Hivision Channel

Local News

ശബരിമല സ്വർണക്കൊള്ള: മൊഴി നിർണായകം, സോണിയാ ​ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ളയിൽ സോണിയാ ​ഗാന്ധിയേയും എസ്ഐടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ സോണിയാ​ഗാന്ധിയുടെ മൊഴി നിർണായകമാണെന്നും അദ്ദേഹം പറ‍ഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂർ പ്രകാശിനും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണ്. അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പേരാവൂർ ശ്രീ ശങ്കരാചാര്യയിൽ പുതുവത്സരാഘോഷവും കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു

പേരാവൂർ : പേരാവൂർ ശ്രീ ശങ്കരാചാര്യയിൽ പുതുവത്സരാഘോഷവും കലണ്ടർ പ്രകാശനവും സംഘടിപ്പിച്ചു. ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.നിഷ ബാലകൃഷണൻ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കലണ്ടർ പ്രകാശനം കാർമൽ സെൻ്റർ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീമതി ദിവ്യ നിർവഹിച്ചു. പരിപാടിയിൽ പേരാവൂർ ശങ്കരാചാര്യ മനേജർ പ്രധാന അധ്യാപകൻ അനിൽ കുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരികളോട് കൂടിയ പുതുവത്സരാഘോഷ പരിപാടി പുതുവത്സര ദിനത്തിൻ്റെ മാറ്റ് കൂട്ടി

തോല്‍വി അംഗീകരിക്കുന്നു, എന്നാല്‍ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്ന് കണക്കുകള്‍ പറയുന്നുണ്ട്, അടിത്തറ ഭദ്രം: എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ എ പത്മകുമാറിനെതിരെ സിപിഐഎം ഉടന്‍ നടപടിയെടുക്കില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്മകുമാറിനെതിരെ കുറ്റപത്രം വരുമ്പോള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നടപടിയെക്കുറിച്ച് ആലോചിക്കൂ. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വിഷയമായോ എന്ന് വിശദമായി പരിശോധിക്കും. ശബരിമല വിഷയം മറ്റ് പാര്‍ട്ടികള്‍ക്ക് നേട്ടമായിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘ശബരിമലകൊള്ള പാർലമെന്റിലും ഉന്നയിക്കേണ്ട പ്രധാനപ്പെട്ട വിഷയം; അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ല’; സണ്ണി ജോസഫ്

ശബരിമല സ്വർണ്ണപ്പാളി കൊള്ള പാർലമെന്റിലും ഉന്നയിക്കേണ്ട പ്രധാനപ്പെട്ട വിഷയം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമല ഭക്തർ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഹൈക്കോടതി ആവർത്തിച്ചു പറഞ്ഞു ശബരിമല കൊള്ളയിൽ ഉന്നതന്മാർ ഇനിയും പെട്ടിട്ടുണ്ട്. പക്ഷേ അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ല അന്വേഷണസംഘത്തിന് മുകളിൽ സർക്കാരിന്റെ നിയന്ത്രണമുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു.ശബരിമല വിവാദം പ്രതീക്ഷിച്ചതിൽ കൂടുതൽ തിരിച്ചടിച്ചു എന്ന സിപിഐയുടെ പ്രതികരണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വൈകിയാണെങ്കിലും അത്തരം കാര്യങ്ങൾ സിപിഐ പറഞ്ഞത് നല്ല കാര്യമാണെന്ന് അദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു, റെക്കോർഡുകൾ തകർത്ത് കയറി വെള്ളിയും

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് 360 രൂപയും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

‘UDFന് ലഭിച്ചത് ചരിത്ര വിജയം; BJPയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ആലോചിക്കുന്നില്ല’; രമേശ് ചെന്നിത്തല

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎംശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തിരഞ്ഞെടുപ്പിൽ ചർച്ചയായെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.യുഡിഎഫ് പ്രവർത്തകർക്കുനേരെ സിപിഐഎം അക്രമം അഴിച്ചു വിടുന്നു. നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി. ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല. ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ബിജെപി മുഖ്യ ശത്രു തന്നെയാണെന്നും എന്നാൽ ജനവിധി അട്ടിമറിക്കാൻ കോൺ​ഗ്രസില്ലെന്നും അദേഹം പറഞ്ഞു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.

‘പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശക്തമായി തിരിച്ചു വരും. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറ‍ഞ്ഞു.ക്ഷേമപെൻഷനിലെ എം എം മണിയുടെ അധിക്ഷേപ പരാമർശം തള്ളി ബിനോയ് വിശ്വം തള്ളി. കമ്മ്യൂണിസ്റ്റുകാർ നിലപാട് പറയുമ്പോൾ ഉപയോഗിക്കുന്ന വാക്കുകൾ ശൈലി പ്രധാനപ്പെട്ടതാണെന്നും അതിനകത്ത് എല്ലാമുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. എകെജി സെൻറർ ഫ്ലാറ്റിൽ ആയിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇരു പാർട്ടികളുടെയും നേതൃയോഗം ചേരുന്നതിന് ഇടയിലാണ് കൂടിക്കാഴ്ച.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണനേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും ആഗോള അയ്യപ്പസംഗമും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. സർക്കാരിന് ജനപിന്തുണ കുറയുന്നു വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കൾക്കുള്ളത്.

നിർധനരായ രോഗികൾക്കായി ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കാൻ 120 കോടി രൂപയുടെ നിക്ഷേപവുമായി ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ

പ്രഖ്യാപനം ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ 39-ാമത് സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച്രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കും; നിർധനരായ രോഗികൾക്ക് ഇളവുകൾ. ആദ്യത്തെ സെന്റർ വയനാട്ടിൽ ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുംബെംഗളൂരു, ഡിസംബർ 11, 2025: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ. ആസ്റ്റർ ഡി.എം. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും. ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം കേരളത്തിലെ വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുന്നത്. ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് 2026-ഓടെ ഈ സെന്റർ പ്രവർത്തനം തുടങ്ങും. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. അടുത്ത മൂന്നു വർഷം കൊണ്ട് റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ആവശ്യകതയും ക്ലിനിക്കൽ സാധ്യതയും അടിസ്ഥാനമാക്കി പിന്നീട് പ്രഖ്യാപിക്കും. ക്യാൻസർ ചികിത്സാചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിപ്പോയവർക്കും ഉന്നത നിലവാരമുള്ള റേഡിയേഷൻ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. “ഞങ്ങളുടെ 39-ാമത് സ്ഥാപക ദിനത്തിലാണ് ഈ പ്രഖ്യാപനമെന്നത് ഏറെ പ്രധാനമാണ്. കാരണം, ദയ, സമത്വം, മികവ് എന്നിവയിലൂന്നിക്കൊണ്ടാണ് ‘ആസ്റ്റർ’ തുടങ്ങിയത്. കഴിഞ്ഞ 39 വർഷത്തിനിടെ ഞങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ആശുപത്രി ശൃംഖലകളിൽ ഒന്നായി വളർന്നു, എന്നാൽ ഏറ്റവും ആവശ്യമുള്ളവരിലേക്ക് മികച്ച പരിചരണം എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യത്തിന് മാറ്റമൊന്നും വന്നിട്ടില്ല. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. അന്തസ്സോടും ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കാൻസറിനെതിരെ പോരാടാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യം എന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ള രോഗികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമായോ അല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ നിർത്തിയ രോഗികൾക്ക് മുൻഗണന നൽകും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ ‘ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകൾ. സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും രോഗികൾക്ക് ചികിത്സ പാതിവഴിയിൽ നിർത്തേണ്ടി വരുന്നതും കണക്കിലെടുക്കുമ്പോൾ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഈ സംരംഭം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തടസ്സങ്ങൾ കാരണം കുറഞ്ഞ വരുമാനമുള്ളവർക്ക് അത്യാവശ്യമായ റേഡിയേഷൻ തെറാപ്പി ഒഴിവാക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം.

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണു; സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു

കൊല്ലം കൊട്ടിയം മൈലക്കാട് നിര്‍മാണത്തില്‍ ഇരുന്ന ദേശീയപാത തകര്‍ന്നു വീണു. സ്‌കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേര്‍ന്ന സര്‍വീസ് റോഡും അപകടത്തില്‍ ഇടിഞ്ഞു താണു. കുട്ടികളടക്കമുണ്ടായിരുന്ന വാഹത്തില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു. ആര്‍ക്കും പരുക്കുകള്‍ ഇല്ല. വലിയ രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്. 500 മീറ്റര്‍ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്.വയലുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്.

റോഡ് ഉയരത്തില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയാണ് നിര്‍മാണങ്ങള്‍ ആരംഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കുന്നതെങ്കിലും ഇത്തരത്തിലുള്ള വലിയ അപകടം എങ്ങിനെ ഉണ്ടായി എന്ന ആശങ്ക നിലനില്‍ക്കുകയാണ്.

വാഹനപ്രചാരണം; മോട്ടോര്‍വാഹന നിയമം പാലിക്കണം,പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

കണ്ണൂര്‍:പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ മോട്ടോര്‍വാഹനചട്ടങ്ങള്‍ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ഥിക്ക് ഇരുചക്ര വാഹനമുള്‍പ്പെടെ ഉപയോഗിക്കാം. എന്നാല്‍ വാഹനപ്രചാരണ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിന്റെ പരിധിയില്‍ വരുന്നതാണ്. പ്രചരണ വാഹനത്തിന് വരണാധികാരിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളില്‍ പ്രചാരണം പാടില്ല.

വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെര്‍മിറ്റ് നല്‍കുന്നത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്സി / ടൂറിസ്റ്റ് പെര്‍മിറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, ടാക്സ് അടച്ചതിന്റെ രേഖ, ഇന്‍ഷുറന്‍സ്, പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് പെര്‍മിറ്റിനായി ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നല്‍കേണ്ടത്.
വരണാധികാരി നല്‍കുന്ന ഒറിജിനല്‍ പെര്‍മിറ്റ് വാഹനത്തിന്റെ മുന്‍വശത്ത് കാണത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം. പെര്‍മിറ്റില്‍ വാഹനത്തിന്റെ നമ്പര്‍, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന്റെ രൂപമാറ്റം, വാഹനത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം, കൊടി എന്നിവയുടെ പ്രദര്‍ശനം, വീഡിയോ പ്രചരണ വാഹനം എന്നിവയെല്ലാം മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കണം.

പ്രചാരണ വാഹനങ്ങളില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിന് പോലീസ് അധികാരിയുടെ അനുമതി വാങ്ങണം. ഇതിനായി വരണാധികാരി നല്‍കിയ വാഹന പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അപേക്ഷിക്കണം. വരണാധികാരിയുടേയോ പോലീസ് അധികാരിയുടേയോ പെര്‍മിറ്റ് ഇല്ലാത്ത വാഹനം പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. അത്തരം വാഹനം അനധികൃത പ്രചാരണ വാഹനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശിച്ചു.

ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം.

തങ്ങളുടെ അനുയായികള്‍ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്തു കൂടി മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തുവാന്‍ പാടില്ല. ഒരു കക്ഷിയുടെ ചുവര്‍പരസ്യങ്ങള്‍ മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏതെങ്കിലും നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ പ്രാബല്യത്തില്‍ ഇല്ല എന്ന് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. ഇവയില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടിത്തന്നെ അപേക്ഷിച്ച് അനുമതി നേടേണ്ടതാണ് .

പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തുകയോ യോഗസ്ഥലത്ത് ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. തിരഞ്ഞെടുപ്പ് വേളയില്‍ നടത്തപ്പെടുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്.

യോഗങ്ങള്‍ നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, അനുവദനീയമായ ശബ്ദത്തില്‍ മാത്രമേ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിക്കാവൂ.

ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്ന സമയവും സ്ഥലവും കടന്നുപോകുന്ന റൂട്ടും ജാഥ അവസാനിപ്പിക്കുന്ന സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കുകയും ആവശ്യമായ പോലീസ് ക്രമീകരണങ്ങള്‍ക്കായി അതത് പ്രദേശത്തെ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്.

ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ടോ എന്ന് സംഘാടകര്‍ പരിശോധിക്കുകയും ഈ നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയിട്ടില്ലെങ്കില്‍ അവ കൃത്യമായി പാലിക്കുകയും വേണം.

വാഹനഗതാഗതത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തില്‍ ജാഥ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ വളരെ ദൈര്‍ഘ്യമേറിയതാണെങ്കില്‍, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

ജാഥകള്‍ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കല്‍ പോലീസിന്റെ സഹായം തേടാവുന്നതാണ്.

ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ട് പോകുന്നത് ഒഴിവാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം.

മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങള്‍ നടത്തുന്നതും കുറ്റകരമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപൂര്‍ണമായിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിച്ചു.