അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിർദേശിച്ചിട്ടും പ്രതികൾ ലംഘിച്ചിരുന്നു. കടുത്ത നടപടി എടുക്കുമെന്ന വിചാരണ കോടതിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് പ്രതികൾ എത്തിയത്. 16 പ്രതികളും കോടതിയിൽ എത്തി. പുതുതായി ചുമത്തിയ കുറ്റമാണ് പ്രതികൾക്ക് വായിച്ചു കേൾപ്പിച്ചത്. എന്നാൽ കുറ്റം നിഷേധിക്കുകയായിരുന്നു പ്രതികൾ. കേസ് തിങ്കളാഴ്ച പരിഗണിക്കും. വിചാരണ പതിനേഴാം തീയതി ഷെഡ്യൂൾ ചെയ്യാനും തീരുമാനിച്ചു.2018 ജൂലൈ 2 നാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകൾ കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നാീട് രേഖകൾ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്. വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും 9 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്പെയിന് സന്ദര്‍ശിച്ച വകയില്‍ 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് ചെലവായത്. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് മുന്‍ മന്ത്രി അബ്ദുറഹിമാന് തന്നെയാണ് മറുപടി നല്‍കിയിരുന്നത്. മന്ത്രിയുടെ ഔദ്യോഗിക കത്തിടപാടുകള്‍ സ്വകാര്യ വ്യക്തിയ്ക്ക് നല്‍കിയതിലും ദുരൂഹതയുണ്ട്. മെസിയെ എത്തിക്കാന്‍ ശ്രമിച്ചതില്‍ സര്‍ക്കാരിന് ചില്ലി കാശ് നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു നിലവിലെ കായിക വകുപ്പിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ പ്രതികരണം. അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം, അര്‍ജന്റീന അക്കാദമികള്‍ കേരളത്തില്‍ ആരംഭിക്കുക, സ്പെയിന് ഹയര്‍ സ്പോര്‍ട്ട്സ് കൗണ്‍സിലുമായുള്ള സഹകരണം തുടങ്ങിയവയുടെ ചര്‍ച്ചകള്‍ക്കായി 13,0434 രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ടെന്നാണ് മുന്‍ മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞത്. നിയമസഭാ രേഖയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുന്‍ സര്‍ക്കാരും സ്പോണ്‍സറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. കളക്ഷന്‍ ഏജന്റായി വെച്ച വിദേശ സ്ഥാപനത്തിന്റെ പശ്ചാത്തലം സുതാര്യമല്ല. വിദേശ നാണയ ഒഴുക്ക് ഉണ്ടായിട്ടും ധന വകുപ്പ് പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഈ വിഷയം മന്ത്രി സഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യാനാണ് സാധ്യത.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവത്തിൽ മുൻ അബ്കാരി കേസിലെ പ്രതിയായ കൊട്ടിയൂർ ആലുങ്കൽ വീട്ടിൽ ബിജുവിനെതിരെ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട്, കരിമ്പുംകണ്ടം തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊട്ടൻതോട്–കരിമ്പുംകണ്ടം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ചാക്കിൽ 10 ലിറ്റർ ചാരായവുമായി ബിജു എത്തുകയായിരുന്നു.എക്സൈസ് സംഘത്തെ കണ്ടതോടെ ചാരായം ഉൾപ്പെടെയുള്ള ചാക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് അബ്കാരി നിയമത്തിലെ 8(1), 8(2) വകുപ്പുകൾ പ്രകാരം CR No. 83/26 ആയി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ബിജു, മജീദ് കെ., സിവിൽ എക്സൈസ് ഓഫീസർ എം.കെ. ബാലകൃഷ്ണൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷാ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ പരീക്ഷ രേഖകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ. പരാതിക്കാരനായ ശ്യാം കൃഷ്ണന് കോടതി നോട്ടീസ് അയച്ചു. സെലക്ഷൻ പ്രോസസ്സ് പൂർത്തിയായിട്ടില്ലെന്നും പൂർത്തിയായ ശേഷം പരീക്ഷ രേഖകൾ നൽകാമെന്നും അല്ലെങ്കിൽ പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നും പിഎസ്സി കോടതിയിൽ വാദിച്ചു. അഭിമുഖം കഴിഞ്ഞിട്ടില്ലെന്നും പിഎസ്സി കോടതിയെ അറിയിച്ചു. പിഎസ്സി വാദം കേട്ട ശേഷമാണ് ഉത്തര കടലാസ്സുകൾ നൽകാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.വിവരാവകാശ കമ്മീഷണർ ഉത്തരവിനെതിരെ പിഎസ്സി നൽകിയ റിട്ട് ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹർജിയിലുള്ള സാങ്കേതിക പിഴവ് തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരന്റെ അപേക്ഷയിൽ പരീക്ഷ ഉത്തരക്കടലാസ്സിന്റെയും ഇന്റർവ്യൂ മാർക്ക് ലിസ്റ്റിന്റെയും മുഴുവൻ രേഖകളും ലഭ്യമാക്കാൻ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കാൻ പിഎസ്സി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവരാവകാശ കമ്മീഷണർ കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അതിനിടെയിലാണ് റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ആലുവ സൈബര്‍ റൂറല്‍ പൊലീസാണ് നോട്ടീസ് നല്‍കിയത്.നേരത്തെ തൊപ്പി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ എന്ന് നിരീക്ഷിച്ചാണ് അന്ന് ഹര്‍ജി തീര്‍പ്പാക്കിയത്. മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയിരുന്നില്ല.
നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. ഇതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചതതിനെ തുടര്‍ന്ന് പിന്നാലെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. തൊപ്പി അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ച യുട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.
മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പ് റിപ്പോർട്ടിന്റെ പകർപ്പ്. മെസിയെ എത്തിക്കാനുള്ള നീക്കത്തിന്റെ ഒരു കരാർ രേഖകളുമില്ല. സ്പോൺസർ സർക്കാർ എഗ്രിമെന്റ് ഇല്ല. നീക്കത്തിന് നിയമ സാധുത ഇല്ലെന്നു കായിക വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. റിപ്പോർട്ടിൽ ഗൗരവ സ്വഭാവത്തിലുള്ള ശുപാർശകളാണുള്ളത്.മെസിയെ കൊണ്ട് വരാനുള്ളത് വ്യാജ നീക്കം. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ശുപാർശ. ഫിഫ അംഗീകാരമില്ലാതെയാണ് വാഗ്ദാനം. ചട്ടങ്ങൾ മറികടന്ന് എൽഡിഎഫ് സർക്കാർ വാഗ്ദാനം നൽകി. മുൻ കായിക മന്ത്രി നടപടിക്രമം പാലിച്ചില്ല. കലൂർ സ്റ്റേഡിയം സ്പോൺസർമാർക്ക് കൈമാറിയതിലും വീഴ്ച്ചയുണ്ടായി.
അർജൻ്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നു. എന്നാൽ പണം കൈമാറിയതിൻ്റെയോ എഎഫ്എ അത് സ്വീകരിച്ചതിൻ്റെയോ യാതൊരു രേഖകളും സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിൻ്റെ രേഖയോ സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പിട്ടതിൻ്റെ രേഖകളോ കണ്ടെത്താനായിട്ടില്ല. കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് തുടർനടപടികൾക്കായി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി.റിപ്പോർട്ടിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കുമെന്ന് കായിക യുവജനകാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒജെ ജനീഷ് പറഞ്ഞു. നിലവിൽ കായിക വകുപ്പ് നൽകിയിട്ടുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമാണ്. ഈ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടതെന്ന് കായിക മന്ത്രി ഒജെ ജനീഷ് വ്യക്തമാക്കി.