വന്ദേമാതരം വിവാദത്തില്‍ വിശദീകരണവുമായി ലോക് ഭവന്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് വിശദീകരണം. വന്ദേമാതരം പൂര്‍ണമായും ചൊല്ലാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചപ്പോള്‍ ലോക്ഭവന് നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ എന്ന വിചിത്ര വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നല്‍കിയത്.
എന്നാല്‍, ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കായി പ്രോട്ടോക്കോള്‍ വിഭാഗം നല്കിയ സര്‍ക്കുലറില്‍ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമര്‍ശം. നേരത്തെ വിഡി സതീശന് സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ലോക് ഭവന് നിര്‍ദേശ പ്രകാരം വന്ദേമാതരം മുഴുവന്‍ പാടിയത് വിവാദമായിരുന്നു.
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 21% കുറവ്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ഏഴ് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. വയനാട്ടില്‍ 49% കുറവ്. അധിക മഴ പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് ലഭിച്ചത്. മഴയുടെ ശക്തി കുറയും. വരുംദിവസങ്ങളില്‍ തീവ്രമഴ സാധ്യത കുറവ് ഇന്ന് നാല് വടക്കന്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്തെ ഗുണ്ടകള്‍ക്കെതിരായ ഓപ്പറേഷന് ഗ്രിപ്പിന്റെ ഭാഗമായി പട്ടിക തയ്യാറാക്കി പൊലീസ്. 300 ഗുണ്ടകളാണ് പൊലീസിന്റെ പട്ടികയിലുള്ളത്. ഒരാഴ്ച മുമ്പേ രഹസ്യമായി പൊലീസ് നീക്കം തുടങ്ങിയിരുന്നു. ഗുണ്ടകളുടെ സ്പോണ്‍സര്‍മാരെ കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചു. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവര്‍ത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാന്‍ പൊലീസ് കോടതിയെ സമീപിക്കാനും നീക്കമാരംഭിച്ചു.
ഗുണ്ടകളുടെ സ്പോണ്‍സര്‍മാരെ കുറിച്ച് ഇന്റലിജന്‍സിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശത്രുക്കളെ വിരട്ടാനും വകവരുത്താനും ഗുണ്ടകള്‍ക്ക് ചെലവാക്കുന്നത് കോടികളാണ്. മധ്യകേരളത്തിലെ വ്യവസായി ബെംഗളൂരുവില്‍നിന്ന് ഗുണ്ടകളെ കൊണ്ടുവന്നതിന്റെ വിവരങ്ങള്‍ പൊലിസിന് ലഭിച്ചു. വിദേശത്തക്ക് ഗുണ്ടകളെ അയച്ചും കുടിപ്പക തീര്‍ക്കാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരായ ഓപ്പറേഷന് തൂഫാന്റെ മറവില്‍ കൊച്ചിയില്‍ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഓപ്പറേഷന് ഗ്രിപ്പ് എന്ന പേരില്‍ സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് കേരള പൊലീസ് ആരംഭിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷന് നടത്തുന്നത്. അര്ജുന് ആയങ്കിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലുമായി 21 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്തെ ഗുണ്ടാ ബന്ധമുള്ളവര്‍, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍, റൗഡി ലിസ്റ്റില്‍ പെട്ടവര്‍ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ളവരും സഹായം നല്‍കുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്.
അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ സാധ്യത.കൊടും ക്രിമിനലെന്ന് റിപ്പോര്‍ട്ട് നല്‍കും. കാപ്പ ചുമത്തുന്നത് ആലോചനയിലെന്ന് എഡിജിപി. റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് നല്‍കും. വളപട്ടണത്ത് മാത്രം 12 കേസുകള്‍ ഉണ്ട്. ആകെ 23 കേസുകളില്‍ പ്രതിയാണ് ആയങ്കി. അര്ജുന് ആയങ്കിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസുകളുണ്ടെന്ന് എഡിജിപി പി വിജയന് വ്യക്തമാക്കി.
പൊലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളില്‍ അര്ജുന് ആയങ്കിയെ പിന്തുണച്ച് പോസ്റ്റും കമന്റും ഇട്ടവര്‍ക്ക് എതിരേ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പി വ്യക്തമാക്കി.
