വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം.
ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇദ്ദേഹം ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയാണ്.
മലയോര മേഖലയില്‍ ഇരിട്ടി കേന്ദ്രമായി വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ പഠന സൗകര്യം ഉറപ്പുവരുത്താനാണ് 2015 ല്‍ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം നോര്‍ത്ത് മലബാര്‍ എജുക്കേഷണല്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ സൊസൈറ്റിയുടെ കീഴില്‍ എഡ്യൂക്കേര്‍ അക്കാദമി എന്ന ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുകയും മുന്നോട്ടു പോവുകയും ചെയ്തിരുന്നു. അതോടൊപ്പം സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം എന്നുള്ള ഉദ്ദേശവും ഉണ്ടായിരുന്നു. ഈ ലക്ഷ്യത്തോടുകൂടിയാണ് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും പാര്‍ട്ടി അനുഭാവികളില്‍നിന്നുമായി ആയിരം രൂപ മുതലുള്ള ഷെയറുകള്‍ സമാഹരിക്കാന്‍ തീരുമാനിച്ചത് . എന്നാല്‍ പിന്നീട് വന്നിട്ടുള്ള നോട്ട് നിരോധനം, 2018 ലെയും19ലെയും പ്രളയങ്ങള്‍, കോവിഡ് മഹാമാരി.. തുടങ്ങിയവ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. ഷെയര്‍ ഇനത്തില്‍ പാര്‍ട്ടി ഘടകങ്ങളുടെ സഹായത്തോടെ കേവലം 24 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാന്‍ സാധിച്ചത് . പണം അടച്ചവര്‍ക്കെല്ലാം ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുമുണ്ട്. ലക്ഷ്യം വച്ചതുപോലെ ഷെയര്‍ സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സെല്‍ഫ് ഫിനാന്‍സിങ് കോളേജിന് അവശ്യ മായ സ്ഥലം കണ്ടെത്തുന്നതിന് സാധിച്ചില്ല.ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് ഇരിട്ടി നേരമ്പോക്ക് റോഡില്‍ 38 സെന്റ് സ്ഥലം സൊസൈറ്റിയുടെ കൈവശമാക്കിയിട്ടുള്ളത്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പാരലല്‍കോളേജ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി എന്നാല്‍ പിന്നീട് പാരലല്‍ രംഗത്ത് പൊതുവില്‍ പരമ്പരാഗ കോഴ്‌സുകളില്‍ കുട്ടികള്‍ ചേര്‍ന്നതില്‍ വന്നിട്ടുള്ള കുറവും അതുപോലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ വര്‍ദ്ധനവുമെല്ലാം സമാന്തര വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കിയിട്ടുള്ള പ്രശ്‌നങ്ങള്‍ എഡ്യൂക്കേര്‍ അക്കാദമിയെയും ബാധിച്ചു. സൊസൈറ്റി സമാഹരിച്ച തുകയേക്കാള്‍ വളരെ ഉയര്‍ന്ന മൂല്യം കൈവശമുള്ള ഭൂമിക്ക് ഉണ്ട്. ഇത് സൊസൈറ്റി ഭരണസമിതിക്കും പാര്‍ട്ടി കമ്മിറ്റികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യമുള്ളതാണ്.. വസ്തുത ഇതായിരിക്കെ നിക്ഷിപ്ത താത്പര്യത്തിന്റെ ഭാഗമായി മാധ്യങ്ങളിലൂടെ നടത്തുന്ന പ്രചരണം തള്ളികളയണ മെന്ന് സിപിഐഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പ്രസ്താവനയിലൂടെ അവശ്യപെട്ടു..
പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ റെയില്‍വേ ജീവനക്കാര്‍ പ്രതിഷേധത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഡിവിഷന്‍ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കും എന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മംഗളൂരുവില്‍ ജോലി ചെയ്യുന്ന 1500 തൊഴിലാളികളില്‍ 60% മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും വര്‍ഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്ത് ജോലി ചെയ്തവരാണെന്നും ഇവര്‍ ചാണ്ടിക്കാട്ടുന്നു.
അര്‍ഹതപ്പെട്ട സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം നടപ്പാക്കിയത് അംഗീകൃത സംഘടനകളോട് ചര്‍ച്ച നടത്താതെയാണെന്നാണ് ഇവര്‍ പറയുന്നത്. ഡിവിഷന്‍ വിഭജനം റെയില്‍വേയ്ക്ക് ഭരണപരമായ ഒരു നേട്ടവും നല്‍കുന്നില്ലെന്ന് ഡിആര്‍ഇയു ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ പേര് ഔദ്യോ?ഗികമായി കേരളം എന്നാക്കിയതോടെ, ഫയലുകളിലും രേഖകളിലും കേരള എന്നതിന് പകരം കേരളം എന്ന് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്നും ഇംഗ്ലീഷില്‍ M എന്നും മലയാളത്തില്‍ ആണെങ്കില്‍ o എന്നും മഷി കൊണ്ട് ചേര്‍ക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓഫീസ് നെയിം ബോര്‍ഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ലെന്നും പേരുമാറ്റത്തിന് വേണ്ടി മാത്രമായി പണം ചെലവാക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റര്‍ഹെഡുകള്‍, കവറുകള്‍, ഫോമുകള്‍, രജിസ്റ്ററുകള്‍, ഫയലുകള്‍, പ്രസിദ്ധീകരണങ്ങള്‍, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികള്‍ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂര്‍ണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തല്‍ വരുത്തി ഉപയോഗിക്കേണ്ടതാണെന്നും സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരില്‍ മാത്രം നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കി.
കേരള എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലുള്ള ഔദ്യോഗിക മുദ്രകള്‍, റബര്‍ സ്റ്റാമ്പുകള്‍, സമാന ഉപകരണങ്ങള്‍ എന്നിവ സാധാരണ നിലയില്‍ മാറ്റേണ്ട സാഹചര്യം ഉണ്ടാകുന്നതുവരെ ഉപയോഗിക്കാവുന്നതാണ്. ആവശ്യമായതും പ്രായോഗികവുമായ സാഹചര്യങ്ങളില്‍, അടിയന്തരമായി പുതിയ മുദ്രകള്‍ തയ്യാറാക്കുന്നതിനുപകരം മഷി ഉപയോഗിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഉപയോഗിക്കാവുന്നതാണെന്നും വ്യക്തമാക്കി.
60 പരിവാഹന്‍ സേവനങ്ങളും ആധാര്‍ ഒടിപി അധിഷ്ഠിതമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായാണ് ഈ മാറ്റമെന്ന് എംവിഡി അറിയിച്ചു. സെപ്റ്റംബര്‍ 21 മുതലാണ് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കുക.
വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍) പോര്‍ട്ടലുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് പൂര്‍ണമായും ഓണ്‍ലൈനായി അപേക്ഷിക്കാം. എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ അപൂര്‍ണ്ണമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും ബോധപൂര്‍വ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹന്‍ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു.
സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ജയിലില്‍ കഴിയുന്ന കാപ്പ തടവുകാരാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു തടവുകാരന് കുത്തേറ്റു. കോട്ടയം സ്വദേശിയായ മനുവിനാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശി അപ്പു എന്നയാളാണ് മനുവിനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് വിവരം.
അതിനിടെ, കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരന്റെ മര്‍ദനമേറ്റ സംഭവവുമുണ്ടായി. പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൈല്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അസി. പ്രിസണ്‍ ഓഫീസര്‍ ചില്‍നേഷ് ചന്ദ്രന് ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി. ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് എന്നാണ് ഇ കെ നായനാര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടി യാത്രകളും താണജാതിക്കാര്‍ കല്ലുമാല ധരിക്കണമെന്ന ആചാരത്തിനെതിരെ നടത്തിയ കല്ലുമാല ബഹിഷ്‌ക്കരണ സമരവും താഴ്ന്ന ജാതിക്കാരുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ പ്രക്ഷോഭവും കര്‍ഷകത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമായി നടത്തിയ കര്‍ഷകസമരവുമെല്ലാം ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകി.
നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനതയുടേയും അത്താണിയായിരുന്നു അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘം. തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ അയ്യന്‍- മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരുസമരമായിരുന്നു. 1912-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി നോമിനേറ്റ് ചെയ്യപ്പെട്ട അയ്യങ്കാളി രണ്ട് പതിറ്റാണ്ടുകാലത്തോളം നിയമസഭാ സാമാജികനായി തുടര്‍ന്നു. 1937 ജനുവരി 14ന് ഗാന്ധിജി അയ്യങ്കാളിയെ വെങ്ങാനൂരില്‍ ചെന്നുകണ്ട് ‘ഞാന്‍ താങ്കള്‍ക്കുവേണ്ടി എന്തുചെയ്യണം’ എന്നു ചോദിച്ചപ്പോള്‍ ‘അധഃസ്ഥിതരില്‍ നിന്നും പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം തനിക്ക് മരിക്കാന്‍’ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി.
മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഫെമ ചട്ടലംഘനത്തിന് കേസ് എടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട നടപടിയിലാണ് കേസ്. പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ ഉള്‍പ്പെടെ ഇഡി ശേഖരിച്ചു.
126 കോടി രൂപ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കൈമാറിയെന്നാണ് സ്പോണ്‍സറായ റിപ്പോര്‍ട്ട് ബ്രോഡ് കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. ഇതില്‍ വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം.
പണം അയച്ചതിന്റെ രേഖകള്‍, സ്പോണ്‍സര്‍ അവകാശപ്പെടുന്ന എഗ്രിമെന്റ് വിവരങ്ങള്‍ തുടങ്ങിയവ ഇഡി ശേഖരിച്ചു. പണമിടപാടുകളുടെ ഉറവിടം, ഗുണഭോക്താക്കള്‍, ഇടപാടിന്റെ സ്വഭാവം എന്നിവ പരിശോധിക്കും. വീഴ്ച കണ്ടെത്തിയാല്‍ പിഴയീടാക്കാനുള്ള നടപടിയിലേക്ക് ഇഡി കടക്കും.
126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജി.എസ്.ടി. വകുപ്പും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സൊ, മറ്റേതെങ്കിലും ഏജന്‍സിയോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള അന്വേഷണത്തിലേക്ക് ഇഡിയ്ക്ക് കടക്കാം.
അതേസമയം, മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജി.എസ്.ടി കമ്മീഷണര്‍ക്കാണ് എസ്ഐടി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. ജിഎസ്ടിയുടെ എസ് ഐ ടി വിഭാഗം നികുതി വെട്ടിപ്പില്‍ അന്വേഷണം നടത്തിയിരുന്നു. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലില്‍ മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ കഴിഞ്ഞദിവസം നല്‍കിയിരുന്നു.
നീറ്റ് പരീക്ഷ 2027 മുതല്‍ ഓണ്‍ലൈന്‍ ആയേക്കുമെന്ന് സൂചന. 2027ല്‍ പരീക്ഷ ഓണ്‍ലൈന്‍ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദന്‍ നിലേകനി പാനല്‍ അവതരിപ്പിച്ചത്. ജെഇഇ മാതൃകയില്‍ സിബിറ്റി പരീക്ഷ രീതിയില്‍ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതല്‍ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകള്‍ ഒരുക്കും. സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.
നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം ഇന്ന് നേപ്പാളിലേക്ക് തിരിക്കും. കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎല്‍എ നൗഷാദ് അലി പറഞ്ഞു.
പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍,ലക്ഷ്മി,ഋഷബ്,രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍ നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം ഇവരെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.