വി കെ സുരേഷ് ബാബു, എഡിഎം കെ കെ ദിവാകരൻ, തദ്ദേശ വകുപ്പ് ജോയിൻറ് ഡയറക്ടർ അരുൺ ടി ജെ, ജില്ലാ മൃസംരക്ഷണ ഓഫീസർ ഡോ. എസ് ജെ ലേഖ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി അജിത് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *