കേരളം നക്‌സല്‍ മുക്തമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. ഈ ജില്ലകളില്‍ നക്‌സല്‍ പ്രവര്‍ത്തനം സജീവമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ നക്‌സല്‍ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല.
നക്‌സല്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ സേനകളെ ഈ ജില്ലകളിലെ പലയിടങ്ങളിലായി വിന്യസിച്ചിരുന്നു. അതില്‍ കേന്ദ്ര സഹായവും കേരളത്തിന് ലഭിച്ചിരുന്നു. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം വളരെ കുറവായത് കൊണ്ടാണ് നക്‌സല്‍ ബാധിത പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കള്‍ക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഇന്ത്യക്കാര്‍ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നില്‍ക്കണം.
ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാര്‍ ഒരുമിച്ച് നില്‍ക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കള്‍ പിന്തുണ അറിയിച്ചു. ലോകം മുഴുവന്‍ നമുക്ക് ഒപ്പം നില്‍ക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും. പഹല്‍ഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.
ഭീകരവാദികള്‍ക്കെതിരായ രോഷം ജനങ്ങള്‍ക്കിടയില്‍ അലയടിക്കുന്നു. ഭീകരാക്രമണത്തില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു.ആക്രമണം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ അപകടത്തില്‍ പരിക്കേറ്റ നവീനയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് സംശയം. സംഭവത്തില്‍ ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാര്‍ തലകീഴായി മറിഞ്ഞനിലയിലാണ്.
കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്‌റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്.
നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.
കണ്ണൂര്‍:സൗദി അറേബ്യയിലെ ജിദ്ദയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ കൂടിക്കാഴ്ച്ച നടത്തി.
ജിദ്ദയില്‍ വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചത് ഏറെ പ്രചോദനകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. അദ്ദേഹത്തെ കാണുമ്പോഴെല്ലാം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായതിന്റെ അഭിമാനവും സാധ്യതകളുമാണ് തിരിച്ചറിയുന്നത്. ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് സൗദി അറേബ്യയും, യുഎഇയും പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നടത്തിയ ദീര്‍ഘ വീക്ഷണത്തോടെയുളള ഇടപെടലുകള്‍ ശക്തമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും വന്ന് പിതാവ് ഡോ. ആസാദ് മൂപ്പന്‍ ജിസിസിയില്‍ സ്ഥാപിച്ച ആസ്റ്റര്‍ ശൃംഖലയുടെ വളര്‍ച്ച നോക്കികാണുമ്പോള്‍ ഏറെ അഭിമാനം തോന്നുന്നു. സമാധാനം, സമൃദ്ധി, ആഗോള സഹകരണം എന്നിവയില്‍ പ്രധാന മന്ത്രി പ്രകടിപ്പിക്കുന്ന ഊന്നല്‍ ഞങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെയും ഈ മേഖലയിലെയും വളര്‍ന്നു വരുന്ന ആരോഗ്യ പരിചരണ മേഖലക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യ മേഖല, നവീകരണം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ പ്രത്യേകിച്ചും ആഗോള തലത്തിലെ ആശയവിനിമയത്തില്‍ ഇന്ത്യയുടെ വളരുന്ന പ്രാധാന്യം ഈ സന്ദര്‍ശനം വീണ്ടും ഊട്ടിയുറപ്പിക്കുന്നു.
പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇതിനുപുറമെ വഴി മാറി പോകുന്നതിനാല്‍ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ചും മുന്‍കൂട്ടി വിവരം നല്‍കണം. യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അതേ സമയം വിമാനടിക്കറ്റ് നിരക്കുയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോയെന്ന കാര്യം വ്യക്തമല്ല.
വ്യോമപാതയടച്ച സാഹചര്യത്തില്‍ റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്റെ പേരില്‍ അന്താരാഷ്ട്ര യാത്രയില്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.
വഴി മാറി പോകുന്നതിനാല്‍ വിമാന യാത്രയിലെ സമയ ദൈര്‍ഘ്യമടക്കമുള്ള കാര്യങ്ങളിലും വഴിയില്‍ സാങ്കേതിക കാര്യങ്ങള്‍ക്കായി ഏതൊക്കെ വിമാനത്താവളങ്ങളില്‍ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യമടക്കം മുന്‍കൂട്ടി യാത്രക്കാരെ അറിയിക്കണമെന്നാണ് നിര്‍ദേശം. പുതിയ റൂട്ടിലൂടെ എത്ര സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണം. മെഡിക്കല്‍ കിറ്റുകളടക്കം ആവശ്യത്തിന് കരുതണം. അടിയന്തര ആവശ്യങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള വിമാനത്താവളങ്ങളില്‍ ആവശ്യമായ അറിയിപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയെടുത്ത കടുത്ത നടപടികള്‍ക്ക് പിന്നാലെയാണ് പാക് വ്യോമ മേഖലയില്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് രാജ്യാന്തര വിമാന സര്‍വീസുകളടക്കം വഴിതിരിച്ചാണ് പോകുന്നത്.
പഹല്‍ഗാം ആക്രമണ പശ്ചാത്തലത്തില്‍ ത്യശൂര്‍ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമന്റോകളെ നിയോഗിക്കും. ആന്റി ഡ്രോണ്‍ സിസ്റ്റവും നടപ്പാക്കുമെന്ന് ഡിജിപി അറിയിച്ചു.
രണ്ടുമാസം മുമ്പ് തന്നെ തൃശൂര്‍ പൂരം നടത്തിപ്പിനാവശ്യമായ നടപടികള്‍ പൊലീസ് കൈക്കൊണ്ടിട്ടുണ്ട്. 4000ത്തിലധികം പൊലീസിനെ വിന്യസിപ്പിക്കും. 35 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസിനെയാകും വിന്യസിപ്പിക്കുക.
കഴിഞ്ഞവര്‍ഷത്തെ തൃശൂര്‍പൂരം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ഇത്തവണ ഒരു പ്രശ്‌നവുമില്ലാതെ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞതവണത്തെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ സംസാരിച്ചിട്ട് കാര്യമില്ല.
തൃശ്ശൂര്‍ പൂരത്തിനെ കുറിച്ച് താന്‍ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാരാണ് പരിഗണിക്കുന്നത്. താന്‍ കൊടുത്ത റിപ്പോര്‍ട്ടിനെ പറ്റി പ്രതികരിക്കാനില്ല. പൂരം കലക്കലില്‍ ത്രിതല അന്വേഷണത്തില്‍ മനോജ് എബ്രഹാം നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാന്‍ ലോകം വത്തിക്കാനില്‍. സംസ്‌കാര ശുശ്രൂഷകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അല്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു.
പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് പാക്കിസ്താന്‍. ആക്രമണത്തില്‍ പങ്കില്ലെന്നും അന്വേഷത്തിന് സമ്മതമാണെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ബൂട്ടോ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി. സിന്ധുനദിയിലെ വെള്ളം തടഞ്ഞാല്‍ ചോരപ്പുഴ ഒഴുക്കുമെന്നാണ് ഭീഷണി പ്രസംഗം.
പഹല്‍ഗാം ആക്രമണം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ച കൊണ്ട് ഉണ്ടായതാണെന്നും പാക്കിസ്ഥാന് പങ്കില്ലെന്നും ആവര്‍ത്തിക്കുകയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സുതാര്യവും നിഷ്പക്ഷവുമായി അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ആര്‍മി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ അന്താരാഷ്ട്ര നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കട്ടെയെന്ന് പാക് പ്രതിരോധമന്ത്രിയും പറഞ്ഞിരുന്നു. നയതന്ത്ര യുദ്ധത്തില്‍ മുടന്തുമ്പോഴും ലോക രാജ്യങ്ങള്‍ ഒറ്റപ്പെടുത്തുമ്പോഴും പാക്കിസ്ഥാന്‍ നേതാക്കള്‍ പ്രകോപനം നിര്‍ത്തുന്നില്ല. സിന്ധു നദീ ജലം തടയാനുള്ള ഇന്ത്യന്‍ തീരുമാനത്തിനെതിരെ യുദ്ധം നടത്തുമെന്നാണ് ബിലാവല്‍ ബൂട്ടോ ഭീഷണി മുഴക്കുന്നത്. സിന്ധു നദീ ജലം പാക്കിസ്ഥാന്റേത് ആണെന്നും വെള്ളം തടഞ്ഞാല്‍ പകരം ചോരപ്പുഴ ഒഴുക്കുമെന്നുമാണ് ഭീഷണി.
യുദ്ധമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫും വെല്ലുവിളിച്ചു. ലണ്ടനിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന് മുന്നില്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍ ഇന്ത്യക്കാര്‍ക്കെതിരെ ഭീഷണി ആഗ്യം കാണിച്ചു.പാക്കിസ്ഥാനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയാണ് ആഗ്യം. ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ കേണല്‍ തൈമുര്‍ റാഹത്താണ് ആംഗ്യം കാണിച്ചത്.