Hivision Channel

Kerala news

കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി

കേളകം: കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പാലക്ക ബാലന്‍ നഗറില്‍ കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തിയതിന് ശേഷം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സനോജ് രക്തസാക്ഷി പ്രമേയവും, പ്രഹ്ലാദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ ജോസഫ്, എന്‍.ആര്‍ സക്കീന, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ വാസു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ ചന്ദ്രന്‍, വി.ജി പത്ഭനാഭന്‍, എം.സി പവിത്രന്‍, ഏരിയ സെക്രട്ടറി എം.എസ് വാസുദേവന്‍, അഡ്വ. എം.രാജന്‍, സി.ടി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ.

രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. 

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു.

ഇവർ നെയ്തെടുക്കുന്നു പുതിയ സ്വപ്‌നങ്ങൾ

ചിറ്റാരിപറമ്പ്: ആദ്യം തൊഴിലായും പിന്നീട് കലയായും നെയ്ത്തിനെ ചേർത്തു പിടിച്ച ഇവർ ഇഴ തെറ്റാതെ ഊടും പാവും ചേർക്കുകയാണ്, ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര ഖാദി കേന്ദ്രത്തിൽ മൂന്നു മാസമായി നെയ്ത്ത് പരിശീലനം നേടുകയാണ് 12 വനിതകൾ.

ഒരു തൊഴിൽ സാധ്യത എന്ന നിലയിലാണ് പരിശീലനത്തിനായി ചേർന്നതെങ്കിലും നെയ്ത്തെന്ന കലയെ നെഞ്ചോട് ചേർക്കുകയാണിവർ.പരമ്പരാഗതവും വരുംതലമുറക്ക് പകർന്നു നൽകേണ്ടതുമായ അറിവ് സ്വായത്തമാക്കുന്നതിന്റെ സന്തോഷവും അഭിമാനവും ഇവർക്കുണ്ട്. ഖാദി ഗ്രാമവ്യവസായ ബോർഡാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിൽ പരിശീലന കേന്ദ്രം ഒരുക്കിയത്. 

ആറുമാസത്തെ പരിശീലനത്തിൽ പ്രതിമാസം 2000 രൂപ വീതം സ്‌റ്റൈപ്പെൻഡ് ലഭിക്കും. ഇത് പൂർത്തിയായാൽ അതേ കേന്ദ്രത്തിൽ മിനിമം വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലാളിയായി മാറും. പരിശീലന കേന്ദ്രവും ആൾക്കാരെയും തെരഞ്ഞെടുത്തത് പഞ്ചായത്താണ്. 65 അപേക്ഷകൾ ലഭിച്ചു. തറികളുടെ ലഭ്യതക്കനുസരിച്ച് ആദ്യഘട്ടത്തിൽ 12 ബി പി എൽ കുടുംബങ്ങളെ തെരഞ്ഞെടുത്തു. നിലവിൽ ഏഴ് തറികളാണ് ഖാദി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

11 പേർ നെയ്യുന്നു. ഒരാൾ നൂൽ ചുറ്റുന്നു. ഖാദി ബോർഡ് ഇൻസ്ട്രക്ടറാണ് പരിശീലനം നൽകുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമയം. ഇരട്ടക്കുളങ്ങര ജനകീയ മന്ദിരത്തിൽ കൂടി പരിശീലനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്. ഖാദി മേഖലയിലൂടെ 50 പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.

കെ.വി തോമസ് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി

കോളയാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.വി.തോമസ് മുപ്പത്തൊന്‍പതാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി. കൊമ്മേരി ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി. ഡി.സി.സി സെക്രട്ടറിമാരായ മുഹമ്മദ് ഫൈസല്‍, സി.ജി തങ്കച്ചന്‍, പാപ്പച്ചന്‍ മാസ്റ്റര്‍, കാഞ്ഞിരോളി രാഘവന്‍, സാജന്‍ ചെറിയാന്‍, കെ.എം രാജന്‍, കെ.വി.ജോസഫ്, ബിജു കാപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.

എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാന്‍ എക്‌സൈസ് വകുപ്പ് വെള്ളിയാഴ്ച മുതല്‍ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ റെയിഞ്ചുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തും. കര്‍ണാടക സംസ്ഥാനത്ത് നിന്നും വരുന്ന അനധികൃത മയക്ക് മരുന്ന്, മദ്യം എന്നിവയുടെ കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫോണ്‍ നമ്പര്‍: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇരിട്ടി 04902 472205, എക്‌സൈസ് റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍ 04902 473660, എക്‌സൈസ് റെയിഞ്ച് ഓഫീസ് പേരാവൂര്‍ 04902 446 800, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി – 04902 494666.

സ്മാര്‍ട്ട് ഗാര്‍ബേജ് പരിശീലനം നല്‍കി

പേരാവൂര്‍: ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള സ്മാര്‍ട്ട് ഗാര്‍ബേജ് പരിശീലനം നല്‍കി. വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ ക്ലാസുകള്‍ നയിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, അബിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

05-08-2022: ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം

06-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

07-08-2022: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

08-08-2022:കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

09-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ ‘ഓറഞ്ച് ബുക്ക് 2021’ ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.

എറണാകുളം, ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ സമീപ ജില്ലകളിലെ മഴ കൂടി പരിശോധിക്കേണ്ടതുണ്ട്. സമീപ ജില്ലകളിലെയും വനമേഖലയിലെയും മഴയുടെ സ്ഥിതി വനം വകുപ്പുമായും പ്രാദേശിക ജനതയുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ച് ശേഖരിച്ച് കൊണ്ട് ആസൂത്രണം നടത്തേണ്ടതാണ്.

നിലവിലെ മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2021 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.

താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24*7 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലേർട്ട് ആക്കി നിർത്തേണ്ടതാണ്.

മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റവന്യു ഉദ്യോഗസ്ഥർ, ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും KSEB, ഇറിഗേഷൻ, KWA വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2022 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2022/06/Orange-Book-of-Disaster-Management-2-2022.pdf ഈ ലിങ്കിൽ ലഭ്യമാണ്.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഇന്ത്യയില്‍ 20,551 പുതിയ കൊവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 20,551 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം നിലവില്‍ 1,35,364 ആണ്. 21,595 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,34,45,624 ആയി ഉയര്‍ന്നു. നിലവില്‍ രോഗമുക്തി നിരക്ക് 98.50 ശതമാനമാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,00,110 ടെസ്റ്റുകള്‍ നടത്തി. ഇതോടെ മൊത്തം പരിശോധനയുടെ എണ്ണം 87.71 കോടിയായി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം 5.14 ശതമാനവും 6.14 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,95,835 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു. 196.86 കോടിയിലധികം (1,96,86,41,625) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയ വ്യക്തമാക്കി.

ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് എ കെ ഡബ്ല്യു എയുടെ കൈത്താങ്ങ്

ആള്‍ കൈന്‍ഡ്‌സ് ഓഫ് വെല്‍ഡേഴ്‌സ് അസോസിയേഷന്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ സര്‍വ്വതും നശിച്ച പേരാവൂര്‍ തെറ്റുവഴിയിലെ കൃപാഭവന് സഹായം എത്തിച്ച് നല്‍കി.അരിയും പലവ്യഞ്ജനങ്ങളുമാണ് എത്തിച്ച് നല്‍കിയത്.

കൃപാഭവനില്‍ വെല്‍ഡിംഗ് ജോലിയുമായി സംബന്ധിച്ചുള്ള പ്രവര്‍ത്തികള്‍ അടുത്ത ദിവസങ്ങളില്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചെയ്ത് നല്‍കും.എ കെ ഡബ്ല്യു എ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനവും നടത്തി.

വാഹന പ്രചരണ ജാഥ

പേരാവൂര്‍: തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക,ആര്‍ എം എസ് ഓഫീസുകള്‍ അടച്ചുപൂട്ടുന്ന നടപടികള്‍ ഉപേക്ഷിക്കുക, ഡാക്മിത്ര, കോമണ്‍സര്‍വീസ് സെന്റര്‍ പദ്ധതി ഉപേക്ഷിക്കുക, പോസ്റ്റോഫീസ് സേവിംഗ്സ് ബാങ്ക് സംരക്ഷിക്കുക, ഒഴിവുള്ള എല്ലാ തസ്തികകളിലും നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 10 ന് തപാല്‍ ആര്‍.എം.എസ് ജീവനക്കാര്‍ നടത്തുന്ന അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി. ജാഥാ ലീഡര്‍ യൂണിയന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ മോഹനന്‍, കെ ശശി, എം.പി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.