Hivision Channel

ആറളത്ത് ആനമതില്‍ നിര്‍മ്മാണം വേഗത്തിലാക്കാനും കാട് വെട്ടിത്തെളിക്കാനും നിര്‍ദ്ദേശിച്ച് മന്ത്രി അഡ്വ. സണ്ണി ജോസഫ്

ആറളത്ത് പകല്‍ സമയങ്ങളില്‍ പോലും ജനവാസമേഖലകളില്‍ ആന ഇറങ്ങുന്ന പ്രശ്‌നത്തിന് പരിഹാരമായി ആനമതില്‍ നിര്‍മ്മാണം വേഗത്തിലാക്കാന്‍ പി.ഡബ്ല്യു.ഡി കെട്ടിടം വിഭാഗത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. പ്രദേശത്തെ കാട് വെട്ടി തെളിക്കാനും ആനകളെ തുരത്താനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ സമിതിയുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറളത്ത് ദ്രുതകര്‍മ്മസേനയുടെ വണ്ടി തന്നെ ആന മറിച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ പോലും ആന റോഡില്‍ ഇറങ്ങുന്നു. ആനമതിലിന്റെ നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കാന്‍ വനം മന്ത്രി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ കൃഷി രീതി മാറ്റുന്നത് സംബന്ധിച്ച് വനം, കൃഷി വകുപ്പുകള്‍ ചേര്‍ന്ന് ഏതാനും പഠനങ്ങള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആനയെ ആകര്‍ഷിക്കാത്ത കൃഷി രീതി അവലംബിക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുമെന്ന്
മന്ത്രി കൂട്ടിച്ചേര്‍ത്തു. കാട്ടുപന്നികളെ വെടിവെക്കാന്‍ തോക്ക് ലൈസന്‍സിനുള്ള അപേക്ഷയിന്മേല്‍ പെട്ടെന്ന് തീരുമാനമെടുക്കണം.

കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ ഭൂമി ഉടമകള്‍ വെട്ടിതെളിക്കാത്ത വിഷയത്തില്‍
അത്തരം ഭൂമികളുടെയും ഭൂവുടമകളുടെയും പട്ടിക തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.

വനമേഖലയ്ക്ക് പുറത്തുള്ള വ്യാജ വാറ്റും
മനുഷ്യ-കാട്ടാന സംഘര്‍ഷത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം നടത്തേണ്ടതുണ്ട്.

ജില്ലയില്‍ സര്‍പ്പ വളണ്ടിയര്‍മാരുടെ കുറവുണ്ട്. മലയോരത്ത് തന്നെ കൊട്ടിയൂര്‍, കണിച്ചാര്‍ ഒഴികെ മറ്റിടങ്ങളില്‍ വേണ്ടത്ര സര്‍പ്പ വളണ്ടിയേഴ്‌സ് ഇല്ല. വളണ്ടിയേഴ്‌സ് ആവാന്‍ താല്‍പ്പര്യമുള്ളവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് നല്‍കിയാല്‍ പരിശീലനം നല്‍കാന്‍ വനം വകുപ്പ് തയ്യാറാണ്.
ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍
മന്ത്രി നിര്‍ദേശിച്ചു.

അയ്യന്‍കുന്ന്, കൊട്ടിയൂര്‍, ഉദയഗിരി, കേളകം ഗ്രാമപഞ്ചായത്തുകളില്‍ സോളാര്‍ തൂക്കുവേലി നിര്‍മ്മാണം പുരോഗമിക്കുകയാണ്.

യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ് വൈശാഖ്, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ കെ സുബൈര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ. കെ സി സച്ചിന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *