കൊവിഡ് വ്യാപനം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
കൊവിഡ് വ്യാപനത്തില്‍ കേരളമുള്‍പ്പടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. അഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വര്‍ധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പേര്‍ യാത്ര ചെയ്യാനുള്ള സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കി. ടിപിആര്‍ കൂടിയ ഇടങ്ങള്‍, രോഗ ക്ലസ്റ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതല്‍ ഡോസ് പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജിതമായി വാക്സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.