
പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ പീഡിപ്പിച്ചു. ആറുപേര്‍ കൂടല്‍ പൊലീസ് കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത നാലുപേരും പ്രായപൂര്‍ത്തിയായ രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ആയത്. 10 പേരാണ് പീഡിപ്പിച്ചതെന്നാണ് 13 വയസുകാരി നല്‍കിയിരിക്കുന്ന മൊഴി. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത എട്ടു പേരും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മറ്റ് രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പീഡനത്തിന് ഇരയാക്കി. പീഡനത്തിന് വഴിയൊരുക്കിയ പ്രതി പട്ടികയില്‍ ഉള്ള പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചു പൊലീസ് വിശദമായി അന്വേഷിക്കുന്നു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.സംഭവത്തില്‍ കൂടല്‍ പോലീസ് രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് പോലീസ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളിന് സമീപത്തുവെച്ചും, പിന്നീട് പ്രതികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ചുമാണ് പീഡനം നടന്നത്. അതിക്രമം നടത്തിയവരെല്ലാം പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്.
പുറത്തു നിന്നുള്ള ചിലരും പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ പൊലീസിന്റെ വിശദ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.














