Hivision Channel

latest news

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.

സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

ഇന്ന് ഉത്രാടം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം ഉത്സവമാക്കാനുള്ള തിരക്കിലാണ് മലയാളികള്‍. ഓണം നിറവിന്റെ കൂടി ആഘോഷമാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കാനാണ് മലയാളിയുടെ ഉത്രാടപ്പാച്ചില്‍. സമൃദ്ധിയുടെ ഉത്സവം, സന്തോഷത്തിന്റെ ഉത്സവം, ഒത്തുചേരലിന്റെ ആഘോഷം. എല്ലാം പാരമ്യത്തിലെത്തുന്നത് തിരുവോണത്തിന്. അതെല്ലാം യാഥാര്‍ത്ഥ്യമാക്കാനുള്ള പാച്ചിലാണ് ഉത്രാടത്തിന്.

ഇന്ന് ഉത്രാടം Read More »

വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം.

റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണം. കഴിഞ്ഞ 3 മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടി അറിയിക്കണം. എല്ലാ RTO മാരും സെപ്റ്റംബര്‍ 3 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.

അതേസമയം, വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതില്‍ കൂടുതലായി ഒരു ലൈറ്റും വാഹനത്തില്‍ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വാഹനങ്ങളിലെ മോഡിഫിക്കേഷനില്‍ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും Read More »

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

ഓണം ദിവസമായ നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ,തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിനുള്ള വിലക്ക് ഇന്നും നാളെയും തുടരും. മറ്റന്നാളോടുകൂടി മഴ കുറയാനാണ് സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആണ് മഴ ശക്തിപ്പെടാനുള്ള കാരണം. കേരളം കര്‍ണാടക ലക്ഷദ്വീപീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്നും നാളെയും തുടരും.

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും Read More »

ഓണ നാളുകളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

ഓണ നാളുകളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാടത്തിനും തിരുവോണത്തിനും മഴ സാധ്യത ശക്തമാണെന്നും പ്രവചനമുണ്ട്. ഉത്രാട ദിനമായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് തിരുവോണ ദിവസം മഴക്ക് സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഓണ നാളുകളില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത Read More »

കണ്ണൂര്‍ പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍ പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് കയറി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു.കേടായിക്കിടന്നിരുന്ന മരം കയറ്റിയ ലോറിയില്‍ അറ്റാകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന മെക്കാനിക്കും അദ്ദേഹത്തിന്റെ സഹായിയ്ക്കുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്

കണ്ണൂര്‍ പിലാത്തറയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം Read More »

പെരുമ്പാവൂരില്‍ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

പെരുമ്പാവൂരില്‍ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ നെടുങ്ങപ്രയിലാണ് അപകടം ഉണ്ടായത്. പെരുമ്പാവൂര്‍ സ്വദേശി ജോഷ്വാ ബേസിലാണ് മരിച്ചത്. അച്ഛനോടൊപ്പം കടയില്‍ പോയി വരുമ്പോഴായിരുന്നു അപകടം. ടോറസ് അമിത വേഗത്തിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

പെരുമ്പാവൂരില്‍ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം Read More »

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ ആണ് കത്ത് അയച്ചത്. ഡിവിഷന്‍ വിഭജിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ആവശ്യപ്പെട്ടു. ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ലെന്നും കത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും കേന്ദ്ര റെയില്‍വേ മന്ത്രിയെ അറിയിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തില്‍ ഉണ്ട്.

തിരുവോണ ദിവസം പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ യുഡിഎഫ് പ്രതിഷേധിക്കും. വിഭജന തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവോണദിനത്തില്‍ പാലക്കാട് റെയില്‍വേ ഡിവിഷനുമുന്നില്‍ യുഡിഎഫ് എംപിമാര്‍ നിരാഹാരമിരിക്കും. രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് ഉള്‍പ്പെടെ നടത്താനാനാണ് ആലോചന. അതേസമയം ഇക്കാര്യത്തില്‍ നിലവില്‍ ഇടപെടേണ്ടതില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വിഷയത്തില്‍ യാഥാര്‍ത്ഥ്യം വിശദീകരിക്കാന്‍ മുതിര്‍ന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തി.

കേരളത്തിലെ ജനപ്രതിനിധികളെ പോലും അറിയിക്കാതെ റെയില്‍വേ പാലക്കാട് ഡിവിഷനിലെ മംഗളൂരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങള്‍ വെട്ടിമുറിച്ചതില്‍ പ്രതിഷേധം ശക്തം. വിഭജനം കര്‍ണാടക തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമെന്ന ആരോപണമാണ് കോണ്‍ഗ്രസിന്റേത്.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം Read More »

കണ്ണൂരില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തല്‍.

കണ്ണൂരില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തല്‍. സ്‌കൂളുകള്‍ക്ക് എതിരെ കേസ് എടുക്കാന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാജര്‍ പട്ടിക, അഡ്മിഷന്‍ രജിസ്റ്റര്‍, ഉച്ച ഭക്ഷണ രജിസ്റ്റര്‍ എന്നിവയിലും വന്‍ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്‌കൂളുകള്‍ക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് തീരുമാനം. അനുമതിക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

യൂണിഫോം, പാഠപുസ്തകങ്ങള്‍,ഉച്ചഭക്ഷണം തുടങ്ങിയവയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ ചില സ്‌കൂളുകള്‍ വ്യാജ രേഖ ഉണ്ടാക്കി. ഹാജര്‍ പട്ടിക, അഡ്മിഷന്‍ രജിസ്റ്റര്‍, ഉച്ച ഭക്ഷണ രജിസ്റ്റര്‍ എന്നിവയിലും വന്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. വ്യാജ മേല്‍വിലാസത്തില്‍ ഉള്ള കുട്ടികള്‍ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്.

ആദ്യ ഘട്ടത്തില്‍ ക്ലാസ്സ് അധ്യാപകര്‍ക്ക് എതിരെയും പ്രധാന അധ്യാപകര്‍ക്ക് എതിരെയും കേസ് എടുക്കും. തലശേരിയിലുള്ള സ്‌കൂളില്‍ ഒരു ക്ലാസില്‍ മാത്രം 19 കുട്ടികളെയാണ് അധികമായി ചേര്‍ത്തത്. ചില വിദ്യാര്‍ഥികളെ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.സമ്മര്‍ദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകര്‍ പറയുന്നത്. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കണ്ണൂരില്‍ അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരുടെ തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തല്‍. Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മലയോര മേഖലകളില്‍ മഴ കൂടുതല്‍ ശക്തമായേക്കും. കേരളം -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ഉത്രാടം,തിരുവോണം ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരദേശങ്ങളില്‍ ഇന്ന് ഉച്ചവരെ ഉയര്‍ന്ന തിരമാല മുന്നറിയിപ്പുണ്ട്. ഉത്രാടം ദിവസമായ 25-ാം തീയതി കോട്ടയം, എറണാകുളം ഇടുക്കി ജില്ലയില്‍ മഴ സാധ്യത പ്രവചിക്കുന്നു. ഓണദിവസം മഴ കുറയും എന്നാണ് വിലയിരുത്തല്‍.

25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »