
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ എ പത്മകുമാറിനെതിരെ സിപിഐഎം ഉടന്‍ നടപടിയെടുക്കില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരിക്കുന്നത്. പത്മകുമാറിനെതിരെ കുറ്റപത്രം വരുമ്പോള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ നടപടിയെക്കുറിച്ച് ആലോചിക്കൂ. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വിഷയമായോ എന്ന് വിശദമായി പരിശോധിക്കും. ശബരിമല വിഷയം മറ്റ് പാര്‍ട്ടികള്‍ക്ക് നേട്ടമായിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും കൂടുതല്‍ സീറ്റുകള്‍ കിട്ടുമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.














