Hivision Channel

Kerala news

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ: നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചിൽ. വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കഴിഞ്ഞ മണിക്കൂറിലായി കനത്ത മഴയായിരുന്നു ഇവിടെ അനുഭവപ്പെട്ടിരുന്നത്. എന്‍ഡിആര്‍എഫ് സംഘത്തോട് സംഭവസ്ഥലത്തേക്ക് പുറപ്പെടാന്‍ മന്ത്രി ടി സിദ്ദിഖ് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിട്ടുണ്ട്.വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിട്ടില്ല. തുരങ്കപാതയില്‍ നിര്‍മാണ് നടക്കുന്നതിനാല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയമുണ്ട്. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. രണ്ടു പേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ പരുക്ക് ​ഗുരുതരല്ല. തുടർച്ചയായ മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് വിലയിരുത്തൽ.

കള്ളാടി മണ്ണിടിച്ചിൽ: ‘ഏഴ് പേരെ കാണാതായിട്ടുണ്ട്, അപകടത്തിന് കാരണം മണ്ണ് കൂട്ടി ഇട്ടത്; ദൗർഭാ​ഗ്യകരമായ ദുരന്തം’: മുഖ്യമന്ത്രി

കള്ളാടി തുരങ്കപാത നിർമാണമേഖലയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കരാറുകാർ ഉത്തരവ് പാലിച്ചില്ല. മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.ണ്ടു മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചു. ദൗർഭാ​ഗ്യകരമായ ​​​​ദുരന്തമാണെന്നും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ‌ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ ഏഴ് പേരെ കാണാതായിട്ടുണ്ട്. ഏഴ് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജോലിക്കാർക്ക് പുറമേ നാട്ടുകാർ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എൻ ഡി ആർ എഫിന്റെ 30 അംഗസംഘം വയനാട്ടിൽ നിന്നും കോഴിക്കോടിൽ നിന്നും 30 അംഗ സംഘം സ്ഥലത്തേക്ക് തിരിച്ചു. ഡിഫൻസ് സെക്യൂരിറ്റിയുടെ 100 അംഗങ്ങളുടെ ടീമിന് സ്റ്റാൻഡ് ബൈ ആയി നിയോഗിച്ചിട്ടുണ്ട്. മണ്ണ് മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടും, അത് പാലിച്ചില്ല. ഇത് മനുഷ്യനിർമ്മിത ദുരന്തം ആണ്. വയനാട്ടിൽ 226 മില്ലി മീറ്റർ മഴ രാവിലെ തന്നെ സ്ഥലത്ത് പെയ്തിട്ടുണ്ട്. അലർട്ടുകളിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് നെയ്മര്‍ വിരമിച്ചു

ബ്രസീലിയന്‍ ഫുട്ബോളിന്റെ സുവര്‍ണ കാലത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൂപ്പര്‍ താരം നെയ്മര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഫിഫ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ പുരുഷ ഫുട്ബോള്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ തന്റെ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.

നെയ്യാറ്റിന്‍കരയില്‍ 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; 4 പേര്‍ പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍, 22 വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍, നാല് പേര്‍ കാഞ്ഞിരംകുളം പൊലീസിന്റെ കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ബിജു എന്ന പൊടിയന്‍, ഇയാളുടെ മകന്‍ മിഥിന്‍, സഹോദരന്‍ വിജിന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. കൊലപാതകം നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു. കാഞ്ഞിരംകുളം ആലുനിന്നകുഴി എന്ന സ്ഥലത്ത് വെച്ചാണ് കൊലപാതകം നടന്നത്. മനോജ് എന്ന് വിളിക്കുന്ന മനു ആണ് കൊല്ലപ്പെട്ടത്.

മിഥിന്റെ വീട്ടില്‍ സഹോദരനെ കാണാന്‍ എത്തിയ യുവാവിന്റെ ബൈക്കിന്റെ പെട്രോള്‍ തീരുകയും പെട്രോള്‍ വാങ്ങി ഒഴിച്ച ശേഷം ബൈക്ക് റെയ്സ് ചെയ്യുകയും ചെയ്തു. എന്നാല്‍ ബൈക്ക് റെയ്സ് ചെയ്തത് സമീപവസിയായ മനോജ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ മനോജിനെ ആദ്യം കൊണ്ട് പോയത് നെയ്യാറ്റിന്‍കര ആശുപത്രിയിലായിരുന്നു. കൈയ്യില്‍ പരുക്കേറ്റ മിഥിനെയും ഇതേ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇവിടെ വെച്ചും ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

ജഡ്ജിയ്ക്ക് ആരോഗ്യ പ്രശ്‌നം; നെന്മാറ ഇരട്ടകൊലപാതകത്തില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല

കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടകൊലപാതക കേസില്‍ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. പാലക്കാട് അഡീ സെഷന്‍സ് കോടതി നാലിലെ ജഡ്ജിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിധി നീട്ടിയത്. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകും.

2025 ജനുവരി 27 നായിരുന്നു നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.

തന്റെ കുടുംബം തകരാന്‍ കാരണം അയല്‍വാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ല്‍ സജിതയെ കൊലപ്പെടുത്താനുള്ള കാരണം.കേസില്‍ ചെന്താമരയ്ക്ക് നേരത്തെ കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ചെന്താമര വീണ്ടും ഇരട്ടകൊലപാതകം നടത്തിയത്. ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. സജിത കൊലക്കേസില്‍ പ്രതിക്ക് കോടതി നേരത്തെ തന്നെ ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു.

അതേസമയം, കേസ് വിസ്താരത്തിനിടെ ചെന്താമരയുടെ സഹോദരന്‍ അടക്കമുള്ള സാക്ഷികള്‍ മൊഴി മാറ്റിയിരുന്നു. ചെന്താമരയുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, അയല്‍വാസി എന്നിവരാണ് മൊഴി മാറ്റിയത്.കൊലപാതകത്തിന് തലേദിവസം ചെന്താമര തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന മൊഴി ചെന്താമരയുടെ സഹോദരന്‍ രാധാകൃഷ്ണന്‍ കോടതിയില്‍ നിഷേധിച്ചു. രാധാകൃഷ്ണന്റെ ഭാര്യ രമയും, അയല്‍വാസി പൊന്നുകുട്ടിയും പൊലീസിന് നല്‍കിയ മൊഴികളില്‍ ചിലത് കോടതിയില്‍ നിഷേധിച്ചു.

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സപ്ലൈകോക്ക് 4,169 കോടിയുടെ കടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ. ബാങ്ക് വായ്പയെടുത്തതും വിതരണക്കാര്‍ക്ക് നല്‍കാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രം. മാര്‍ച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയില്ല.

സര്‍ക്കാര്‍ നല്‍കുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകള്‍ നികത്തി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെന്നതാണ് സപ്ലൈകോ നേരിടുന്ന വെല്ലുവിളി. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടലും കൂടുതല്‍ സഹായം നല്‍കണമെന്നുമാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. വിതരണക്കാര്‍ വലിയ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിരുന്നു. ഓണക്കാലം വരാന്‍ ഇരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമാകാന്‍ സാധ്യതയുള്ള വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നത്. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീന്‍പിടുത്തത്തിനുള്ള നിരോധനം തുടരന്നു. കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രം സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിന് എം.എസ്.സി ഡാറ്റാ സയന്‍സ് കോഴ്‌സ് അനുവദിച്ചു

ഇരിട്ടി: ഇരിട്ടി മഹാത്മാ ഗാന്ധി കോളേജില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ബിരുദാനന്തര ബിരുദ കോഴ്‌സായ എം.എസ്.സി ഡാറ്റാ സയന്‍സിന് (M.Sc. Data Science) ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ എയ്ഡഡ്/ഗവണ്‍മെന്റ് മേഖലയില്‍ ആദ്യമായാണ് ഈ കോഴ്‌സ് ആരംഭിക്കുന്നത്.ആധുനിക സാങ്കേതിക ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതകളുള്ള ഒരു മുന്‍നിര കോഴ്‌സാണിത്.സര്‍വകലാശാല പ്രവേശന പോര്‍ട്ടലില്‍ അടുത്ത ദിവസം തന്നെ കോഴ്സ് ഉള്‍പ്പെടുത്തുമെന്നും, ഈ വര്‍ഷം തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനായി അപേക്ഷിക്കാമെന്നും കോളേജ് അധികൃതര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 04902431666

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ടാണ്. വരും ദിവസങ്ങളില്‍ മധ്യകേരത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു. ആറുപേര്‍ കൂടല്‍ പൊലീസ് കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത നാലുപേരും പ്രായപൂര്‍ത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ആയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നല്‍കിയിരിക്കുന്ന മൊഴി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ടു പേരും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.

പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയില്‍ ഉള്ള പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചു പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.സംഭവത്തില്‍ കൂടല്‍ പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചുമാണ് പീഡനം നടന്നത്. അതിക്രമം നടത്തിയവരെല്ലാം പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.

പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.