കുട്ടികള്‍ക്ക് നല്‍കേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട വിറ്റാമിന്‍ എ മരുന്ന് വിതരണം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികള്‍ക്ക് നല്‍കേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകള്‍ ഈ മാസം പകുതിയോടെ ആശുപത്രികളില്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
കാസര്‍ഗോഡ് പാണത്തൂരിലെ മേരി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ ചാപ്പലിന്റെ ഗോഥിക് – നിയോ-ഗോഥിക് ശൈലിയിലുള്ള രൂപകല്‍പ്പനയ്ക്ക് മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗ് പ്രോജക്റ്റിലെ പ്രത്യേക ജൂറി അവാര്‍ഡ് ഇരിട്ടി ഗോഡ്സണ്‍ ബില്‍ഡ് ആന്‍ഡ് ഡെവലപ്പ് കണ്‍സള്‍ട്ടേഷന്റെ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റും ഡിസൈനറുമായ അമല്‍ ജോസിന് ലഭിച്ചു. 15.5 മീറ്റര്‍ ഉയരമുള്ള ടവറും പരിസ്ഥിതി സൗഹൃദമായ വെന്റിലേഷന് സംവിധാനവും ഉള്ള ഈ നിര്‍മ്മിതി സംസ്ഥാനത്തെ മികച്ച എഞ്ചിനീയറിംഗ് മികവിനുള്ള അംഗീകാരമാണ്.
ഇന്ന് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറയാനുള്ള ധീരത തന്നെയാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മഹാത്മാവാക്കി മാറ്റിയത്. സത്യഗ്രഹം ഗാന്ധിക്ക് സമരമാര്‍ഗമായിരുന്നു. പോരാട്ടങ്ങള്‍ അഹിംസയിലൂന്നിയായിരുന്നു. ജീവിതം നിരന്തര സത്യാന്വേഷണ പരീക്ഷണമായിരുന്നു. സത്യം, അഹിംസ, സമത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കാന്‍ ഗാന്ധിജി നിരന്തരം ശ്രമിച്ചു. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ചു. ഒരേസമയം വിശ്വാസിയായും യുക്തിചിന്തകനായും മതനിരപേക്ഷകനായും ജീവിച്ചു. പാരമ്പര്യത്തില്‍ ഉറച്ചുനിന്നപ്പോഴും ആധുനിക മൂല്യങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ടു.
ലണ്ടനിലെ നിയമ പഠനത്തിന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഗാന്ധിജി, അവിടെ വംശീയ വിവേചനത്തിനെതിരെ ശക്തമായി പോരാടി. 1915-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ചമ്പാരന്‍ സത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം, ഉപ്പു സത്യഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിലൂടെ, ഒരു തുള്ളി രക്തം പോലും ചിന്താതെ, സാമ്രാജ്യത്വത്തെ മുട്ടുകുത്തിക്കാനാകുമെന്ന് ഗാന്ധിജി ലോകത്തിന് കാണിച്ചുകൊടുത്തു.
ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്ന പല അനാചാരങ്ങള്‍ക്കെതിരെയും ഗാന്ധിജി ശക്തമായ നിലപാട് സ്വീകരിച്ചു. വിഭജനത്തിന്റെ മുറിവുകളുണക്കാന്‍ ശാന്തിദൂതുമായി ഇന്ത്യയിലുടനീളം സഞ്ചരിച്ചു. മാര്ട്ടിന് ലൂഥര്‍ കിംഗ് ജൂനിയര്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ മഹാരഥന്മാരെ സ്വാധീനിച്ചത് ഗാന്ധിയന്‍ ചിന്തകളായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പ്രസക്തിയേറി വരുന്ന കാലത്താണ് മറ്റൊരു ഗാന്ധിജയന്തി കൂടി കടന്നുപോകുന്നത്.
പേരാവൂര്‍:പെരുന്തോടി വേക്കളം എ.യു.പി സ്കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം നടത്തി. പുഷ്പാര്‍ച്ചന, ഗാന്ധിസന്ദേശങ്ങള്, കുട്ടികളുടെയും രക്ഷിതാക്കളുടേയും വിവിധ പരിപാടികള്‍ എന്നിവയും നടന്നു. ഇന്ദു.പി, ശ്രീജിത്ത് എ.ഇ, നിഷ വി.എ, ആശ്രീത്,സജ്ന ഒ , വൃന്ദ, രജില, എക്സിക്യൂട്ടീവ് അംഗം അമൃത വൈശാഖന്, പ്രജീഷ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഗവണ്മെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍. മരുന്നുകളുടെ റി ടെന്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകള്‍ക്കായുള്ള പര്‍ച്ചേസ് ഓഡര്‍ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. അതില്‍ ചില മരുന്നുകള്‍ക്ക് റീ ടെന്‍ഡര്‍ വിളിച്ചു. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് വൈകിപ്പിക്കുന്നത് വലിയ വിവാദമായതോടെയാണ് റി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
രാജസ്ഥാന്, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള ശ്രമത്തില്‍ തീരുമാനമായില്ല. കുടിശ്ശിക തീര്‍ക്കാന്‍ ധനവകുപ്പില്‍ നിന്നുള്ള അടിയന്തരസഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ച എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ല. കെ എം ഷാജിയെ 20 മിനിറ്റോളം വഴിയില്‍ തടഞ്ഞിട്ടും പൊലീസ് സാന്നിധ്യം ഉണ്ടായില്ലെന്നും വിമര്‍ശനവുണ്ട്. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളില്‍ ഡിജിപി കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്.
