
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി വൈശാഖ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. പെയ്ന്റിങ് തൊഴിലാളിയായ വൈശാഖിന് എലിപ്പനി സ്ഥിരീകരിച്ചത് തിങ്കളാഴ്ചയായിരുന്നു. വെളുത്തൂര്‍ മുനയത്താണ് ഇയാള്‍ താമസിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 13,747 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ബുധനാഴ്ച മരിച്ച ആറുപേരില്‍ രണ്ടുപേരുടെ മരണം ഡെങ്കിപ്പനി മൂലവും, രണ്ടുപേരുടേത് എലിപ്പനി മൂലവുമാണെന്ന് സ്ഥിരീകരിച്ചു. ഒരാള്‍ക്ക് എലിപ്പനി ബാധിച്ചതാണെന്ന് സംശയിക്കുന്നു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരാളും മരണപ്പെട്ടു. മലപ്പുറം, കൊല്ലം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.














