Hivision Channel

ഇവർ നെയ്തെടുക്കുന്നു പുതിയ സ്വപ്‌നങ്ങൾ

ചിറ്റാരിപറമ്പ്: ആദ്യം തൊഴിലായും പിന്നീട് കലയായും നെയ്ത്തിനെ ചേർത്തു പിടിച്ച ഇവർ ഇഴ തെറ്റാതെ ഊടും പാവും ചേർക്കുകയാണ്, ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര ഖാദി കേന്ദ്രത്തിൽ മൂന്നു മാസമായി നെയ്ത്ത് പരിശീലനം നേടുകയാണ് 12 വനിതകൾ.

ഒരു തൊഴിൽ സാധ്യത എന്ന നിലയിലാണ് പരിശീലനത്തിനായി ചേർന്നതെങ്കിലും നെയ്ത്തെന്ന കലയെ നെഞ്ചോട് ചേർക്കുകയാണിവർ.പരമ്പരാഗതവും വരുംതലമുറക്ക് പകർന്നു നൽകേണ്ടതുമായ അറിവ് സ്വായത്തമാക്കുന്നതിന്റെ സന്തോഷവും അഭിമാനവും ഇവർക്കുണ്ട്. ഖാദി ഗ്രാമവ്യവസായ ബോർഡാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിൽ പരിശീലന കേന്ദ്രം ഒരുക്കിയത്. 

ആറുമാസത്തെ പരിശീലനത്തിൽ പ്രതിമാസം 2000 രൂപ വീതം സ്‌റ്റൈപ്പെൻഡ് ലഭിക്കും. ഇത് പൂർത്തിയായാൽ അതേ കേന്ദ്രത്തിൽ മിനിമം വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലാളിയായി മാറും. പരിശീലന കേന്ദ്രവും ആൾക്കാരെയും തെരഞ്ഞെടുത്തത് പഞ്ചായത്താണ്. 65 അപേക്ഷകൾ ലഭിച്ചു. തറികളുടെ ലഭ്യതക്കനുസരിച്ച് ആദ്യഘട്ടത്തിൽ 12 ബി പി എൽ കുടുംബങ്ങളെ തെരഞ്ഞെടുത്തു. നിലവിൽ ഏഴ് തറികളാണ് ഖാദി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

11 പേർ നെയ്യുന്നു. ഒരാൾ നൂൽ ചുറ്റുന്നു. ഖാദി ബോർഡ് ഇൻസ്ട്രക്ടറാണ് പരിശീലനം നൽകുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമയം. ഇരട്ടക്കുളങ്ങര ജനകീയ മന്ദിരത്തിൽ കൂടി പരിശീലനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്. ഖാദി മേഖലയിലൂടെ 50 പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *