
കണ്ണൂര്‍ ദന്തല്‍ കോളജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ബന്ധുക്കള്‍ ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരില്‍ കാണുക. മകന്റെ മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും കുടുംബം കൈമാറും.നിതിന്റെ മാതൃ സഹോദരനും, സഹോദരി ഭര്‍ത്താവുമാണ് ഡിജിപിയെ കാണുക.
നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി യുവജന സംഘടനകള്‍ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ ഒളിവില്‍ പോയി.
ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോ. റാം, ഡോ. സംഗീത എന്നിവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രതിചേര്‍ത്തത്. ഇവരുടെ ഫോണുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അതിനിടെ, നിതിന്‍ രാജ് ലോണ്‍ ആപ്പ് വഴി വായ്പ എടുത്ത കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. 15,000 രൂപ നിതിന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തെന്നും പലിശയടക്കം ഇത് 18,000 രൂപയായെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. നിതിന്‍ ആത്മഹത്യ ചെയ്ത ദിവസം അധ്യാപിക ലതാ ശശിധരന്റെ ഫോണിലേക്ക് ലോണ്‍ ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ വന്നിരുന്നു. ലതയുടെ നമ്പറാണ് റഫറന്‍സ് നമ്പറായി നല്‍കിയിരിക്കുന്നത് എന്നായിരുന്നു സന്ദേശം. എന്നാല്‍ ഈ നമ്പര്‍ നിതിന്‍ നല്‍കിയതാണോ അതോ ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയതാണോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. അധ്യാപികയുടെ പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.














