Hivision Channel

latest news

പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി; സംഭവം കോഴിക്കോട്

കോഴിക്കോട് ചെലവൂരില്‍ അരുംകൊല. പതിനാറുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പ്രതിയും കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുവുമായ അദിനാനെ അതേ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരില്‍ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. കള്ളന്‍ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചെലവൂര്‍ സ്വദേശിനി 16 കാരിയായ നസ്റീനയാണ് കൊല്ലപ്പെട്ടത്. ബന്ധുവായ കൊളത്തറ സ്വദേശി അദിനാനാണ് ക്രൂരകൃത്യം ചെയ്തത്. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ട ഉടനെ അദിനാനെ മുകളിലെ നിലയില്‍ മുറിയില്‍ പൂട്ടിയിട്ടാണ് പതിനാറുകാരിയുമായി വീട്ടുകാര്‍ ആശുപത്രിയില്‍ പോയത്. മടങ്ങിയെത്തി മുറി തുറന്നപ്പോള്‍ യുവാവിന്റെ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.ബന്ധുവായ അദിനാന്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസം. യുവാവിന്റെ സ്വാഭാവ ദൂഷ്യം പെണ്‍കുട്ടി കണ്ടുപിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഇട്ട് തുറന്നാണ് അദിനാന്‍ വീടിനകത്ത് കയറിയത്. വീട്ടിലെ സിസിടിവികള്‍ നശിപ്പിച്ച നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്ന് നിതിന്‍ രാജ് കരഞ്ഞു കൊണ്ട് ഇറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നിതിന്‍ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടെന്ന് ദൃക്സാക്ഷികളുടെ മൊഴിയും പൊലീസിന് ലഭിച്ചു.

മരണത്തിന് തൊട്ടുമുന്‍പ് നിതിന്‍ രാജിനെ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ഇത് വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നുണ്ട്. അതിനുമുന്‍പ് റാം എന്ന അധ്യാപകനുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഓഫീസില്‍ പ്രിന്‍സിപ്പല്‍ വിനോദ് മോനിയും മറ്റൊരു അധ്യാപകനുമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ നിന്ന് പുറത്തേക്ക് നിതിന്‍ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് മറ്റ് വിദ്യാര്‍ഥികളും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നിതിന് എന്തെങ്കിലും മോശം അനുഭവം ഉണ്ടിയിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം, സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരം എത്തി രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ ഇന്നലെ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികള്‍ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന്‍ പറഞ്ഞു.

ചുട്ടുപൊള്ളി കേരളം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചൂടുകൂടും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലകളില്‍ മലയോര മേഖലകളില്‍ ഒഴുകെ ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി.

കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

നിതിന്‍ രാജിന്റെ മരണം; ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ട് പരാതി കൈമാറും

കണ്ണൂര്‍ ദന്തല്‍ കോളജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ബന്ധുക്കള്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരില്‍ കാണുക. മകന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭര്‍ത്താവുമാണ് ഡിജിപിയെ കാണുക.

നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി യുവജന സംഘടനകള്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ ഒളിവില്‍ പോയി.

ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോ. റാം, ഡോ. സംഗീത എന്നിവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തത്. ഇവരുടെ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടെ, നിതിന്‍ രാജ് ലോണ്‍ ആപ്പ് വഴി വായ്പ എടുത്ത കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 15,000 രൂപ നിതിന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തെന്നും പലിശയടക്കം ഇത് 18,000 രൂപയായെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിന്‍ ആത്മഹത്യ ചെയ്ത ദിവസം അധ്യാപിക ലതാ ശശിധരന്റെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ വന്നിരുന്നു. ലതയുടെ നമ്പറാണ് റഫറന്‍സ് നമ്പറായി നല്‍കിയിരിക്കുന്നത് എന്നായിരുന്നു സന്ദേശം. എന്നാല്‍ ഈ നമ്പര്‍ നിതിന്‍ നല്‍കിയതാണോ അതോ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയതാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അധ്യാപികയുടെ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരളത്തില്‍ 79.63 ശതമാനം പോളിങ്, പോസ്റ്റല്‍ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണല്‍ ദിവസം മാത്രമേ ലഭ്യമാകൂ; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മും തപാലും ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അന്തിമ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ബൂത്തിലെത്തി വോട്ടു ചെയ്തവരുടെ വിശദമായ കണക്ക് പുറത്തുവിട്ടു. 99,40,379 പുരുഷന്‍മാര്‍ 1,13,03,410 സ്ത്രീകള്‍ 153 ട്രാന്‍സ് ജെന്‍ഡേഴ്‌സ് എന്നിവരുള്‍പ്പെടെ ആകെ 2,12,43,942 പേരാണ് ബൂത്തുകളില്‍ വോട്ട് ചെയ്തത്.

സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ കണക്കുകള്‍ പൂര്‍ണമാകൂ. നിലവില്‍ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. നടപടി ക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. സുതാര്യമായ നടപടികളാണ് സ്വീകരിച്ചത്. അന്തിമ കണക്കുകള്‍ സ്ഥിരീകരിക്കാന്‍ സമയം എടുക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

പോസ്റ്റല്‍, സര്‍വീസ് വീട്ടിലെ വോട്ട് കണക്കുകള്‍ പൂര്‍ണമായി നല്‍കിയിട്ടില്ല. 53,984 സര്‍വീസ് വോട്ട് കൗണ്ടിംഗ് ദിവസം വരെയുണ്ടായി. 96.3 ആണ് മുതിര്‍ന്ന പൗരന്മാരുടെ വോട്ട് ശതമാനം 60,734 ഭിന്ന ശേഷിക്കാര്‍ വോട്ട് ചെയ്തു. 96.7% ഹോം വോട്ട്. 32,172 അവശ്യവിഭാഗം വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%). 3,68,193 ആകെ പോസ്റ്റല്‍ വോട്ടുകള്‍.ലഭ്യമായ കണക്കുകള്‍ പ്രകാരം അന്തിമ പോളിങ് ശതമാനം 79.63 ആയിരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാര്‍ഹമെന്നും മുന്നറിയിപ്പ്. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം.

തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാം, കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അടങ്ങിയ വാട്‌സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. കേരളത്തില്‍ സിവില്‍ ഡിഫന്‍സ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ഔദ്യോഗിക അറിയിപ്പുകള്‍ക്കും മുന്നറിയിപ്പുകള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകള്‍, വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക. കേരളത്തില്‍ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

നിതിന്‍ രാജിന്റെ മരണം; റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍; അന്വേഷണത്തിന് ഉത്തരവിട്ടു

നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മീഷന്‍ അന്വേഷണത്തിനും ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു.

മരണത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. നടപടി നേരിട്ട രണ്ട് അധ്യാപകര്‍ക്ക് പുറമെ കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും, ലതയെന്ന അധ്യാപികയ്ക്കും മരണത്തില്‍ പങ്കുണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ആരോപിച്ചു.

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘മാപ്പ് പറയണം, ഒരു കോടി നഷ്ടപരിഹാരം നൽകണം’: ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

 ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ട പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി ജമാഅത്തെ ഇസ്‌ലാമി.

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രന്‍റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.

പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ശോഭ ജമാഅത്തെ ഇസ്‌ലാമിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു.