
സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് പിന്‍വലിച്ചാലും മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.














