
കാസർഗോഡ് എംഡിഎംഎ കേസിൽ അറസ്റ്റിലായവർക്ക് താനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അറസ്റ്റിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൽ സലാം എന്നിവരെ തനിക്ക് നേരിട്ട് അറിയാമെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ ഇവരുടെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് ഇപ്പോഴത്തെ അറസ്റ്റോടെയാണ് അറിഞ്ഞതെന്നും വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഹുസൈനെ പോലീസ് മർദനത്തിന് ഇരയായപ്പോഴാണ് താൻ ആദ്യമായി വിളിക്കുന്നതെന്ന് സതീശൻ വിശദീകരിച്ചു. നവകേരള സദസിനിടെ പെരുമ്പാവൂർ കുറുപ്പംപടി എംജിഎം സ്കൂളിന് മുന്നിൽ വച്ചുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ഹുസൈന് പരിക്കേറ്റിരുന്നു. അന്ന് പരിക്കേറ്റ മറ്റ് പ്രവർത്തകരെപ്പോലെ തന്നെ ഇയാളെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടർന്ന്, വെങ്ങോല പഞ്ചായത്തിലെ ഒരു പരിപാടിക്കിടെ എംഎൽഎയുടെയും പാർട്ടി ഭാരവാഹികളുടെയും നിർദേശപ്രകാരമാണ് ഹുസൈന്റെ വീട് സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൽകിയ വാക്കിന്റെ പുറത്തായിരുന്നു ആ സന്ദർശനം. ഇതിനുശേഷം മൂന്നോ നാലോ തവണ ഹുസൈൻ തന്നെ കാണാൻ വന്നിട്ടുണ്ടെന്നും, എന്നാൽ പോലീസ് മർദനമേറ്റ ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലയിലുള്ള പരിഗണന മാത്രമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ ഹുസൈൻ ആണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും സതീശൻ പൂർണ്ണമായും തള്ളി. തനിക്ക് നിലവിൽ പ്രത്യേകിച്ചൊരു സോഷ്യൽ മീഡിയ ടീമോ കോർഡിനേറ്ററോ ഇല്ലെന്നും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും അത് ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവർക്ക് ലഹരിമരുന്നുമായി ബന്ധമുള്ള കാര്യം പാർട്ടിക്കാർക്കോ പൊതുജനങ്ങൾക്കോ യാതൊരുവിധ അറിവുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.














