Hivision Channel

Kerala news

കുട്ടികളെ ഇടകലര്‍ത്തി ഇരുത്തല്‍; നിര്‍ദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്

പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളില്‍ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്‌കൂള്‍ അന്തരീക്ഷം എന്നാക്കിമാറ്റി. ആണ്‍-പെണ്‍കുട്ടികളെ ഒരുമിച്ച് ഇരുത്തണമെന്ന നിര്‍ദ്ദേശനത്തിനെതിരെ വിമര്‍ശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് വിദ്യാഭാസ വകുപ്പ് നിര്‍ദ്ദേശം തിരുത്തിയത്.

രാജ്യത്ത് ടോള്‍ പ്ലാസകള്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സാധ്യമാക്കുക. ടോള്‍ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തില്‍ പരിഹരിക്കപ്പെടും. പുതിയ ടോള്‍ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ട് ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ടോള്‍ പ്ലാസയ്‌ക്കൊപ്പം ഫാസ്റ്റ് ട്രാക്കും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വര്‍ഷത്തില്‍ തന്നെ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകള്‍; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 5,27,416 ആയി.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും

പേരാവൂ:കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും അനുമോദനവും ഐഡി കാര്‍ഡ് വിതരണവും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഇ.ഒ. എ ജില്ലാ പ്രസിഡണ്ട് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് അസോസിയേഷന്‍ പേരാവൂര്‍ മേഖല കൗണ്‍സില്‍ യോഗവും ആഗസ്റ്റ് ഒന്നിന് പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചു പേരുടെ ജീവന്‍ രക്ഷിച്ച സി.ഇ.ഒ. എ അങ്കം ജിബിന്‍ ജോസഫിനുള്ള അനുമോദനവും അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണവുമാണ് പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നത്.

ചടങ്ങില്‍ മേഖലാ സെക്രട്ടറി ബി.കെ സക്കരിയ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ ഖാദര്‍ ഐഡി കാര്‍ഡ് വിതരണം നടത്തി. ഷാജി വണ്ടനാഴി, ജയിംസ് മരിയന്‍ , റോജര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക, സഹകരണ സംഘങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. സി.ഐ.ടി.യു പേരാവൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന സംഗമം അഡ്വ.കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.സി ഷാജു, പി.വി പ്രഭാകരന്‍, സി.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്‍സ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമാണിത്.

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയില്‍ ഈ വിഭാഗത്തില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഡി.എം കോഴ്സ് ആരംഭിക്കാന്‍ ഈ സംവിധാനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കുണ്ടാകുന്ന ഉദരം, കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങള്‍ക്കായുള്ള സ്പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം വഴി നല്‍കുന്നത്. ഇതോടൊപ്പം തന്നെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നല്‍കി വരുന്നു. പ്രതിവര്‍ഷം നാലായിരത്തോളം പേരാണ് എസ്.എ.ടി ആശുപത്രിയിലെ ഈ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. ഗുരുതര കരള്‍ രോഗം ബാധിച്ച കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.

പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികള്‍ക്ക് പീഡിയാട്രിക് ഗ്യാസ്ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടല്‍ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനും കരള്‍ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കള്‍ വിഴുങ്ങി വരുന്ന കുട്ടികളില്‍, വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നല്‍കുന്നത്. തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഒ.പി പ്രവര്‍ത്തിക്കുന്നത്.

പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം

കൊട്ടിയൂര്‍ :

കൊട്ടിയൂര്‍ : നീണ്ടുനോക്കി ടൗണിന് സമീപം പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പിന് മുന്നില്‍ ഓട്ടോറിക്ഷ സിഗ്നല്‍ ഇട്ട് റോഡരികിലുള്ള സ്ഥാപനത്തിലേക്ക് കയറ്റുന്നതിനിടെ പുറകിലുള്ള പിക്കപ്പ് ജീപ്പ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും പുറകുവശവും തകര്‍ന്നു. കൊട്ടിയൂര്‍ വെങ്ങലോടി സ്വദേശി നിധിന്റേതാണ് ഓട്ടോറിക്ഷ.

കേന്ദ്ര സായുധ പൊലീസ് സേന, ഡല്‍ഹി പൊലീസില്‍ എസ്‌.ഐ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഡല്‍ഹി പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്മെന്റിനായുള്ള ഓപ്പണ്‍ കോംപറ്റീറ്റീവ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും സെന്‍ട്രല്‍ & പൊലീസ് ഫോഴ്സ്സ് പരീക്ഷയും 2022 നവംബറില്‍ രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

പരീക്ഷയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ രണ്ട് ഒബ്ജക്റ്റീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യപേപ്പറുകളും തുടര്‍ന്ന് PST/PET, DME എന്നിവയും ഉണ്ടായിരിക്കും.

ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത/എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 30 രാത്രി 11 മണിവരെയാണ്. ആകെ 4,300 ഒഴിവുകളാണുള്ളത് (4,019 – പുരുഷന്മാര്‍ക്കുള്ള തസ്തികകള്‍; 281 – വനിതകള്‍ക്കുള്ള തസ്തികകള്‍).

ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 62,000 രൂപ ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ 2022 ജനുവരി ഒന്നാം തിയതി, 20-25 വയസ്സിനും ഇടയിലുള്ളവരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വയസ്സ് ഇളവ് ലഭിക്കും.

കേളകം പഞ്ചായത്ത് വികസന സമിതി യോഗം

കേളകം : ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന കേളകം പഞ്ചായത്ത് വികസന സമിതി യോഗത്തില്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന വികസന പദ്ധതികള്‍ വേഗത്തിലാക്കാന്‍ സമയബന്ധിതമായി നടപടികള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചു. യോഗത്തില്‍ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ ജോര്‍ജ്കുട്ടി കുപ്പക്കാട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കൂറ്റ്, എസ്.ടി രാജേന്ദ്രന്‍, എം.രമണന്‍, എം.വി മാത്യു മനക്കല്‍, കെ.എം അബ്ദുല്‍ അസീസ്, പൈലി വാത്യാട്ട്, കെ.പി ഷാജി, പഞ്ചായത്ത് മെമ്പര്‍മാരായ ടോമി, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴസാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

23-08-2022: ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ്

24-08-2022: ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസറഗോഡ്

എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

23-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ

25-08-2022:കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്

26-08-2022: എറണാകുളം, ഇടുക്കി

27-08-2022: എറണാകുളം, ഇടുക്കി

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2022’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

എറണാകുളം, ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ സമീപ ജില്ലകളിലെ മഴ കൂടി പരിശോധിക്കേണ്ടതുണ്ട്. സമീപ ജില്ലകളിലെയും വനമേഖലയിലെയും മഴയുടെ സ്ഥിതി വനം വകുപ്പുമായും പ്രാദേശിക ജനതയുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ശേഖരിച്ച് കൊണ്ട് ആസൂത്രണം നടത്തേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2022 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2022 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലേർട്ട് ആക്കി നിർത്തേണ്ടതാണ്.

മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും KSEB, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ഓറഞ്ച് ബുക്ക് 2022, https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf ഈ ലിങ്കിൽ കാണാവുന്നതാണ്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി