കൊട്ടിയൂര്‍ ബിജെപി 155ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്‌കൂള്‍ പ്രവര്‍ത്തി പരിചയമേളയില്‍ ബാംബു പ്രൊഡക്റ്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ കെ.എം സുചിത്രയെ അനുമോദിച്ചു.യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ ഭരത് അനുമോദന സദസ് ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് സുരേഷ് വയല്‍പുരയില്‍ അധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് മുരുകന്‍ , ബിജു, അഭിജിത്ത്,ബിജെപി മണ്ഡലം കമ്മറ്റി അംഗം കൊട്ടിയൂര്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു.ഒരാഴ്ചകൊണ്ട് 1400 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38840 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4855 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4030 രൂപയാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യണ്‍ കടക്കും. ഏറ്റവും പുതിയ യുഎന്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ല്‍ ഏകദേശം 8.5 ബില്യണിലേക്കും, 2050 ല്‍ 9.7 ബില്യണിലേക്കും 2100 ല്‍ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎന്‍ പുറത്തിറക്കിയ വാര്‍ഷിക വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട് റിപ്പോര്‍ട്ടില്‍ 1950ന് ശേഷം ആദ്യമായി 2020ല്‍ ലോകജനസംഖ്യ വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയായി കുറഞ്ഞതായും വ്യക്തമാക്കുന്നു. 2050-ഓടെ ലോകജനസംഖ്യ 9.7 ബില്യണും 2100-ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യുഎന്‍ കണക്കാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം വളരെ കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്കിലെ വര്‍ദ്ധനവ് കൂടുതലും കാണുന്നത്.
145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അതേസമയം 2023ല്‍ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎന്‍ വ്യക്തമാക്കുന്നു. ആഗോള ജനസംഖ്യ 700 കോടിയില്‍ നിന്ന് 800 കോടിയിലേക്ക് എത്താന്‍ 12 വര്‍ഷമെടുത്തപ്പോള്‍ അത് 900 കോടിയിലേക്കെത്താന്‍ ഏകദേശം 15 വര്‍ഷത്തോളമെടുക്കുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ച നിരക്ക് കുറയുന്നു എന്നതിന്റെ സൂചനയാണെന്നും വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്ക് ഈ വര്‍ഷം തുടക്കമാകും. ആറുമാസത്തില്‍ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ഉന്നയിച്ച പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണം. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ ഈ മാസം 30നകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ ഒരു കാരണവശാലും ഉദ്യോഗകയറ്റത്തിലൂടെ നികത്താന്‍ പാടില്ല. പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം.
ഇരിട്ടി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി, പടിയൂര്‍-കല്ല്യാട് പഞ്ചായത്ത്, പടിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ബാലാവകാശ വാരാചരണം പടിയൂര്‍-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിന്റ് വി.വി.രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍ ശിശുദിന സന്ദേശം നല്‍കി. പ്രധാനാധ്യാപിക എ.കെ.നിര്‍മ്മല, സ്‌കൂള്‍ കൗണ്‍സിലര്‍ എം.സെമീന എന്നിവര്‍ സംസാരിച്ചു.
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ചൈല്‍ഡ്ലൈന്‍ യുനിസെഫിന്റെ സഹായത്തോടെ നടത്തുന്ന സ്പോര്‍ട്സിലൂടെ വികസനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുഴത്തടം യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ മാറ്റി വെച്ച് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടണമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി സ്പോര്‍ട്സ് കിറ്റും, ഫസ്റ്റ് എയ്ഡ് കിറ്റും വിതരണം ചെയ്ത് കുട്ടികളെ മൊബൈല്‍/ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് കായിക വിനോദങ്ങളിലേക്ക് മനസ് തിരിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഗൗരി വിലാസം യുപി സ്‌കൂളിലെയും മുഴത്തടം യു പി സ്‌കൂളിലെയും 200 ഓളം കുട്ടികള്‍ പരിപാടിയുടെ ഭാഗമായി. ലോഗോ പ്രകാശനം ചെയ്ത് കുട്ടികള്‍ക്കൊപ്പം ഷൂട്ട് ഔട്ട് മത്സരത്തില്‍ പങ്കെടുത്ത ശേഷമാണ് കലക്ടര്‍ മടങ്ങിയത്. ചൈല്‍ഡ്ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, എക്‌സൈസ് വിമുക്തി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂത്തുപറമ്പ് യു പി, മാങ്ങാട്ടിടം യു പി, എടൂര്‍ സെന്റ് മേരിസ് യു പി, എടൂര്‍ സ്പെഷ്യല്‍ സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ ആറളം ഫാം, കേളകം ഹൈ സ്‌കൂള്‍, തലക്കാണനി ഗവ. യുപി സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ ഹൈ സ്‌കൂള്‍, പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്‌കൂള്‍, പയ്യന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഷേണായി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യന്നൂര്‍ എന്നിവ പദ്ധതിയുടെ ഭാഗമാവും.
കണ്ണൂര്‍:ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാനായി ബസ് സ്റ്റാന്റുകളില്‍ രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആദ്യം എത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളില്‍ കയറ്റി വിടുന്ന വിധം ക്രമീകരിക്കും. കുട്ടികളെ ബസ് സ്റ്റാന്റുകളില്‍ വരി നിര്‍ത്തുന്ന രീതിയുണ്ടാവില്ല. ഒരേ ബസില്‍ എല്ലാവരും കയറുന്ന സ്ഥിതി ഒഴിവാക്കും. നിലവിലെ സൗഹാര്‍ദ അന്തരീക്ഷം തുടരണമെന്ന് യോഗം നിര്‍ദേശം നല്‍കി. മിന്നല്‍ പണിമുടക്ക് ഉണ്ടാവില്ല. ബസുടമ-തൊഴിലാളി സംഘടനകളുടെ പിന്തുണയില്ലാത്ത പണിമുടക്കുകളെ നിയമപരമായി നേരിടും. ബസ് തൊഴിലാളികളുടെ ലൈസന്‍സ്, പെരുമാറ്റം എന്നിവ സംബന്ധിച്ച് ബസുടമകള്‍ പരിശോധന നടത്തണം. യോഗ്യരായവരെ മാത്രമെ ജോലിക്ക് നിയോഗിക്കാവൂ. ബസ് സ്റ്റാന്റുകളില്‍ വിദ്യാര്‍ത്ഥി ബസ് തൊഴിലാളി സംഘടനാ നേതാക്കള്‍ തമ്മില്‍ ആശയ വിനിമയമുണ്ടാക്കും. ബസ് പാസ് ദുരുപയോഗം അനുവദിക്കില്ല. സ്‌കൂള്‍ അസംബ്ലിയില്‍ ബസ് യാത്ര ബോധവത്കരണം നടത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. പെര്‍മിറ്റെടുത്തിട്ടും ഓടാതിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളെ പറ്റി ആര്‍ ടി ഒ തലത്തില്‍ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. വിവിധ ബസുടമ-ബസ് തൊഴിലാളി-വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും എ ഡി എം കെ കെ ദിവാകരന്‍, എ സി പി ടി കെ രത്‌നകുമാര്‍, റൂറല്‍ എ എസ് പി എ ജെ ബാലന്‍, ആര്‍ ടി ഒ ഇ എസ് ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
തില്ലങ്കേരി: ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് പഠനശിബിരം നടത്തി. ബി.ജെ.പി തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് എം.വി ശ്രീധരന്റെ അധ്യക്ഷതയില്‍ പുരളിമലയില്‍ നടന്ന പരിപാടി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മേഖല പ്രസിഡണ്ട് ജിനചന്ദ്രന്‍ മാസ്റ്റര്‍, മട്ടന്നൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി പി എസ് പ്രകാശ് എന്നിവര്‍ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ മനോജ് പടിക്കച്ചാല്‍,ആനന്ദവല്ലി, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരീഷ് ആലയാട് തുടങ്ങിയവര്‍ സംസാരിച്ചു.പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാന്‍ പ്രവര്‍ത്തനം ആരംഭിച്ച ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്കുവേണ്ട സഹായ സഹകരണങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും നിര്‍ദേശം നല്‍കി.