Hivision Channel

Kerala news

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് സാധിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മില്‍ ജൈവബന്ധം വളര്‍ത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മൂന്ന് കമ്മീഷനുകളെ സര്‍ക്കാര്‍ നേരത്തെ തന്നെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് മികച്ച സാമ്പത്തിക സഹായം ലഭ്യമാക്കും. ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും.

സര്‍ക്കാര്‍ ഖജനാവിലെ പണം നിര്‍ദ്ദിഷ്ട കാര്യത്തിന് തന്നെ ഉപയോഗപ്പെടുത്തണമെന്ന ഉത്തരവാദിത്തം സര്‍ക്കാരിന് എല്ലാ കാലത്തും ഉണ്ട്. അക്കാദമിക് കാര്യങ്ങളില്‍ സര്‍വകലാശാലകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകും. അത് ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമിക്കും. കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാന സൗകര്യപ്രവര്‍ത്തനത്തിന് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ധിപ്പിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ കരിയര്‍ ടു ക്യാംപസ് പദ്ധതി നടപ്പാക്കിയതടക്കം സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍വകലാശാലകളില്‍ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാര്‍ത്ഥ്യമാക്കും. മാനേജ്‌മെന്റുകളുടെ താത്പര്യം ഹനിക്കാതെ സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബില്‍ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 75,000ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം.

തിരക്ക് നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനം വഴി തീര്‍ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് ആവശ്യമായ ബസുകള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ ഇക്കാര്യം ഉറപ്പക്കാണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു

കോണ്‍ഗ്രസ് നേതാവ് ശ്രീദേവി രാജന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ കാഞ്ഞൂരില്‍ വച്ചായിരുന്നു അപകടം. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. എന്‍എസ്എസിന്റെ കാര്‍ത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയന്‍ മുന്‍ അധ്യക്ഷയായും ശ്രീദേവി രാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎന്‍ടിയുസി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാമെന്നും അനില്‍കാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പൊലീസ് അടക്കമുള്ള സംവിധാനങ്ങള്‍ മുന്നോട്ട് പോവുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി തുടരുന്നു. കുട്ടികളെ ക്യാരിയര്‍മാരാക്കുന്നതടക്കം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അനില്‍ കാന്ത് പറഞ്ഞു.

ഡിസംബര്‍ 19 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍
നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവല്‍.

ഡിസംബര്‍ 19 മുതല്‍ 31 വരെ കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 19,20,21 ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍,ഡിസംബര്‍ 24 ന് സോള്‍ ഓഫ് ഫോക്,ഡിസംബര്‍ 25 ന് ഊരാളി ബാന്‍ഡ് മ്യൂസിക് നൈറ്റ്സ്,ഡിസംബര്‍ 26 ന് ജി എസ് പ്രദീപ് ഷോ,

ഡിസംബര്‍ 28ന് റാസ ആന്റ് ബീഗം പെര്‍ഫോമന്‍സ്,ഡിസംബര്‍ 29ന് കവി മുരുകന്‍ കാട്ടാക്കടയുടെ മനുഷ്യനാകണം മെഗാ പോയട്രിക് ഷോ,

30 ന് നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് പെര്‍ഫോമന്‍സ്,ഫാഷന്‍ ഷോ,ബോഡി ബില്‍ഡിംഗ് ഷോ,സെമിനാര്‍,ഫ്ളവര്‍ഷോ,എക്സിബിഷന്‍ സ്റ്റാള്‍സ്,ബുക്ക് ഫെസ്റ്റിവല്‍,ഫുഡ്കോര്‍ട്ട്,കള്‍ച്ചറല്‍ ഫെസ്റ്റിവല്‍,സ്പോര്‍ട്സ് കോമ്പറ്റീഷന്‍,അഗ്രികള്‍ച്ചറല്‍ ഫെസ്റ്റിവല്‍,മെഡിക്കല്‍ ക്യാമ്പ്,നാടകം തുടങ്ങി കല സാംസ്‌കാരിക വിനോദ വിജ്ഞാന വിരുന്നൊരുക്കിക്കൊണ്ടുള്ള വിപുലമായ പരിപാടികളാണ് ഹാപ്പിനെസ് ഫെസ്റ്റിവലില്‍ നടക്കുക

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നിരുന്നു. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39920 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4125 രൂപയാണ്.

ദേശീയ കൈത്തറി ഫാഷന്‍ ഷോ;ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐ ഐ എച്ച് ടി) കോളേജ് ഓഫ് കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങുമായി ചേര്‍ന്ന് ഫെബ്രുവരിയില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ ഫാഷന്‍ ഷോയുടെ ലോഗോ പ്രകാശനം ചെയ്തു. മുതിര്‍ന്ന കൈത്തറി തൊഴിലാളി എലിയന്‍ ശങ്കരന്‍ ഹാന്‍ടെക്‌സ് പ്രസിഡണ്ട് കെ മനോഹരന് കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.
കൈത്തറി മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുക. ഫാഷന്‍, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ ഫാഷന്‍ ടെക്‌നോളജി കോളേജുകള്‍ മത്സരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 25,000 എന്നിങ്ങനെ സമ്മാനമായി നല്‍കും.
കണ്ണൂര്‍ കെടിഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, കണ്ണൂര്‍ നിഫ്റ്റ് അസി. പ്രൊഫസര്‍ പി ആര്‍ ദിവ്യ, കണ്ണൂര്‍ വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ടി സുബ്രഹ്മണ്യന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ഐ ഐ എച്ച് ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ ശ്രീധന്യന്‍, ടെക്നിക്കല്‍ സൂപ്രണ്ട് എം. ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.

