പുതിയ റോഡുകള്‍ നിര്‍മ്മിച്ച് ആറ് മാസത്തിനകം കേടുപാടുകള്‍ ഉണ്ടായാല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ വിജിലന്‍സ് കേസെടുക്കും. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. പരിപാലന കാലയളവില്‍ കേടുപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. ഉണ്ടായാല്‍ കര്‍ക്കശ നടപടി ഉണ്ടാകും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകള്‍ ഡിസൈന്‍ഡ് റോഡുകളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാന്‍ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പേരാവൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പേരാവൂര്‍ ഡിവിഷന്‍ വിജയോത്സവം 2022 സംഘടിപ്പിച്ചു. പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ജില്ലാപഞ്ചായത്ത് അംഗം വി ഗീത, രഞ്ചുഷ, മണത്തണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സജി, പ്രിന്‍സിപ്പാള്‍ പ്രസീത ടി, പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിനോദ് എന്നിവര്‍ സംസാരിച്ചു.
പേരാവൂര്‍: ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണം മധുരം ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ധന സഹായ വിതരണം നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ ശശീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ശ്രീജിത്ത് സംസാരിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്.
സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോഡ് നേട്ടമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 30 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് കേരളത്തിലേക്ക് എത്തിയത്. കൊവിഡ് കാലത്തെ അതിജീവിച്ച് കേരളം ടൂറിസം രംഗത്ത് ഉയര്‍ന്നുവരികയാണെന്നും ഗതാഗത കണക്ടിവിറ്റിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് തിരുവനന്തപുരത്തെ ഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് സംഘടിപ്പിച്ച ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.
ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ ജില്ലയിൽ 143 കർഷക ചന്തകൾ ഒരുക്കും. കൃഷി വകുപ്പ് നേരിട്ട് നടത്തുന്ന 107 ചന്തകളുണ്ടാവും. ഹോർട്ടികോർപ്പിന്റെ മുപ്പതും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആറും ചന്തകളാണ് ഉണ്ടാവുക. കൃഷി വകുപ്പിന് കീഴിൽ 89 കൃഷിഭവൻ പരിധികളിലും അഞ്ച് ഫാമുകളിലും ആറ് അനുബന്ധ ഓഫീസുകളിലുമാണ് ചന്തകൾ നടക്കുക. ഇതിന് പുറമെ തെരഞ്ഞെടുത്ത ഏഴു പഞ്ചായത്തുകളിൽ പ്രത്യേക ചന്തകളുണ്ടാകും. പയ്യന്നൂർ ബ്ലോക്കിൽ 10, തളിപ്പറമ്പ് 15, കല്യാശ്ശേരി ഒമ്പത്, കണ്ണൂർ ഒമ്പത്, എടക്കാട് ഒമ്പത്, തലശ്ശേരി 12, പാനൂർ ഏഴ്, കൂത്തുപറമ്പ് ഒമ്പത്, പേരാവൂർ എട്ട്, ഇരിട്ടി ഒമ്പത്, ഇരിക്കൂർ 10 എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ചന്തകളുടെ എണ്ണം. കരിമ്പത്തെ ജില്ലാ ഫാം, കാങ്കോൽ, വേങ്ങാട്, ടി ഇന്റു ഡി ചാലോട്, കോക്കനട്ട് നഴ്സറി പാലയാട് എന്നീ ഫാമുകളിലാണ് ചന്തകൾ ഒരുക്കുക. ജില്ലാതല ഉദ്ഘാടനം സെപ്റ്റംബർ നാലിന് രാവിലെ 11ന് കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിക്കും. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകളും ഏഴു വരെ വിവിധ കേന്ദ്രങ്ങളിൽ യാത്ര നടത്തുന്നുണ്ട്. എല്ലാ ദിവസവും ജില്ലയിലെ വിവിധ വിപണികളിലെ വില അടിസ്ഥാനമാക്കി ജില്ലാ കൃഷി ഓഫീസിൽ നിന്ന് നേരിട്ട് സംഭരണ വിലയും വിപണന വിലയും നിശ്ചയിക്കുമെന്ന് മാർക്കറ്റിങ് വിഭാഗം അസി. ഡയരക്ടർ സി വി ജിതേഷ് അറിയിച്ചു.
എടത്തൊട്ടി: ഡി പോള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ആരവം 2കെ22 എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് മെഗാ തിരുവാതിര, വടംവലി,ഉറിയടി തുടങ്ങിയ മത്സരങ്ങളും നടന്നു. വിജയികള്‍ക്ക് ഫാ. ജോര്‍ജ് പൊട്ടയില്‍, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. പീറ്റര്‍ ഊരോത്ത്, ജോമി തെക്കേല്‍ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എം വി ഗോവിന്ദന്‍. എം വി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എം ബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സി.പി.എം സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സ്പീക്കറായി എ എന്‍ ഷംസീറിനെയും തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ രാജിവെച്ചതിനെ തുടര്‍ന്ന് വന്‍ അഴിച്ചുപണിയാണ് നടത്തിയത്. എം ബി രാജേഷിന്റെ വകുപ്പ് തീരുമാനിച്ചിട്ടില്ല. സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.
ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളില്‍ ഓണാഘോഷം പായം ഗ്രാമ പഞ്ചായത്ത് അംഗം പി. സാജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. നൗഫല്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.കെ ചിന്താമണി, സ്‌കൂള്‍ മാനേജര്‍ പി.സി ചന്ദ്രമോഹനന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തലി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി.