
ഗവണ്‍മെന്റ് ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍. മരുന്നുകളുടെ റി ടെന്‍ഡര്‍ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ചു. പുതിയ സ്റ്റോക്ക് മരുന്നുകള്‍ക്കായുള്ള പര്‍ച്ചേസ് ഓഡര്‍ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പര്‍ച്ചേസ് ഓര്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്. അതില്‍ ചില മരുന്നുകള്‍ക്ക് റീ ടെന്‍ഡര്‍ വിളിച്ചു. റീ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വൈകിപ്പിക്കുന്നത് വലിയ വിവാദമായതോടെയാണ് റി ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
രാജസ്ഥാന്‍, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോര്‍പ്പറേഷനുകളുമായി സഹകരിച്ച് മരുന്നെത്തിക്കാനുള്ള ശ്രമത്തില്‍ തീരുമാനമായില്ല. കുടിശ്ശിക തീര്‍ക്കാന്‍ ധനവകുപ്പില്‍ നിന്നുള്ള അടിയന്തരസഹായം ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.














