
വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം.
റീലുകള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങള്‍ കണ്ടെത്തണം. കഴിഞ്ഞ 3 മാസക്കാലയളവില്‍ അനധികൃത മോഡിഫിക്കേഷനില്‍ എടുത്ത നടപടി അറിയിക്കണം. എല്ലാ RTO മാരും സെപ്റ്റംബര്‍ 3 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
അതേസമയം, വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. അനുവദനീയമായതില്‍ കൂടുതലായി ഒരു ലൈറ്റും വാഹനത്തില്‍ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.