കൈത്തറി ഉല്‍പാദന ചെലവ് കുറക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും

കണ്ണൂര്‍:കൈത്തറി മേഖലയിലെ ഉല്‍പാദന ചെലവ് കുറക്കാനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് വിദഗ്ധ സമിതി. കൈത്തറി മേഖല നേരിടുന്ന പ്രതിസന്ധി പഠിക്കാനും പ്രശ്ന പരിഹാരം നിര്‍ദേശിക്കാനും സര്‍ക്കാര്‍ നിയോഗിച്ച സംഘം ജില്ലയില്‍ കൈത്തറി സംഘങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്.കൈത്തറി മേഖലയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യം. അതിനായി നിലവിലെ ചില പദ്ധതികളില്‍ ഉള്‍പ്പടെ ആവശ്യമായ മാറ്റം വരുത്തേണ്ടി വരും. ഉല്‍പാദന ചെലവ് കൂടുന്നതാണ് ലാഭം കുറയാനുള്ള പ്രധാന കാരണം. അതിനാല്‍ ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉല്‍പാദന ചെലവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ സമിതി സര്‍ക്കാരിനെ അറിയിക്കും. ചെലവ് കുറയുമ്പോള്‍ വിപണിയില്‍ മറ്റ് ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാനാകും. വിപണി കീഴടക്കാന്‍ വൈവിധ്യപൂര്‍ണമായ ശ്രമങ്ങള്‍ സംഘങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ സീസണുകളിലാണ് കൂടുതലായും വില്‍പ്പന നടത്തുന്നത്. പകരം എല്ലാ സമയത്തും മെച്ചപ്പെട്ട വ്യാപാരം ഉണ്ടാക്കാനാകണം. വിദേശ രാജ്യങ്ങളില്‍ കൈത്തറിക്ക് മികച്ച സ്വീകാര്യതയുണ്ട്. കൈ കൊണ്ട് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്താകെ ആവശ്യക്കാര്‍ ഏറെയാണ്. അതിനാല്‍ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുമെന്ന് സമിതി അംഗങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാന ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍, ഹാന്‍ടെക്‌സ് പ്രസിഡണ്ട് കെ മനോഹരന്‍, മുന്‍ ഹാന്‍ഡ്‌ലൂം ഡയറക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അക്കാദമിക് പ്രതിനിധി പ്രൊഫ. ആനന്ദക്കുട്ടന്‍ ഉണ്ണിത്താന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി അസി. പ്രൊഫസര്‍ പി ആര്‍ ദിവ്യ, കണ്ണൂര്‍ വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ടി സുബ്രഹ്മണ്യന്‍ എന്നിവരാണ് സമിതിയിലുള്ളത്.
കണ്ണൂര്‍ കെടിഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ കൈത്തറി സംഘങ്ങള്‍, കണ്ണൂര്‍ ഹാന്റ് വീവ്, കൈത്തറി കയറ്റുമതിക്കാര്‍, കണ്ണൂര്‍ ഐ ഐ എച്ച് ടി, ജില്ലാ കൈത്തറി വികസന സമിതി തുങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഇവരുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും സമിതിയെ അറിയിച്ചു. മുഴുവന്‍ കാര്യങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് സംഘം അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് സംസാരിച്ചു. വ്യാഴാഴ്ചയാണ് വിദഗ്ധ സമിതി ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങള്‍ സന്ദര്‍ശിച്ചത്.

ജെന്‍ഡര്‍ ക്യാമ്പയിന്‍ നയി ചേതനയുടെ ആറളം പഞ്ചായത്ത് തല ഉദ്ഘാടനം

ആറളം: ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ മിഷന്‍ ആരംഭിച്ച ജെന്‍ഡര്‍ ക്യാമ്പയിന്‍ നയി ചേതനയുടെ ആറളം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് നിര്‍വഹിച്ചു.വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ സ്ത്രീകള്‍ സഹിക്കേണ്ടതില്ലെന്നും പ്രതികരിച്ചു മുന്നോട്ടു പോകണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്ന മുദ്രാവാക്യമാണ് കുടുംബശ്രീ ജന്‍ഡര്‍ ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.തുടര്‍ന്നു കുടുംബശ്രീ അംഗങ്ങള്‍ക്കായി ജന്‍ഡര്‍ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ നൈല്‍ കെ എന്‍ ക്ലാസെടുത്തു. അതിക്രമങ്ങള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സിഗ്നേച്ചര്‍ ക്യാമ്പയിനും, സി ഡി എസ് തല റാലിയും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജെസിമോള്‍ കെ ജെ അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയര്‍പേഴ്സണ്‍ ,കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ശ്രുതി എം എസ് എന്നിവര്‍ സംസാരിച്ചു.

പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം

കൊട്ടിയൂര്‍: പാല്‍ച്ചുരത്ത് കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിലിടിച്ച് അപകടം.ഒരാള്‍ക്ക് പരിക്ക്.കാറിലെ യാത്രക്കാരിയായ തില്ലങ്കേരി പള്ള്യം സ്വദേശിനി ഷീമയ്ക്കാണ് നിസാര പരിക്കേറ്റത്.ഷീമയെ പേരാവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തില്ലങ്കേരി പളള്യം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പാല്‍ച്ചുരം മാതാവിന്റെ ഗ്രോട്ടേയ്ക്ക് സമീപം വെച്ച് ബ്രേക്ക് നഷ്ട്ടപ്പെട്ട് ചെങ്കല്‍ കയറ്റി പോവുകയായിരുന്ന ലോറിയില്‍ ഇടിച്ചത്.