മന്ത്രിമാര്‍ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സുരക്ഷ ശക്തിപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നും കരിങ്കൊടി പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധമുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും കേസ് എടുക്കുക. കെ എം ഷാജിക്ക് എതിരായ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ച എന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടറിയേറ്റിന് അര കിലോമീറ്റര്‍ അകലെ നടന്ന പ്രതിഷേധത്തിലാണ് സുരക്ഷാ വീഴ്ച എന്നതാണ് ഏറ്റവും ഗൗരവതരം. കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
മന്ത്രി ഒജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി വി ഡി സതീശന്. അക്രമികളെയും ഗൂഢാലോചന നടത്തിയ നേതാക്കളെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരും. മന്ത്രിയുടെ വാഹനത്തിനു നേരെ നിരവധിതവണ ആക്രമണം ഉണ്ടായി. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിന് സിപിഐഎം ശ്രമിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ അത് അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്.
ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സി.പി.എം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സി.പി.എം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി സര്‍ക്കാരിനും എതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് മന്ത്രി ഒ.ജെ ജനീഷ് നേതൃത്വം നല്കിയതാണോ സി.പി.എമ്മിന്റെ പ്രശ്നം? പത്ത് വര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സി.പി.എമ്മും അവരുടെ ക്രിമിനല്‍ സംഘവും കരുതേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആക്രമണമുണ്ടായത്. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ചും ആക്രമണമുണ്ടായി. കല്ലുകൊണ്ടും കൈ കൊണ്ടും വാഹനത്തിന് മേല്‍ ആഞ്ഞടിച്ചു. കാസര്‍കോടേയ്ക്കുള്ള യാത്രക്കിടെയാണ് ആക്രമണമുണ്ടായത്. പയ്യന്നൂര്‍ കഴിഞ്ഞതിന് പിന്നാലെ മൂന്നാമതും ഒജെ ജനീഷിന്റെ വാഹനത്തിന് നേരേ പ്രതിഷേധമുണ്ടായി.
കോടിയേരി ബാലകൃഷ്ണന് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല
രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്. സംയമനം പാലിക്കേണ്ടിടത്ത് സംയമനം. കണിശമാകേണ്ടിടത്ത് കണിശത. എന്നതായിരുന്നു കോടിയേരിയുടെ ശൈലി. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിട്ട അസാമാന്യ സംഘാടക മികവ് വച്ചുപുലര്‍ത്തിയ നേതാവ്. കെഎസ്എഫില്‍ തുടങ്ങിയ പോരാട്ട ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയില്‍വാസം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തനം. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും തിളങ്ങി, കോടിയേരി.
കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു കോടിയേരി. പ്രക്ഷോഭ സമരപാതകളില്‍ അവരെ അണിനിരത്തി. വിഎസ് അച്യുതാനന്ദനും പിണറായിക്കുമിടയില്‍ പലതവണ പാലമായി മാറി കോടിയേരി. വിഭാഗീയത ഉയര്‍ന്നുവന്നപ്പോഴും പാര്‍ട്ടി നിലപാടുകളില്‍ ഉറച്ചുനിന്ന് അവയെ ചെറുത്തുകൊണ്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
സ്നേഹനിര്‍ഭരമായ പെരുമാറ്റം കൊണ്ട് നാട്ടുകാരുടെ ഹൃദയം കവര്‍ന്ന നേതാവ്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ പറഞ്ഞു. അസുഖബാധിതനായപ്പോഴും സ്വന്തം ബുദ്ധിമുട്ടുകള്‍ അവഗണിച്ച് പ്രസ്ഥാനത്തിനായി അവസാനം ശ്വാസം വരെ പോരാടി. കോടിയേരി വിട വാങ്ങിയപ്പോള്‍ പകരം വയ്ക്കാനാകാത്ത, കര്‍മധീരനായ ഒരു സഖാവിനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നഷ്ടമായത്.