പൊലീസിനെ വെല്ലുവിളിക്കുക എന്നത് അര്ജുന് ആയങ്കിയുടെ തോന്നല്‍ മാത്രമാണെന്നും, അത് യഥാര്‍ത്ഥത്തില്‍ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും എഡിജിപി പി. വിജയന് വ്യക്തമാക്കി. ഗുണ്ടകള്‍ക്കെതിരെയുള്ള ‘ഓപ്പറേഷന് ഗ്രിപ്പ്’ മാരത്തോണ്‍ തുടരുമെന്നും, ഇതിന്റെ ഒരു ഘട്ടമാണ് ഞായറാഴ്ച പുലര്‍ച്ചെ അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ദൗത്യം ഇനിയും മുന്നോട്ട് പോകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളില്‍ അര്ജുന് ആയങ്കി നടത്തിയത് കേവലം ഷോ മാത്രമാണ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഇയാള്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് പിന്തുണ അറിയിക്കുകയും കമന്റുകള്‍ ഇടുകയും ചെയ്ത വ്യക്തികള്‍ക്കെതിരെയും കര്‍ശന അന്വേഷണവും നിയമനടപടികളും ഉണ്ടാകുമെന്ന് എഡിജിപി മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരെയും തേടി പൊലീസ് എത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ പൊലീസ് ആരംഭിച്ച ഓപ്പറേഷന് ഗ്രിപ്പ് മാരത്തോണ്‍ ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നിരവധി കേസുകളില്‍ പ്രതിയായ അര്ജുന് ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ നഗരത്തിലെ ഒരു അപാര്ട്മെന്റിലാണ് അര്ജുന് ഒളിവില്‍ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അര്ജുന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടികള്‍.
കോതമംഗലത്തിന് സമീപം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘം ചേര്‍ന്നെന്ന സംശയത്തില്‍ അര്ജുന് ആയങ്കിയെയും കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നല്കിയ കോതമംഗലം ഇന്‍സ്പെക്ടര്‍ക്കെതിരെയും ഊന്നുകല്‍ എസ്.എച്ച്.ഒയ്ക്ക് എതിരെയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പോലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പോലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടര്‍ന്നതാണ് തിരച്ചില്‍ ശക്തമാക്കാന്‍ കാരണം
കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ പോള്‍ കെ.പിയെ സസ്പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശം നല്കി.
ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ തഹസില്‍ദാര്‍ക്ക് വീഴ്ച പറ്റിയതായി കുടുംബവും ആരോപിച്ചിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം മാറ്റുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു. മൂന്നുദിവസം കഴിഞ്ഞാണ് രാജേഷിന്റെ മൃതദേഹം ലഭിക്കുന്നത്. വെള്ളത്തില്‍ കിടന്ന് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ണൂര്‍ പരിയാരം ആശുപത്രിയില്‍ നിന്ന് പൊതിഞ്ഞുകെട്ടി കൊടുത്തു വിട്ടത് ഫ്രീസര്‍ സൗകര്യം പോലുമില്ലാത്ത ആംബുലന്‍സില്‍ . തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ചാവക്കാട് വച്ച് കാര്യങ്ങള്‍ ശരിയല്ലെന്ന് മനസ്സിലായതോടെ ആംബുലന്‍സില്‍ നിന്ന് മറ്റൊരാംബുലന്‍സിലേക്ക് മൃതദേഹം മാറ്റിക്കയറ്റേണ്ട അവസ്ഥ വരെയുണ്ടായി.
സംസ്ഥാനത്ത് അതീവ ഗുരുതരമായ മഴക്കെടുതി പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍. ദുരന്തമുഖത്ത് പകച്ചു നില്ക്കുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയെന്നും പിണറായി വിജയന് പറഞ്ഞു. കേരളമാകെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം. സര്‍ക്കാരിന് പൂര്‍ണ പിന്തുണ ഉണ്ടാകും.
സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായി. ചെറുപുഴയിലും പേരാവൂരിലും വലിയ പ്രയാസം ഉണ്ടായി. ചെറുപുഴ ജോസ് ഗിരിയില്‍ ഒരാഴ്ച കഴിഞ്ഞിട്ടും റോഡ് ശെരിയാക്കിയില്ല. 2018ല്‍ ഉണ്ടായത് നൂറ്റാണ്ടിലെ വലിയ പ്രളയം ആണ്..സമാനമായ പ്രളയം ആണ് 2019ലുണ്ടായത്. കാലാവസ്ഥ മുന്നറിയിപ്പില്‍ മുന്‍കരുതല്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.വയനാട് തുരങ്ക പാതയില്‍ ഉണ്ടായ ദുരന്തവും ഇതിനു ഉദാഹരണം. മണ്ണിടിച്ചില്‍ അറിയിപ്പ് ഉണ്ടായിട്ടും വേണ്ട മുന്‍കരുതല്‍ ഉണ്ടായില്ല.
രാജേഷിന്റെ മൃതദ്ദേഹത്തോട് കാണിച്ച അനാദരവ്. ഒരു ഫ്രീസര്‍ ആംബുലന്‍സ് പോലും കൊടുക്കാന്‍ കഴിഞ്ഞില്ല. വീഴ്ച മാത്രമല്ല വലിയ അനാദരവാണ് ഇത്. റാന്നി മുങ്ങാന്‍ കാരണം മഴയ്ക്കൊപ്പം മൂഴിയാര്‍ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു വിട്ടത്. വ്യാപാരികള്‍ക്ക് ഉള്ള നഷ്ടപരിഹാരം അടിയന്തരമായി നല്‍കണം. കഴിഞ്ഞ സര്‍ക്കാര്‍ പുഴയിലെ മണലും ചെളിയും നീക്കാന്‍ പദ്ധതി ഇട്ടപ്പോള്‍ കോടതിയില്‍ പോയവരാണ് അന്നത്തെ പ്രതിപക്ഷം.
കടലില്‍ പോയവരെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവരെ ഒപ്പം നിര്‍ത്തണം ആയിരുന്നു. പക്ഷെ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് നല്ല സമീപനം അല്ല ഉണ്ടായത്. എല്ലാവരും ഒന്നിച്ചു നിന്ന് പ്രതിസന്ധികള്‍ മറികടക്കണം. പത്തനംതിട്ടയില്‍ ജില്ലാ അവലോകന യോഗത്തില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എല്‍എയെ മാറ്റി നിര്‍ത്തുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും.
ദുരന്തമുഖങ്ങളിലെ സേവനം മുതല്‍ ഭക്ഷണ വിതരണം, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍, ആരോഗ്യ രംഗത്തെ സേവനം, കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, റോഡ് ഗതാഗതം ക്രമീകരിക്കാനുള്ള സഹായം, അശരണര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ തുടങ്ങി സമസ്ത മേഖലകളിലും മനുഷ്യരുടെ കണ്ണീരൊപ്പാന്‍ വിവിധ സംഘടനകളായും ചെറു ഗ്രൂപ്പുകളായും വ്യക്തികളായും ഒഴുകുന്ന സന്നദ്ധ പ്രവര്‍ത്തനം ഏകോപിപ്പിച്ചു, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള പദ്ധതിയാണ് കരുതല്‍ കണ്ണൂര്‍.
ഇതുസംബന്ധിച്ച ആലോചനായോഗം ആഗസ്റ്റ് 10 വൈകീട്ട് നാലിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് അധ്യക്ഷത വഹിക്കും.
യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്സ് അസോസിയേഷന്, ബേക്കേഴ്സ് അസോസിയേഷന്, ബസ് ഓപ്പറേറ്റേഴ്സ് കൂട്ടായ്മ, ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മ, ടാക്സി ഉടമകളുടെ കൂട്ടായ്മ, ലോറി ഉടമകളുടെ കൂട്ടായ്മ, ലോട്ടറി വില്‍പ്പനക്കാര്‍, തൊഴിലാളി സംഘടനകള്‍, ലയണ്‍സ്, റോട്ടറി, ഇന്നര്‍വീല്‍ പോലുള്ള ക്ലബ്ബുകള്‍ എന്നിവയുടെയെല്ലാം പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാം.
സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് പിന്‍വലിച്ചാലും മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓറഞ്ച് അലർട്ട്
07/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം
08/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
07/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്
08/08/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാനുള്ള സാധ്യത മുന്നിൽ കാണണം.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വയ്ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്ക്കേണ്ടതുമാണ്.
ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്.
വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന വിദ്യാർഥികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2026 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2026/06/Orange-Book-of-Disaster-Management-2026_WithSECEdits-2026.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.