കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം കണിച്ചാറില്‍ നടന്നു.കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ്. ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലാലി ജോസ്, വിനോയ് ജോര്‍ജ് , സിന്ധു സുരേഷ് ,ഭരണസമിതി അംഗങ്ങളായ തോമസ് പയ്യപ്പള്ളില്‍, ഷീബ തോമസ്,ജിബിന്‍ ജെയ്‌സണ്‍,ജില്‍സണ്‍ ഇടാത്തനാല്‍, മിനി,ബിന്ദു ജിമ്മി, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, അസി.സെക്രട്ടറി ഷൈജു വര്‍ഗീസ്, കുടുംബശ്രീ സി. ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീലത,കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, കൃഷി അസിസ്റ്റന്റ് ഇ.എം ശരത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ആറളത്ത് പകല്‍ സമയങ്ങളില്‍ പോലും ജനവാസമേഖലകളില്‍ ആന ഇറങ്ങുന്ന പ്രശ്‌നത്തിന് പരിഹാരമായി ആനമതില്‍ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറളത്ത് ദ്രുതകര്‍മ്മസേനയുടെ വണ്ടി തന്നെ ആന മറിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ആന റോഡില്‍ ഇറങ്ങുന്നു. ആനമതിലിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ വനം മന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകള്‍ ചേര്‍ന്ന് ഏതാനും പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആനയെ ആകര്‍ഷിക്കാത്ത കൃഷി രീതി അവലംബിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാട്ടുപന്നികളെ വെടിവെക്കാന്‍ തോക്ക് ലൈസന്‍സിനുള്ള അപേക്ഷയിന്മേല്‍ പെട്ടെന്ന് തീരുമാനമെടുക്കണം.
കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി ഉടമകള്‍ വെട്ടിതെളിക്കാത്ത വിഷയത്തില്‍ അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.
വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും മനുഷ്യ-കാട്ടാന സംഘര്‍ഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ട്.
ജില്ലയില്‍ സര്‍പ്പ വളണ്ടിയര്‍മാരുടെ കുറവുണ്ട്. മലയോരത്ത് തന്നെ കൊട്ടിയൂര്‍, കണിച്ചാര്‍ ഒഴികെ മറ്റിടങ്ങളില്‍ വേണ്ടത്ര സര്‍പ്പ വളണ്ടിയേഴ്‌സ് ഇല്ല. വളണ്ടിയേഴ്‌സ് ആവാന്‍ താല്‍പ്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നല്‍കിയാല്‍ പരിശീലനം നല്‍കാന്‍ വനം വകുപ്പ് തയ്യാറാണ്. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് വൈശാഖ്, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ കെ സുബൈര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ സി സച്ചിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലപ്പുറത്ത് ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു.മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് മാസിനാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 31 ന് വീടിന്റെ ടെറസില്‍ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍ വഴുതി തെന്നി വീണ് ഗേറ്റിന്റെ കമ്പിയിലേക്ക് വീഴുന്നത്. ഗേറ്റിന്റെ ഭാഗത്തോടുകൂടിയായിരുന്നു മുഹമ്മദ് മാസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ചത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് ഗേറ്റിന്റെ കമ്പികള്‍ മുറിച്ചു മാറ്റിയത്. 16 കാരന്റെ കഴുത്തിലാണ് ഗേറ്റിന്റെ കമ്പി തുളച്ചു കയറിയത്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.
രാജ്യത്തെ ലഹരിമരുന്ന് വില്‍പ്പനയുടെ പ്രധാന കേന്ദ്രമായി ടെലിഗ്രാം ആപ്പ് മാറിയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തല്‍. മ്യാന്മാറില്‍ നിന്നുള്ള വന്‍ ലഹരി ഒഴുകുന്നതിന് പുറമെ,പുതിയ സിന്തറ്റിക് ലഹരി മരുന്നകള്‍ രാജ്യത്തിന് ഭീഷണിയാകുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ടെലിഗ്രാമിന് എതിരെയുള്ള പുതിയ ആരോപണം.ലഹരിവസ്തു കടത്താനുള്ള പ്രധാന വഴിയായി ടെലിഗ്രാം ആപ്ലിക്കേഷന്‍ മാറിയെന്നാണ് NCB യുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ലഹരിമരുന്ന് പരസ്യങ്ങള്‍ക്കും വില്‍പ്പനയ്ക്കും ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു .
പബ്ലിക് ചാനലുകള്‍ വഴി ലഹരിമരുന്നുകളുടെ വിവരങ്ങളും, വിലയും ഡെലിവറി സൗകര്യങ്ങളും നല്‍കി വലിയൊരു ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ മ്യാന്മാറില്‍ നിന്ന് വടക്കുകിഴക്കന്‍ അതിര്‍ത്തികള്‍ വഴി വന്‍തോതില്‍ ലഹരി ഒഴുകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സായുധ ഭീകര ഗ്രൂപ്പുകളുമായും ഇ ലഹരിക്കടത്തിന് ബന്ധമുണ്ട്. അതേസമയം, ഹെറോയിനേക്കാള്‍ അഞ്ഞൂറ് ഇരട്ടി വീര്യമുള്ള ‘നൈറ്റസീന്‍സ്’ എന്ന പുതിയ സിന്തറ്റിക് മയക്കുമരുന്നും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.
എറണാകുളം പിറവം പുഴയില്‍ മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേരെന്ന് പൊലിസ്. ഇന്നലെ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍,യുവതിയുടെ ഭര്‍ത്താവിന്റെ മൃതദേഹവും കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശി നാരായണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ 13 വയസുകാരിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
പായിപ്ര സ്വദേശി വിജിമോള്‍ ആണ് മരിച്ചത്. യുവതിക്ക് കാഴ്ച പരിമിതി ഉണ്ടായിരുന്നു. പിറവത്തേക്ക് വന്ന കുടുംബത്തെ സന്തോഷത്തോടെ പാര്‍ക്കിന്റെ ഭാഗത്ത് കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും സന്തോഷത്തോടെ തിരിച്ചു പോകുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങളടക്കം കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വൈകുന്നേരത്തോടെയാണ് അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇവര്‍ ആരെന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് മൂവാറ്റുപുഴ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂര്‍ മുനയത്താണ് ഇയാള്‍ താമസിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ബുധനാഴ്ച മരിച്ച ആറുപേരില്‍ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനി ബാധിച്ചതാണെന്ന് സംശയിക്കുന്നു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരാളും മരണപ്പെട്ടു. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച്. നാലാം റാങ്ക് നേടി. എസ്സി/എസ്ടി വിഭാഗം ഉള്‍പ്പെടെയുള്ള മറ്റ് വിശദമായ റാങ്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു.
രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആല്‍ഫ്രഡ് ജെന്‍സണ്‍, തലാല്‍ ഷിഹാബുദ്ദീന്‍, കൃഷ്ണ ജെ മേനോന്‍, ജോഷ്വ എസ് ചുണ്ടാട്ട്, റിതിന്‍ രാജ് കെ എന്നിവരാണ് എന്‍ജിനീയറിങ്ങില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍.
ഫാര്‍മസിയില്‍ ഒന്നാം റാങ്ക് സ്വദേശി വിനായകന്‍ നാരായണനും, ജെസ്സി ജസ്റ്റിന്‍ രണ്ടാം റാങ്കും നേടി. ഇരുവരും തൃശൂര്‍ സ്വദേശികളാണ്. മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി. പ്രണവ് ജി സജീവ്, റെന നസ്റിന്‍, നിമീഷ് പി രാജന്‍, കേശവ്നാഥ്, മുരളീകൃഷ്ണ അശോക്, ഷഹാന ഷെറിന്‍ പിവി, വൈഷ്ണവി പി കി എന്നിവരാണ് ഫാര്‍മസിയില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയത്. 26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്.
വലിയ തയ്യാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു, കേരളത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 95,016 പേര്‍ പരീക്ഷയ്ക്ക് ഹാജരായിരുന്നു. സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ ഫലം വൈകിയതിനാല്‍ കുറച്ച് കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാനാണ് കീം ഫലപ്രഖ്യാപനം വൈക്കിയത്. എന്‍ജിനീയറിങ്ങില്‍ ആകെ 96,750 പേര്‍ പരീക്ഷയ്ക്ക് ഹാജരായത്തില്‍ 79,717 പേര്‍ യോഗ്യത നേടി മന്ത്രി വ്യക്തമാക്കി. എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനേയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ പരമാവധി സമയം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍ രണ്ടു തവണ സമയം നീട്ടി നല്‍കി. രാജ്യത്താകെ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തില്‍ 13 ശതമാനം കൂടി ഫലം പുറത്തു വരാനുണ്ട്. ഇതില്‍ വളരെ ചെറിയൊരു ശതമാനം എണ്ണം കുട്ടികളേ കേരളത്തില്‍ നിന്നുള്ളൂ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ 1 വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിപയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നത്. രോഗബാധിതന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാല്‍പ്പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ല്‍ അധികം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളന്‍കോയിലില്‍ കൃഷ്ണസ്വാമി അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് അദ്ദേഹം ജനിച്ചത്. നര്‍മബോധംകൊണ്ടും നിര്‍ബന്ധബുദ്ധികൊണ്ടും പ്രതിസന്ധികളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന നായകനായി തമിഴ് സിനിമയില്‍ തിളങ്ങിയ നായകനാണ് അദ്ദേഹം.
1983 ല്‍ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉര്‍വശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ഇദ്ദേഹം. 1979-ല്‍ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങള്‍ ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. മൗന ഗീതങ്ങള്‍, അന്ത ഏഴ് നാട്കള്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്, ചിന്ന വീട്, എങ്ക ചിന്ന രാസ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങള്‍. അഭിനയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. മിസ്റ്റര്‍ മരുമകന്‍ ഉള്‍പ്പെടെ മലയാള ചിത്രങ്ങളിലും വേഷമിട്ടു.
ഒരിടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു. ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഞായര്‍, തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ (28/06/2026) രാവിലെ 05.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.